പ്രീമിയം സേവനങ്ങളുമായി ഊബര്‍ വീണ്ടുമെത്തുന്നു; 'ബ്ലാക്ക്' ആദ്യമിറങ്ങുക മുംബൈയില്‍

ഇന്ത്യയില്‍ തിരിച്ചെത്തുന്നത് വിപണിയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്‌
പ്രീമിയം സേവനങ്ങളുമായി ഊബര്‍ വീണ്ടുമെത്തുന്നു; 'ബ്ലാക്ക്' ആദ്യമിറങ്ങുക മുംബൈയില്‍
Published on

ലക്ഷ്വറി വാഹനങ്ങളുമായി ഊബറിന്റെ പ്രീമിയം സേവനങ്ങള്‍ വീണ്ടും ഇന്ത്യയിലെത്തുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ച സെക്ടറിലേക്ക് 'ഊബര്‍ ബ്ലാക്ക്' സര്‍വ്വീസുകള്‍ വൈകാതെ പുനരാരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മുംബൈയിലാണ് സര്‍വ്വീസ് ആദ്യം തുടങ്ങുക. ഇന്ത്യയില്‍ ലക്ഷ്വറി കാര്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്, പത്തു വര്‍ഷം മുമ്പ് നിര്‍ത്തിയ പ്രീമിയം സര്‍വ്വീസ് പുനരാരംഭിക്കുന്നത്. വര്‍ധിച്ച ഡിമാന്റിന് അനുസരിച്ച് കമ്പനി ഈ സെക്ടറില്‍ മികച്ച സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി കഴിഞ്ഞതായി ഊബര്‍ മാനേജ്‌മെന്റ് അറിയിച്ചു. ലക്ഷ്വറി വാഹനങ്ങള്‍ക്കൊപ്പം മൂല്യമുള്ള സേവനവും ഊബര്‍ ബ്ലാക്കിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

തിരിച്ചെത്തുന്നത് തയ്യാറെടുപ്പോടെ

2013 ലാണ് ഊബര്‍ ബ്ലാക്ക് ഇന്ത്യയില്‍ സേവനം തുടങ്ങിയത്. മെര്‍സിഡസ്, ബി.എം.ഡബ്ല്യു, ഓഡി തുടങ്ങിയ കമ്പനികളുടെ കാറുകളുമായാണ് തുടങ്ങിയത്. എന്നാല്‍ ആ വര്‍ഷം തന്നെ ഇന്നോവ, ഹോണ്ട സിറ്റി, ടൊയോട്ട കൊറോള എന്നിവയിലേക്ക് ചുവടു മാറ്റി. ഒരു വര്‍ഷത്തിന് ശേഷം കമ്പനി ഈ സേവനം അവസാനിപ്പിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ വന്‍ നഗരങ്ങളില്‍ ഊബര്‍ ബ്ലാക്ക് തുടരുന്നുമുണ്ട്. ഇന്ത്യയില്‍ ഈ സേവനം നിര്‍ത്തിയതിന് കമ്പനി കാരണമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളിലെ മാറിയ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് വീണ്ടുമെത്തുന്നത്.

കോവിഡാനന്തര മാറ്റം

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം ബ്രാന്റുകളോടുള്ള താല്‍പര്യം കോവിഡ് കാലത്തിന് ശേഷം വര്‍ധിച്ചതായാണ് കമ്പനി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഫാഷന്‍, സൗന്ദര്യ വര്‍ധന, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, യാത്ര തുടങ്ങിയ മേഖലകളിലാണ് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഡിമാന്റ് വര്‍ധിച്ചിട്ടുള്ളത്. ലക്ഷ്വറി വാഹനങ്ങള്‍ക്കൊപ്പം കൂടുതല്‍ വേഗതയും സുരക്ഷയും മികച്ച ഡ്രൈവര്‍മാരുടെ സേവനവും ഉറപ്പാക്കാനാണ് ഊബര്‍ ബ്ലാക്ക് ലക്ഷ്യമിടുന്നത്. ഊബറിന് ഓഹരിയുള്ള കാര്‍ കമ്പനികള്‍ക്ക് പുറമെ ലക്ഷ്വറി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറുള്ള സ്വകാര്യ സംരംഭകരെയും ഉള്‍പ്പെടുത്തിയാകും ഊബര്‍ ബ്ലാക്കിന്റെ തിരിച്ചു വരവ്. മുംബൈ നഗരത്തിനകത്തുള്ള സേവനങ്ങള്‍ക്ക് പുറമെ, നഗരപരിധിക്ക് പുറത്തേക്കുള്ള യാത്രകളും പരിഗണനയിലുണ്ട്. വൈകാതെ മറ്റു നഗരങ്ങളിലും ഊബര്‍ബ്ലാക്ക് സേവനമെത്തുമെന്നും കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com