അവധിക്കാല ഓഫറുകളുമായി യു.എ.ഇ വിമാന കമ്പനികള്‍; കേരളത്തിലേക്ക് കൂടിയ നിരക്കുകള്‍ തന്നെ

അടുത്ത മൂന്നു മാസത്തേക്ക് നിരക്കുകളില്‍ 30 ശതമാനം വരെ ഇളവ്
Image: Canva
Image: Canva
Published on

വര്‍ഷാവസാനത്തെ അവധിക്കാലത്ത് ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് യു.എ.ഇ യില്‍ നിന്ന് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വമ്പന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍. ദുബൈ, അബുദബി എന്നിവിങ്ങളില്‍ നിന്ന് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങി മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് 30 ശതമാനം വരെ ഓഫറുകള്‍ നല്‍കുന്നത്. ഡിസംബര്‍ രണ്ടാം വാരം വരെ ഉയര്‍ന്ന നിരക്കുകളാണ് ഈടാക്കിയിരുന്നത്. എന്നാല്‍ വര്‍ഷാവസാനത്തെ രണ്ടാഴ്ചകളില്‍ നടത്തുന്ന ബുക്കിംഗിന് 30 ശതമാനം വരെ ഇളവുണ്ട്. അവധിക്കാലത്ത് കൂടുതല്‍ പേരെ യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് ഓഫറുകള്‍.

മൂന്നു മാസത്തെ കാലാവധി

മൂന്നു മാസം വരെ നീണ്ടു നില്‍ക്കുന്ന ഓഫറുകളാണ് ദുബൈ എയര്‍ലൈനായ ഫ്‌ളൈ ദുബൈ പ്രഖ്യാപിച്ചത്. ഡിസംബര്‍ 31 വരെ 30 ശതമാനം ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാം. മലേഷ്യയിലെ ലങ്കാവി, പെനാംഗ് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ഓഫര്‍. അലക്‌സാന്‍ഡ്രിയ, ബെല്‍ഗ്രേഡ്, ബുഡാപെസ്റ്റ്, ക്രാബി എന്നിവിടങ്ങളിലേക്കും ഫ്‌ളൈദുബൈ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഹോങ്കോംഗ് എയര്‍ലൈനായ കാത്തായ് പസഫികും പ്രത്യേക ഡിസംബര്‍ ഓഫറുമായി രംഗത്തുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് വണ്‍വേ ടിക്കറ്റിന് 400 ദിര്‍ഹത്തിന്റെ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ നിരക്കുകളില്‍ ബുക്ക് ചെയ്യാനാകും. വെറും 99 ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ അവതരിപ്പിച്ചാണ് അബുദബി എയര്‍ലൈനായ വിസ് എയര്‍ സഞ്ചാരികളിലെ ആകര്‍ഷിക്കുന്നത്.

ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഓഫറില്ല

അവധിക്കാലത്ത് വിവിധ ഏഷ്യന്‍ നഗരങ്ങളിലേക്ക് വിമാന കമ്പനികള്‍ ഓഫര്‍ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യന്‍ നഗരങ്ങളൊന്നും പട്ടികയില്‍ ഇല്ല. ക്രിസ്മസ് അവധിക്ക് കേരളമുള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വരുന്നവരുടെ എണ്ണം കൂടിയതോടെ നിരക്കുകള്‍ ഉയര്‍ത്തി പരിമാവധി വരുമാനമുണ്ടാക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളില്‍ 80 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. ക്രിസ്മസ് ദിനത്തിലും ന്യൂ ഇയര്‍ ദിനത്തിലും ഒഴികെ ദുബൈയില്‍ നിന്നുള്ള കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ കാല്‍ലക്ഷം രൂപയോളമാണ്. അവധിക്ക് ശേഷം ജനുവരി ആദ്യവാരം മുതല്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് വിവിധ യു.എ.ഇ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ഉയര്‍ന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com