ഭൂട്ടാനിലേക്ക് ഇനി ട്രെയിനില്‍ പോകാം; ₹12,000 കോടിയുടെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഭൂട്ടാനും വന്‍ നേട്ടമാകും
Bhutanese People
Image : Canva
Published on

ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യമായ ഭൂട്ടാനിലേക്ക് വൈകാതെ ട്രെയിനില്‍ യാത്ര ചെയ്യാം. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഇതിൽ ഭൂട്ടാനിലേക്കുള്ള പാതയുടെ മാത്രം ചെലവ് ആയിരം കോടി രൂപയാണ്.

അസാമിലെ അതിര്‍ത്തി പ്രദേശമായ കോക്രാജാറില്‍ (Kokrajhar) നിന്ന് ഭൂട്ടാനിലെ സര്‍പാംഗിലുള്ള (Sarpang) ഗെലേഫു (Gelephu) വരെ നീളുന്ന റെയില്‍പ്പാത 2026നകം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അസാം അടക്കമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഭൂട്ടാനും വലിയ നേട്ടമാകും.

നേട്ടങ്ങള്‍ ഇങ്ങനെ

ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. നിലവില്‍ ഭൂട്ടാന്‍ അവശ്യവസ്തുക്കള്‍ ഏറ്റവുമധികം വാങ്ങുന്നതും ഇന്ത്യയിൽ നിന്നാണ്. റോഡ് മാര്‍ഗമാണ് നിലവില്‍ ചരക്കുനീക്കവും യാത്രയും. റെയില്‍വേ സജ്ജമാകുന്നതോടെ വ്യാപാര, വാണിജ്യ, യാത്രാ സൗകര്യം കൂടുതല്‍ സുഗമമാകും. ഇത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാകും.

മാത്രമല്ല, കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനുള്ള നീക്കവും ഭൂട്ടാന്‍ നടത്തുന്നുണ്ട്. ഇത്, ഇന്ത്യന്‍ സഞ്ചാരികള്‍ക്കും പ്രയോജനപ്പെടും. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ടൂറിസം, വ്യാപാര, ഗതാഗത മേഖലകള്‍ക്കും പദ്ധതി വന്‍ നേട്ടമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

പദ്ധതിയുടെ നാള്‍വഴി

ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന റെയില്‍വേ സംവിധാനം വേണമെന്ന ചര്‍ച്ചകള്‍ ആരംഭിക്കുന്നത് 2005ലാണ്. ഇത് സംബന്ധിച്ച് അന്ന് ധാരണാപത്രവും ഒപ്പുവച്ചിരുന്നു.

എന്നാല്‍, പദ്ധതിക്ക് തറക്കല്ലിടുന്നത് ഭൂട്ടാന്‍ പ്രധാനമന്ത്രി 2018ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴായിരുന്നു. അടുത്തിടെയാണ്, പദ്ധതിക്ക് കേന്ദ്രം പണം വകയിരുത്തിയത്. ഭൂട്ടാനിലെ മറ്റ് പ്രദേശങ്ങളിലേക്കും പിന്നീട് റെയില്‍വേ പദ്ധതി നീട്ടിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com