വിദേശ രാജ്യങ്ങളില്‍ വെച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും? ഈ നടപടികള്‍ തീര്‍ച്ചയായും പാലിക്കുക

വിദേശ രാജ്യങ്ങളില്‍ ഇന്ത്യൻ പൗരനെന്ന ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന പ്രാഥമിക രേഖയാണ് പാസ്പോര്‍ട്ട്
Indian passport
Image Courtesy: Canva
Published on

ഏതൊരു ആളിനേയും സംബന്ധിച്ച ഏറ്റവും വലിയ പേടിസ്വപ്നങ്ങളിലൊന്നാണ് ഏതെങ്കിലും വിദേശരാജ്യത്ത് വെച്ച് പാസ്‌പോർട്ട് നഷ്ടപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യൻ പൗരനെന്ന ഒരാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന പ്രാഥമിക രേഖയാണ് പാസ്പോര്‍ട്ട്. അതുകൊണ്ടു തന്നെ വിദേശത്തായിരിക്കുമ്പോൾ പാസ്‌പോർട്ട് നഷ്‌ടപ്പെടുന്നത് ഗൗരവമായ സങ്കീർണതകളിലേക്കാണ് നയിക്കുക.

ഈ നിർഭാഗ്യകരമായ സാഹചര്യത്തില്‍ സമചിത്തത കൈവിടാതെ പരിഭ്രാന്തി പരമാവധി കുറച്ച് വേഗത്തിൽ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

പോലീസിൽ പരാതി നല്‍കുക

നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌തതായി മനസ്സിലാക്കുന്ന നിമിഷം അടുത്തുള്ള പോലീസ് സ്‌റ്റേഷനെ സമീപിക്കുകയാണ് വേണ്ടത്. ഔപചാരികമായി പരാതി ഫയൽ ചെയ്യുകയും പരാതിയുടെ ഒരു പകർപ്പ് നിങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

പുതിയ പാസ്‌പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ അപേക്ഷിക്കുന്നതിനും എംബസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കും ഈ രേഖ അത്യന്താപേക്ഷിതമാണ്.

അടുത്തുള്ള ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടുക

വിദേശ രാജ്യങ്ങളില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ അടുത്തതായി ചെയ്യേണ്ടത്, നിങ്ങള്‍ ഉളള പ്രദേശത്തിന് അടുത്തുള്ള ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ എത്തിച്ചേരുകയാണ്. വിദേശത്ത് ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത്.

പുതിയ പാസ്പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ വേണ്ടി അപേക്ഷിക്കുക

വിദേശത്ത് വെച്ച് പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാല്‍ ഒരാള്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ഉളളത്. ഒരു പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കാം അല്ലെങ്കിൽ ഒരു എമർജൻസി സർട്ടിഫിക്കറ്റിനായി അഭ്യർത്ഥിക്കാം. പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുകയാണെങ്കില്‍ ലഭിക്കാനായി കുറഞ്ഞത് ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും.

പുതിയ പാസ്‌പോർട്ട് അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ ഇവയാണ്

വിലാസത്തിന്റെ തെളിവ്, ജനന തീയതിയുടെ തെളിവ്, പാസ്‌പോർട്ട് നഷ്ടപ്പെട്ട സാഹചര്യം വിശദമാക്കുന്ന സത്യവാങ്മൂലം, പോലീസ് റിപ്പോർട്ട്, പാസ്‌പോർട്ട് നമ്പറും പാസ്പോര്‍ട്ടിന്റെ മറ്റു വിശദാംശങ്ങളും.

ഒരു പുതിയ പാസ്‌പോർട്ടിനായി കാത്തിരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഒരു എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയാണ് വേണ്ടത്. ഈ യാത്രാ രേഖ പാസ്‌പോർട്ടില്ലാതെ ഇന്ത്യയിലേക്ക് മടങ്ങാൻ നിങ്ങളെ അനുവദിക്കുന്നതാണ്.

വീസയ്ക്കായി വീണ്ടും അപേക്ഷിക്കുക

നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാൽ, നിങ്ങളുടെ വീസയും നഷ്‌ടപ്പെടാനുളള സാധ്യതയുണ്ട്. വീസ വീണ്ടും ലഭിക്കുന്നതിനായി, നിങ്ങള്‍ക്ക് വീസ നൽകിയ രാജ്യത്തിന്റെ എംബസി സന്ദർശിക്കേണ്ടതുണ്ട്. പഴയ വീസയുടെ ഒരു പകർപ്പും പോലീസ് റിപ്പോർട്ടും നിങ്ങളുടെ പുതിയ പാസ്‌പോർട്ട് അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റും കൂടെ കരുതേണ്ടതാണ്.

ഫ്ലൈറ്റ് വീണ്ടും ഷെഡ്യൂൾ ചെയ്യുക

യാത്രാ രേഖകളുടെ വീണ്ടെടുക്കൽ വളരെ സാവധാനമാണ് നീങ്ങുന്നത് എങ്കില്‍, നിങ്ങളുടെ യാത്രാ പദ്ധതികൾ ക്രമീകരിക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഇതിനായി മറ്റു ഫ്ലൈറ്റ് ഓപ്ഷനുകൾ അറിയുന്നതിനായി നിങ്ങളുടെ എയർലൈനുമായി ബന്ധപ്പെടേണ്ടതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com