trump and US tourism
trump and US tourismImage courtesy: Canva

ട്രംപിന്റെ നയങ്ങള്‍ തിരിഞ്ഞു കൊത്തുന്നോ?; യുഎസില്‍ ടൂറിസം മേഖലയില്‍ വന്‍ തിരിച്ചടി; വിമാന കമ്പനികള്‍ക്കും വരുമാന നഷ്ടം

ലാസ് വെഗാസ് വിമാത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 41 ശതമാനം കുറഞ്ഞായാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ കണക്കുകളില്‍ പറയുന്നത്.
Published on

ആഗോള തലത്തില്‍ ശത്രുക്കളെ വര്‍ധിപ്പിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം അമേരിക്കയുടെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി നല്‍കുന്നതായി കണക്കുകള്‍. വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞത് ഈ മേഖലയില്‍ നിന്നുള്ള അമേരിക്കയുടെ വരുമാനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. അനുബന്ധമായി വ്യോമയാന മേഖലയിലും ബിസിനസ് തിരിച്ചടി നേരിടുകയാണ്. യു.എസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഈ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറയുന്നതായാണ് കണക്കുകള്‍.

ലാസ് വെഗാസിലെ അനുഭവം

അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ലാസ് വെഗാസില്‍ ശൂന്യമായ ടെര്‍മിനലിലൂടെ നടക്കുന്ന അമേരിക്കന്‍ ടൂറിസ്റ്റിന്റെ വിഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് യു.എസ് ടൂറിസം, എയര്‍ലൈന്‍ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. ലാസ് വെഗാസ് വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 41 ശതമാനം കുറഞ്ഞതായാണ് വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ കണക്കുകളില്‍ പറയുന്നത്. അമേരിക്കന്‍ ടൂറിസം മേഖലക്ക് 2,900 കോടി ഡോളറിന്റെ നഷ്ടം ഇതിനകം ഉണ്ടായതായി കൗണ്‍സിന്റെ കണക്കുകളെ അടിസ്ഥാനമാക്കി ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടൂറിസം കൗണ്‍സിന്റെ പഠന പ്രകാരം 2025 ല്‍ ടൂറിസം മേഖലയില്‍ നിന്ന് വരുമാന നഷ്ടമുണ്ടായ ഏക രാജ്യം അമേരിക്കയാണ്.

ലാസ് വെഗാസ് നഗരത്തില്‍ ഹോട്ടലുകളിലെ ബുക്കിംഗില്‍ 6.5 ശതമാനം കുറവുണ്ടായി. ഇത് റൂമുകളുടെ വാടക 194 ഡോളറില്‍ നിന്ന് 163 ഡോളറായി കുറയുന്നതിനും കാരണമായതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പ്രസിഡന്റിന്റെ പങ്ക്

വിദേശ ടൂറിസ്റ്റുകള്‍ അമേരിക്കയെ ഒഴിവാക്കുന്നതായാണ് രാജ്യത്തെ ടൂറിസം മേഖലയിലെ സേവനദാതാക്കള്‍ പറയുന്നത്. യുഎസിലേക്ക് എത്തിയിരുന്നവര്‍ ജപ്പാനിലേക്കാണ് കൂടുതലായി പോകുന്നത്. പെട്ടെന്നുണ്ടായ തിരിച്ചടിക്ക് കാരണമായി, പ്രസിഡന്റ് ട്രംപിന്റെ നയങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശികള്‍ക്കുള്ള വിസകളില്‍ കടുത്ത നിയന്ത്രണവും ഉയര്‍ന്ന വിസ ഫീസുകളും ഏര്‍പ്പെടുത്തിയത് ടൂറിസ്റ്റുകളെ പിന്തിരിപ്പിച്ചു. അമേരിക്കയില്‍ ആഭ്യന്തര സെക്ടറില്‍ വിമാന നിരക്കുകളുടെ വര്‍ധന, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം എന്നിവയും കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ മാര്‍ക്കറ്റിംഗ് കാമ്പയിനുകളിലൂടെ മാത്രമേ നഷ്ടപ്പെട്ട സന്ദര്‍ശകരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുവെന്നാണ് ടൂറിസം, ഏവിയേഷന്‍ രംഗത്തുള്ള കമ്പനികള്‍ പറയുന്നത്. വിസ നയങ്ങളില്‍ അമേരിക്ക ഇളവ് വരുത്തുകയോ ട്രംപിന്റെ നയങ്ങളോട് ലോകം പൊരുത്തപ്പെടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് പഴയ രീതിയില്‍ സന്ദര്‍ശകര്‍ എത്തുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com