ഗെറ്റ് സെറ്റ് ഗോ... ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 59 രാജ്യങ്ങളിലേക്ക് പറക്കാം! ഏതൊക്കെ രാജ്യങ്ങള്‍? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വിസ ഫ്രീ യാത്ര വളരെ എളുപ്പമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അനാവശ്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്
a women traveler sitting on a lake
canva
Published on

മുന്‍കൂട്ടി വിസയെടുക്കാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി 59 രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്ന് ജൂലൈ മാസത്തിലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. നേരത്തെ 85ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ 77ാം സ്ഥാനത്തെത്തി. വിസ ഫ്രീ, വിസ ഓണ്‍ അറൈവല്‍, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണിത്.

എന്താണ് വിസ ഫ്രീ യാത്ര?

ചില രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി അനുമതി തേടാതെ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. ഇതിനര്‍ത്ഥം ആ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവിടുത്തെ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നല്ല. മറിച്ച് യാത്ര ചെയ്യുന്നതിന് തൊട്ടുമുമ്പോ രാജ്യത്ത് എത്തിച്ചേരുന്ന അവസരത്തിലോ എളുപ്പത്തില്‍ വിസ ലഭിക്കുമെന്നാണ്. ഉദാഹരണത്തിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടുള്ള ഒരാള്‍ക്ക് റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍കൂട്ടി അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ കാനഡ പോലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ തന്നെ വിസ അനുവദിക്കും.

എന്താണ് ഉപയോഗം

മുന്‍കൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. സമയലാഭം തന്നെയാണ് ഏറ്റവും വലിയ ഉപയോഗം. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന അപേക്ഷാ പ്രക്രിയ, എംബസി സന്ദര്‍ശം, അനുമതിക്കായുള്ള കാത്തിരിപ്പ് എന്നിവ ഒഴിവാക്കാം. വിസ അപേക്ഷക്ക് വേണ്ടി വരുന്ന സാമ്പത്തിക ചെലവും ഒഴിവാക്കാം. എന്നാല്‍ ചില രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസക്ക് പണം ഈടാക്കുന്നുണ്ട്. പെട്ടെന്ന് തീരുമാനിക്കുന്ന യാത്രകള്‍ പോലും സാധ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങള്‍ പരിചയപ്പെടാം.

വിസ വേണ്ടാത്ത രാജ്യങ്ങള്‍

അങ്കോള, ബാര്‍ബഡോസ്, ഭൂട്ടാന്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, കുക്ക് ഐലന്റുകള്‍, ഡൊമിനിക്ക, ഫിജി, ഗ്രെനേഡ, ഹൈത്തി, ഇറാന്‍, ജമൈക്ക, കസാക്കിസ്ഥാന്‍, കെനിയ കിരിബാത്തി, മക്കാവോ, മഡഗാസ്‌ക്കര്‍, മലേഷ്യ, മൗറിഷ്യസ്, മൈക്രോനേഷ്യ, മോണ്‍സുറാറ്റ് (Montserrat), നേപ്പാള്‍, ന്യൂയേ (Niue), ഫിലിപ്പൈന്‍സ്, റുവാണ്ട, സെനഗല്‍, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് വിന്‍സെന്റ് ഗ്രെനാഡിനെസ്, തായ്‌ലാന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വനാടു. മുന്‍കൂട്ടി വിസ അപേക്ഷ നല്‍കാതെ തന്നെ പാസ്‌പോര്‍ട്ട് മാത്രം ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. തിരിച്ചുള്ള യാത്ര, എവിടെയാണ് താമസിക്കുന്നത്, കയ്യിലെത്ര പണമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരും.

വിസ ഓണ്‍ അറൈവല്‍

ബൊളീവിയ, ബുറുണ്ടി, കംബോഡിയ, കേപ്പ് വെര്‍ഡെ ഐലന്റ്, കോമോറോസ് ഐലന്റ്, ജിബൂട്ടി, എത്യോപ്യ, ഗിനിയ ബിസാവോ, ഇന്തോനേഷ്യ, ജോര്‍ദന്‍, ലാവോസ്, മാലിദ്വീപ്, മാര്‍ഷല്‍ ഐലന്റ്, മംഗോളിയ, മൊസാംബിക്ക്, മ്യാന്‍മര്‍, നമീബിയ, പലാവു ഐലന്റ്, ഖത്തര്‍, സമോവ, സിയറ ലിയോണ്‍, സൊമാലിയ, ശ്രീലങ്ക, സെന്റ് ലൂസിയ, ടാന്‍സാനിയ, ടിമോര്‍ ടെസ്‌തെ, ടുവാലു, സിംബാബ്‌വേ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ഉള്ളത്. അതായത് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമാണ്. പക്ഷേ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വിസ അനുവദിക്കും.

ഇ.ടി.എ

സീഷെല്‍സിലാണ് ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുന്നത്. ഹ്രസ്വയാത്രകള്‍ക്കായി നല്‍കുന്ന ഡിജിറ്റല്‍ അനുമതിയാണിത്.

ഇക്കാര്യം മനസില്‍ വെക്കണേ...

വിസ ഫ്രീ യാത്ര വളരെ എളുപ്പമാണെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അനാവശ്യമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചില രാജ്യങ്ങളിലെ വിസ നിയമങ്ങളില്‍ പെട്ടെന്ന് മാറ്റം വരാന്‍ സാധ്യതയുണ്ട്. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്ത് ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ പ്രവേശനം അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വിസ ഇല്ലാതെ എത്ര ദിവസം ആ രാജ്യത്ത് ചെലവഴിക്കാമെന്നും പരിശോധിക്കണം. 14 ദിവസം മുതല്‍ 180 ദിവസം വരെയുള്ള പ്രവേശന അനുമതിയാണ് മിക്ക രാജ്യങ്ങളും അനുവദിക്കുന്നത്. ആവശ്യമായ രേഖകളും കൂടെക്കരുതണം. മടക്കയാത്ര ടിക്കറ്റ്, എവിടെയാണ് താമസിക്കുന്നത്, ചെലവിന് ആവശ്യമായ പണം കയ്യിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഖത്തര്‍ പോലുള്ള രാജ്യങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്ന രാജ്യത്തെ നിയമങ്ങളും സംസ്‌ക്കാരവും പാലിക്കണം. പാസ്‌പോര്‍ട്ടിന്റെ കാലാവധിയും പരിശോധിക്കണം. ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Indian passport holders can enter 59 places visa‑free, on arrival or via eTA in 2025. See the full list and entry rules to know before you book.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com