വിമാന ടിക്കറ്റിന് അവസാന നിമിഷം ഡിസ്‌കൗണ്ട്; നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് അധിക തുക; കമ്പനികളുടെ മറിമായം

ദീപാവലി സീസണില്‍ തിരിച്ചടി, വിമാന കമ്പനികള്‍ക്ക് പുതിയ തന്ത്രം
Airline
Image by Canva
Published on

വിമാന ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കുകളില്‍ ലഭിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ വിമാനകമ്പനികള്‍ കളം മാറ്റി ചവിട്ടുകയാണ്. അവസാന നിമിഷങ്ങളില്‍ ഒഴിഞ്ഞ സീറ്റുകളുമായി സര്‍വ്വീസ് നടത്തേണ്ടി വരുന്നത് ഒഴിവാക്കാന്‍ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വില്‍പ്പന. ഇതുമൂലം നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് കൂടിയ നിരക്കില്‍ യാത്ര ചെയ്യേണ്ടി വരുന്നു. ദീപാവലി സീസണില്‍ അവസാന മണിക്കൂറുകളില്‍ നിരക്കുകള്‍ കുറച്ച് വിമാനകമ്പനികള്‍ യാത്രക്കാരെ ഞെട്ടിച്ചു. ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നതു കൊണ്ട് സാമ്പത്തിക ലാഭമില്ലെന്നാണ് വിമാന കമ്പനികളുടെ മാറിയ നയങ്ങള്‍ സൂചിപ്പിക്കുന്നത്.

ദീപാവലിക്ക് നിരക്കുകള്‍ കുത്തനെ കുറഞ്ഞു

ഈ ദീപാവലി സീസണില്‍ ഡൊമസ്റ്റിക് സെക്ടറുകളില്‍ സ്‌പോട്ട് വിമാന നിരക്ക് 32 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍. ബംഗളൂരു-പൂനെ റൂട്ടില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള ശരാശരി ടിക്കറ്റ് നിരക്കുകള്‍ 2,879 രൂപയാണ്. എന്നാല്‍ ദീപാവലി തിരക്കുകള്‍ മുന്നില്‍ കണ്ട് നേരത്തെ ബുക്ക് ചെയ്തവര്‍ക്കാകട്ടെ 3,500 രൂപക്ക് മുകളില്‍ നല്‍കേണ്ടി വന്നു. കഴിഞ്ഞ ദീപാവലി  സീസൺ അപേക്ഷിച്ച് ഇത്തവണ നിരക്കുകൾ 32 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ബംഗളൂരു-പൂനെ സെക്ടറില്‍ ശരാശരി നിരക്ക് 4,232 രൂപയായിരുന്നു. ദല്‍ഹി,മുംബൈ, അഹമ്മദാബാദ്, ശ്രീനഗര്‍, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിരക്കുകളില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.

നഷ്ടം കുറക്കാന്‍ പുതിയ തന്ത്രം

എല്ലാ സീറ്റുകളിലും യാത്രക്കാരില്ലാതെ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്തേണ്ടി വരുന്നത് നഷ്ടസാധ്യത വര്‍ധിപ്പിക്കുന്നു. ഓരോ വിമാനത്തിലും പരമാവധി  യാത്രക്കാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് കുറഞ്ഞ റേറ്റുകളില്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗ് വിമാന കമ്പനികള്‍ പ്രോല്‍സാഹിപ്പിക്കുന്നത്. എന്നാല്‍ അപ്പോഴും സീറ്റുകള്‍ ബാക്കി വരുന്നത് വിമാന കമ്പനികളെ കുഴക്കുന്നുണ്ട്. ഇതാണ് കുറഞ്ഞ നിരക്കിൽ  അവസാന മണിക്കൂറുകളില്‍ ടിക്കറ്റുകള്‍ നല്‍കാന്‍ കാരണമാകുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കെന്ന പരിഗണന ഇതോടെ വിമാന കമ്പനികള്‍ ഒഴിവാക്കുകയാണ്. യാത്രക്കാരുടെ എണ്ണത്തേക്കാള്‍ എ.എസ്.കെ നിരക്കുകള്‍ (available seat kilometers) വര്‍ധിക്കുന്നത് വിമാന കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇത്തവണ ദീപാവലി സീസണില്‍ പ്രതീക്ഷിച്ച രീതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാട്ടില്ല. നവംബര്‍ ആദ്യനാളുകളില്‍ നിരക്കുകള്‍ കുറയാന്‍ ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com