
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയില്‍ വിനോദ സഞ്ചാരം സാധ്യമാക്കുന്ന ജിസിസി ഗ്രാന്‍ഡ് വിസ നടപ്പാക്കാനുള്ള നീക്കം അവസാന ഘട്ടത്തില്‍. പുതിയ ഏകീകൃത വിസ ഉടനെ അനുവദിച്ചു തുടങ്ങുമെന്ന് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ജനറല്‍ സെക്രട്ടറി ജസീം അല്‍ ബുദൈവി വ്യക്തമാക്കി. ആറ് രാജ്യങ്ങളിലേക്ക് ടൂറിസ്റ്റുകള്‍ക്ക് ഒരൊറ്റ വിസയില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ഈ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ ധാരണയിലെത്തിയതായി അദ്ദേഹം പറഞ്ഞു.
ബഹറൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റുകള്‍ക്ക് ഒരു വിസ എടുത്താല്‍ മതി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഈ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനാകുമെന്ന് ജിസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഈ രാജ്യങ്ങളുടെ ടൂറിസം വരുമാനം വര്‍ധിപ്പിക്കാനും സഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനും ഇത് സഹായിക്കും. യൂറോപ്പിലെ ഷെന്‍ഗന്‍ വിസ മാതൃകയിലാകും ഇത് നടപ്പാക്കുക.
ജിസിസി ഗ്രാന്റ് വിസക്കുള്ള നിബന്ധനകള്‍ ഏറെ കുറെ തയ്യാറായിട്ടുണ്ട്. ഒരു വിസയില്‍ ഒന്നിലധികം രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകും. ടൂറിസം, ഫാമിലി യാത്രകള്‍ക്ക് ഉപയോഗിക്കാം. ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. 30 മുതല്‍ 90 ദിവസം വരെയാകും കാലാവധി. ഒരു രാജ്യത്തേക്ക് മാത്രമായോ ആറ് രാജ്യങ്ങളിലേക്ക് ഒന്നിച്ചോ വിസ തെരഞ്ഞെടുക്കാം. വിസ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine