

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര യാഥാർഥ്യമാകാൻ ഇനി കുറച്ചുകാലം കൂടി കാത്തിരുന്നാൽ മതിയാവും. 20 മണിക്കൂർ തുടർച്ചയായ ഫ്‌ളൈറ്റ് എന്ന സങ്കൽപ്പം പ്രാവർത്തികമാക്കാൻ ആസ്ട്രേലിയയിലെ ക്വാണ്ടസ് എയര്‍വേയ്സ് മുന്നോട്ട് വന്നിരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
സിഡ്‌നി മുതൽ ലണ്ടൻ വരെ- ഏതാണ്ട് ഭൂമിയുടെ പകുതിയോളം ദൂരം -ഈ വിമാനം പറക്കും. ഒരു വർഷം മുൻപ് ക്വാണ്ടസ് എയര്‍വേയ്സിന്റെ സിഇഒ ആയ അലൻ ജോയ്‌സ് ലോകത്തെ മുൻനിര വിമാനനിർമ്മാണ കമ്പനികളായ ബോയിങ്ങിനെയും എയർബസിനേയും ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്താൻ സാധിക്കുന്ന വിമാനം രൂപകൽപന ചെയ്യാൻ വെല്ലുവിളിച്ചത്.
ക്വാണ്ടസിന്റെ പദ്ധതിയനുസരിച്ച് 300 യാത്രക്കാരും, അവരുടെ ലഗേജും, ആവശ്യത്തിന് ഇന്ധനവും കൊണ്ടുപോകാൻ കഴിയുന്നതായിരിക്കണം ഈ വിമാനം.
പ്രൊജക്റ്റ് സൺറൈസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് വേണ്ടി രണ്ട് കമ്പനികളും മുന്നോട്ട് വന്നു. എന്നാൽ ക്വാണ്ടസ് തെരഞ്ഞെടുത്തത് എയർബസ് A350 നെയാണ്.
ബങ്ക് ബെഡ്ഡുകൾ, കുട്ടികൾക്കായി ക്രഷ്, മുതിർന്നവർക്കായി ജിം, ബാർ എന്നിങ്ങനെയുള്ള സൗകര്യങ്ങൾ വിമാനത്തിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine