
ലോകത്തിലെ അതിവേഗം വളരുന്ന വിമാനത്താവങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യയും. രണ്ട് ഇന്ത്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളാണ് ലോകശ്രദ്ധ നേടുന്നത്. യാത്രക്കാരുടെ വര്‍ധന, വിമാന സീറ്റുകളുടെ എണ്ണം, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഏവിയേഷന്‍ എ ടു ഇസെഡ് ഡോട്ട്കോം (aviationa2z.com) പഠനം.
ചൈനയിലെ ഗോംഗ്‌സു ബൈയുന്‍ വിമാനത്താവളമാണ് അതിവേഗം വളരുന്നവയില്‍ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മാത്രം 4,07,370 അധിക സീറ്റുകളാണ് ഇവിടെ വിവിധ വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം മെയ് മാസത്തെ കണക്കുകള്‍ പ്രകാരം 4.18 കോടി സീറ്റുകളാണ് ഇവിടെ നിന്നുള്ളത്. യൂറോപ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. ചൈനീസ് വിമാന കമ്പനികളുടെ പ്രധാന ഹബാണിത്.
രണ്ടാം സ്ഥാനത്തുള്ള ഹോങ്കോംഗ് വിമാനത്താവളം കഴിഞ്ഞ വര്‍ഷം 15 ശതമാനം വര്‍ധനയുണ്ടാക്കി. 4,04,053 സീറ്റുകളാണ് അധികമായി ഏര്‍പ്പെടുത്തിയത്. കാത്തായ് പസഫിക് എയര്‍ലൈന്‍സിന്റെ പ്രധാന ഹബാണിത്. മൂന്നാമത്തെ റണ്‍വെ കൂടി പ്രവര്‍ത്തന സജ്ജമായതോടെ കൂടുതല്‍ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്.
ചൈനയിലെ ഷാംഗായ് പുഡോംഗ് വിമാനത്താവളത്തിനാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം അധിക സീറ്റുകള്‍ 3,53,694. 2024 ല്‍ ഇവിടെ നിന്ന് യാത്ര ചെയ്തത് 4.1 കോടി പേര്‍. ചൈനയിലെ പ്രധാന കാര്‍ഗോ ഹബായും ഈ വിമാനത്താവളം പ്രവര്‍ത്തിക്കുന്നു.
വടക്കേ അമേരിക്കയിലെ ഫിനിക്‌സ് സ്‌കൈ ഹാര്‍ബര്‍ വിമാനത്താവളം, സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളം, കോലാലംപൂര്‍ വിമാനത്താവളം, ബാങ്കോക്ക്, ജപ്പാനിലെ ഒസാക കാന്‍സായ് വിമാനത്താവളം എന്നിവയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുള്ളത്.
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഹൈദരാബാദും ബംഗളുരുവുമാണ് പട്ടികയില്‍ ഉള്ളത്. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് നാലാം സ്ഥാനമാണ്. കഴിഞ്ഞ വര്‍ഷം സീറ്റുകളുടെ എണ്ണത്തില്‍ 25.6 ശതമാനമാണ് വളര്‍ച്ച. 3,39.828 സീറ്റുകളാണ് വിവിധ എയര്‍ലൈനുകള്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആകെ സീറ്റുകള്‍ 1.66 കോടിയായി ഉയര്‍ന്നു. ഗള്‍ഫ് സെക്ടറില്‍ തിരക്ക് വര്‍ധിക്കുന്ന ഹൈദരാബാദില്‍ നിന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങിയ വിദേശ കമ്പനികള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു വരികയാണ്.
ആറാം സ്ഥാനത്തുള്ള ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് 3,24,731 സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം അധികമായി ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ, വിസ്താര, എയര്‍ഇന്ത്യ എന്നിവയുടെ പ്രധാന സര്‍വീസ് മേഖലയാണിത്. വൈഡ് ബോഡി എയര്‍ലൈനുകള്‍ കൂടുതലായി ബംഗളുരുവില്‍ നിന്ന് ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ അടുത്ത കാലത്തുണ്ടായ വികസനം യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine