25-ാം വയസില്‍ 26 ലക്ഷം രൂപ കടം, ഇപ്പോള്‍ നമ്പര്‍വണ്‍; എളനാടിന്റെ വിജയ യാത്രകള്‍

തെക്കേ ഇന്ത്യയില്‍ വമ്പര്‍ വണ്‍ ആകാനുള്ള തയ്യാറെടുപ്പ്
Elanadu milk products
ELANADU MILK
Published on

ബിസിനസിലേക്ക് കാലെടുത്തു വച്ചപ്പോള്‍ തന്നെ നേരിടേണ്ടി വന്നത് വലിയ കടം. 25-ാമത്തെ വയസില്‍ ബാങ്ക് വായ്പ 26 ലക്ഷം രൂപ. പിന്‍മാറാതെ നിരന്തര പരിശ്രമത്തിലൂടെ ഇപ്പോള്‍ കമ്പനിയെ നമ്പര്‍ വണിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ യുവ വ്യവസായി. കേരളത്തിലെ സ്വകാര്യ പാല്‍വിതരണ കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന എളനാട് മില്‍ക്കിന്റെ മാനേജിംഗ് ഡയരക്ടര്‍ കെ.എം.സജീഷ് കുമാര്‍ ബിസിനസിലെ വിജയഗാഥയുടെ പ്രതീകമാണ്. കേരളത്തിലും പുറത്തും പാല്‍വിതരണത്തോടൊപ്പം വ്യത്യസ്തമായ പാല്‍ ഉല്‍പ്പന്നങ്ങളുടെ വിപണി വളര്‍ത്തിയെടുത്ത സജീഷ് കുമാര്‍, ഫാമിലി ബിസിനസ് രംഗത്തും കേരളത്തിലെ യുവതലമുറക്ക് വഴികാട്ടിയാണ്. ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച എം.എസ്.എം.ഇ സമ്മിറ്റില്‍ അദ്ദേഹം പങ്കുവെച്ചത് ബിസിനസിലെ നേരനുഭവങ്ങള്‍. കടന്നു വന്ന വഴികള്‍, മുന്നോട്ടുള്ള യാത്രകള്‍, സ്വപ്നങ്ങള്‍....തെന്നിന്ത്യയില്‍ ഒന്നാം സ്ഥാനം കയ്യടക്കാനുള്ള യാത്രയെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

കോവിഡ് കാല പ്രതിസന്ധികള്‍, സാധ്യതകള്‍

നാട് നിശ്ചലമായ കോവിഡ് കാലത്താണ് എളനാടിന്റെ മുന്നോട്ടുള്ള യാത്രയില്‍ പ്രതിസന്ധികളും സാധ്യതകളും ഉയര്‍ന്നത്. മറ്റു കമ്പനികളെല്ലാം വിപണിയില്‍ സജീവമല്ലാതായി. ഈ സമയത്ത് സ്വന്തം റീട്ടെയില്‍ നെറ്റ് വര്‍ക്ക് വര്‍ധിപ്പിച്ചാണ് ഞങ്ങള്‍ വിപണിയില്‍ ഇറങ്ങിയത്. എല്ലാ ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അത് കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന വഴിത്തിരിവായിരുന്നു. കോവിഡ് കഴിഞ്ഞപ്പോള്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്തുള്ള കമ്പനിയായി. അന്നത്തെ നെറ്റ്‌വര്‍ക്കിന്റെ കരുത്തില്‍ വളരെ പെട്ടെന്ന് ഒന്നാം സ്ഥാനത്തെത്താനായി. ഇന്ന് പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ പാലാണ് എളനാട് വിതരണം ചെയ്യുന്നത്. ഇതില്‍ 95 ശതമാനവും ക്ഷീരകര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നതാണ്. 95 ശതമാനം വിതരണം നടത്തുന്നത് സ്വന്തം റീട്ടെയില്‍ നെറ്റ്‌വര്‍ക്കിലൂടെയും. ഡിസ്ട്രിബ്യൂഷന്‍ നല്‍കുന്നതിന് പകരം റീട്ടെയില്‍ വിപണിയില്‍ നേരിട്ടെത്തിക്കുന്നത് ഗുണകരമാകുന്നുണ്ട്.

മറ്റുള്ളവരുടെ അനുഭവങ്ങള്‍ പ്രധാനം

ബിസിനസിന്റെ ഓരോഘട്ടത്തിലും മറ്റുള്ള കമ്പനികളില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നു. കുടുംബാംഗങ്ങളുടെ സജീവമായ ഇടപെടലുകള്‍ക്കൊപ്പം ശക്തമായ പ്രൊഫഷണല്‍ ടീമിനെ ഒപ്പം നിര്‍ത്തിയാണ് മുന്നോട്ടു പോകുന്നത്. മില്‍മയുടെ മുന്‍എം.ഡിയെ അടുത്തിടെ എളനാടിന്റെ സി.ഇ.ഒ ആയി നിയമിച്ചിട്ടുണ്ട്. നിലവില്‍ മില്‍മയുടെ ബിസിനസിന്റെ പത്തുശതമാനമാണ് എളനാടിന്റെ വിപണി. സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായുള്ള മേഖലയാണ് പാല്‍ സംഭരണവും വിതരണവും. വിപണിയില്‍ മുന്നേറാന്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും കമ്പനിയില്‍ ആവശ്യമാണ്. മറ്റു കമ്പനികളില്‍ നിന്നുള്ള അവരുടെ അനുഭവങ്ങള്‍ നമുക്ക് ഗുണം ചെയ്യും. പുതിയ ലക്ഷ്യങ്ങളിലേക്ക് വളരാന്‍ ഇത് സഹായിക്കും. തെക്കേ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആകുകയെന്നതാണ് എളനാടിന്റെ അടുത്ത ലക്ഷ്യം.

സമയം വിലപ്പെട്ടത്, മികച്ച രീതിയില്‍ ഉപയോഗിക്കണം

ബിസിനസില്‍ ഇടപെടുമ്പോള്‍ നമ്മുടെ സമയം പ്രധാനമാണ്. അത് മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ അധികമാര്‍ക്കും കൊടുക്കാറില്ല. വിസിറ്റിംഗ് കാര്‍ഡ് അടിച്ചിട്ടുമില്ല. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണിത്. ബിസിനസ്, കുടുംബം, സുഹൃത്തുക്കള്‍ എന്നിവക്കാണ് പ്രാധാന്യം. ആറു വര്‍ഷം മുമ്പാണ് കമ്പനി തുടങ്ങിയത്. തുടക്കത്തില്‍ പ്രാദേശിക, രാഷ്ട്രീയ പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നു. സമാന പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് കേരളത്തിലെ എല്ലാ സംരംഭകരും. മറ്റുള്ളവരുടെ അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തിയത്. കുടുംബ ബിസിനസ് എന്ന നിലയില്‍ ഇളനാടിന്റെ തീരുമാനങ്ങള്‍ ഞങ്ങള്‍ കൂട്ടായി എടുക്കുന്നു. അത് നടപ്പാക്കാന്‍ മികച്ച പ്രൊഫഷണലുകളെ ഉപയോഗിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com