ബിസിനസ് വളരണം, കുടുംബം അകലരുത്; കുടുംബ ബിസിനസുകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ 'സിസ്റ്റംസ്' അനിവാര്യം- അനില്‍ സയ്‌നാനി

ഫാമിലി ബിസിനസ് ഉപദേഷ്ടാവും BAF കണ്‍സള്‍ട്ടന്റ്സ് സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ അനില്‍ സയ്നാനി ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്
Anil Sainani, Founder & Managing Partner, BAF Consultants, Delhi
Anil Sainani, Founder & Managing Partner, BAF Consultants, Delhi
Published on

കുടുംബ ബിസിനസുകള്‍ തലമുറകളോളം നിലനില്‍ക്കണമെങ്കില്‍ കേവലം സാമ്പത്തിക വളര്‍ച്ച മാത്രം പോരെന്നും, ശക്തമായ ഭരണസംവിധാനങ്ങളും (Governance) ആശയവിനിമയവും അനിവാര്യമാണെന്നും പ്രമുഖ ഫാമിലി ബിസിനസ് ഉപദേഷ്ടാവും BAF കണ്‍സള്‍ട്ടന്റ്സ് സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ അനില്‍ സയ്നാനി. രണ്ടാമത് ധനം ഫാമിലി ബിസിനസ് കോണ്‍ക്ലേവില്‍ 'Growing Big Without Growing Apart - How Systems Save Family Businesses' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടും നമ്മള്‍ കാണുന്നത് വളരെ വിജയകരമായി മുന്നേറുന്ന കുടുംബ ബിസിനസുകള്‍ പലപ്പോഴും മൂന്ന് തലമുറയ്ക്കപ്പുറം നിലനില്‍ക്കുന്നില്ല എന്നതാണ്. വേര്‍പിരിയലുകള്‍ അവിടെ സാധാരണമാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ അത്തരം കുടുംബങ്ങള്‍ എന്താണ് ചെയ്യുന്നത്? അവര്‍ എങ്ങനെയാണ് ഈ സംവിധാനങ്ങള്‍ (Systems) ഉണ്ടാക്കുന്നത്? മൂന്ന് ഘട്ടങ്ങളായി ഇതിനെ വിശകലനം ചെയ്യാം.

1. ബിസിനസിന്റെ വളര്‍ച്ച (Growing Big)

ജീവിതത്തില്‍ നമുക്ക് മുന്നില്‍ മൂന്ന് വഴികളേയുള്ളൂ: ഒന്നുകില്‍ തളര്‍ച്ചയിലേക്ക് പോകുന്നു, അല്ലെങ്കില്‍ ഒരേ നിലയില്‍ തുടരുന്നു (Stagnant), അല്ലെങ്കില്‍ വളരുന്നു. തളര്‍ച്ചയോ സ്തംഭനാവസ്ഥയോ ആരും ആഗ്രഹിക്കുന്നില്ല. എല്ലാവരും വളര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. വളര്‍ച്ചയുണ്ടായാല്‍ ജീവിതം മികച്ചതാകും എന്ന് നമ്മള്‍ കരുതുന്നു. വളര്‍ച്ചയ്ക്ക് തീര്‍ച്ചയായും ഗുണങ്ങളുണ്ട്, എന്നാല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതുപോലെ: 'പരാജയത്തേക്കാള്‍ അഭികാമ്യമാണ് വിജയം എന്നതില്‍ സംശയമില്ല, എങ്കിലും അത് കൈകാര്യം ചെയ്യുന്നത് അത്രതന്നെ പ്രയാസകരമാണ്.'

വളര്‍ച്ചയ്ക്ക് അതിന്റേതായ വെല്ലുവിളികളുണ്ട്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരാ. മൂലധനവും ലാഭവും വര്‍ധിക്കണമെങ്കില്‍ ഒരു നേതാവ് എന്ന നിലയില്‍ നിങ്ങളുടെ ചിന്താഗതിയിലും കാര്യക്ഷമതയിലും വളര്‍ച്ചയുണ്ടാകണം. ഒപ്പം നിങ്ങളുടെ ടീമും വളരണം. അധികാരം കൈമാറുന്നതിലും (Delegation) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലും നിങ്ങള്‍ മുന്നേറണം. എങ്കില്‍ മാത്രമേ ബിസിനസ് വിപുലീകരിക്കുമ്പോഴും നിയന്ത്രണം നിലനിര്‍ത്താന്‍ സാധിക്കൂ.

വളര്‍ച്ചയിലുമുണ്ട് പ്രതിസന്ധികള്‍

ബിസിനസ് 10 കോടിയില്‍ നിന്ന് 100 കോടിയിലേക്കും പിന്നീട് 1,000 കോടിയിലേക്കും വളരുമ്പോള്‍ സമ്മര്‍ദ്ദം കൂടും, പക്ഷേ നമ്മുടെ കയ്യിലുള്ള സമയം 24 മണിക്കൂര്‍ മാത്രമാണ്. ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂവില്‍ വന്ന ഒരു പഠനം പറയുന്നത്, എല്ലാ സ്ഥാപനങ്ങളും വളരുമ്പോള്‍ അവയില്‍ ഒരു പരിണാമ ഘട്ടമുണ്ടാകുമെന്നും (Evolution), അതിനുശേഷം ഒരു പ്രതിസന്ധി (Crisis) ഉണ്ടാകുമെന്നുമാണ് . ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് വളരുന്നു. എന്നാല്‍ എല്ലാവരും ഈ പ്രതിസന്ധിയെ മറികടക്കുന്നതില്‍ വിജയിക്കണമെന്നില്ല. ഒരിക്കല്‍ നിങ്ങള്‍ ആ പ്രതിസന്ധി പരിഹരിച്ചു കഴിഞ്ഞാല്‍, അടുത്ത കുറച്ചു വര്‍ഷങ്ങള്‍ വീണ്ടും പരിണാമത്തിന്റെ ഘട്ടമായിരിക്കും, അതിനുശേഷം വീണ്ടും ഒരു പ്രതിസന്ധി ഉണ്ടാകും. നിങ്ങള്‍ ഏത് വ്യവസായ മേഖലയിലാണെങ്കിലും, നിങ്ങളുടെ വളര്‍ച്ചാ വേഗത കുറഞ്ഞതോ ഇടത്തരമോ വേഗത്തിലുള്ളതോ ആണെങ്കിലും ഇതാണ് സംഭവിക്കുന്നത്.

തുടക്കത്തില്‍ ബിസിസ് വളരുന്നത് സ്ഥാപകന്റെ സര്‍ഗ്ഗാത്മകത അഥവാ ക്രീയേറ്റിവിറ്റി കൊണ്ടാണ്. അമിതമായ സംരംഭകത്വ ഊര്‍ജ്ജമുള്ള (Entrepreneurial energy) ഒന്നോ അതിലധികമോ സ്ഥാപകര്‍ അവിടെയുണ്ടാകും. അവര്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നു. അവര്‍ക്ക് കൃത്യമായ സിസ്റ്റങ്ങളോ പ്രക്രിയകളോ (Processes) ഉണ്ടാകില്ല. ബിസിനസിന്റെ അന്നത്തെ വലിപ്പം വെച്ച് അവയൊന്നും അവര്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നതാണ് കാരണം. അവര്‍ക്ക് വ്യക്തമായി നിര്‍വചിക്കപ്പെട്ട ഘടനകളുണ്ടാകില്ല, ഈ സര്‍ഗാത്മകതയാണ് അവരുടെ വിജയത്തിന്റെ കാരണവും. എന്റെ കാഴ്ചപ്പാടില്‍ ഇതിന് നിങ്ങളെ 100 കോടി രൂപ വരെ എത്തിക്കാന്‍ കഴിയും. എന്നാല്‍ ബിസിനസ് ഈ വലിപ്പത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവിടെ അരാജകത്വം (Chaos) ഉടലെടുക്കും, അല്ലെങ്കില്‍ വളര്‍ച്ചയുടെ അടുത്ത ഘട്ടം കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ നിലവിലുള്ള അനൗദ്യോഗികമായ രീതികള്‍ക്കോ പ്രയാസമായിത്തീരും അവിടെ പ്രൊഫഷണല്‍ മാനേജ്മെന്റും കൃത്യമായ ചുമതലകളും ആവശ്യമായി വരുന്നു.

ഇത് വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് (Second phase of growth) നയിക്കുന്നു, ഇവിടെ നിങ്ങള്‍ ബിസിനസിന് കൃത്യമായ ഒരു ദിശ നല്‍കുന്നു. ഇത് വഴി ഒരുപക്ഷേ നിങ്ങള്‍ക്ക് 500 കോടി രൂപ വരെ വളരാന്‍ സാധിച്ചേക്കും. എന്നാല്‍ അവിടെ വെച്ച് നിങ്ങള്‍ രണ്ടാമത്തെ പ്രതിസന്ധിയെ നേരിടും; അതാണ് സ്വയംഭരണ പ്രതിസന്ധി (Crisis of autonomy). കാരണം, മുകള്‍ത്തട്ടിലുള്ള നേതാക്കളായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്, എന്നാല്‍ താഴെത്തട്ടിലുള്ള മാനേജര്‍മാര്‍ക്ക് തങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു എന്ന് തോന്നുകയും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തടസങ്ങള്‍ (Bottleneck) നേരിടുകയോ രണ്ടാം നിരയില്‍ വെച്ച് തീരുമാനങ്ങള്‍ സ്തംഭിച്ചു പോവുകയോ ചെയ്യും.

വളര്‍ച്ചയുടെ അടുത്ത ഘട്ടം അധികാര കൈമാറ്റത്തിലൂടെയാണ് (Delegation) സംഭവിക്കുന്നത്. അതിനാല്‍ നിങ്ങള്‍ അധികാര സംവിധാനങ്ങള്‍ കൃത്യമായി നിര്‍വചിക്കുന്നു; അധികാരം താഴെത്തട്ടിലേക്ക് കൈമാറുന്നു,എന്നാല്‍ അത് നിയന്ത്രണ പ്രതിസന്ധിക്ക് (Crisis of control) കാരണമാകും; കാരണം അധികാരം കൈമാറിയ മുകള്‍ത്തട്ടിലുള്ള നേതാക്കള്‍ക്ക് തങ്ങളുടെ പിടി അയഞ്ഞുപോകുമോ എന്ന ഭയമുണ്ടാകാം, കൂടാതെ ഈ സ്വതന്ത്ര യൂണിറ്റുകള്‍ തമ്മിലുള്ള ഏകോപനം പ്രയാസകരമാവുകയും ചെയ്യും. അതിനാല്‍ ഓരോ സുസ്ഥിര ഘട്ടത്തിലും നിങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ തന്നെ പിന്നീട് പ്രശ്‌നങ്ങളോ പലര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധികളോ സൃഷ്ടിക്കുമെന്ന് മനസിലാക്കുക

2. കുടുംബങ്ങള്‍ അകന്നുപോകുന്നത് എന്തുകൊണ്ട്? (Growing Apart)

കുടുംബവും ബിസിനസും രണ്ട് വ്യത്യസ്ത സാമ്പത്തിക വ്യവസ്ഥകളാണ്. ഇത് തമ്മിലുള്ള വൈരുദ്ധ്യമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

കുടുംബം തുല്യതയ്ക്കും സ്‌നേഹത്തിനും പാരമ്പര്യത്തിനും പ്രാധാന്യം നല്‍കുന്നു. ബിസിനസ് ആകട്ടെ യോഗ്യതയ്ക്കും (Meritocracy) വേഗതയ്ക്കും ലാഭത്തിനും പ്രാധാന്യം നല്‍കുന്നു.

കുടുംബത്തില്‍ നമ്മള്‍ റിസ്‌ക് എടുക്കാന്‍ മടിക്കുന്നു, എന്നാല്‍ ബിസിനസില്‍ റിസ്‌ക് എടുത്തേ മതിയാകൂ. ഈ രണ്ട് വ്യവസ്ഥകളും കൂട്ടിമുട്ടുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ഓരോ അംഗത്തിന്റെയും താല്പര്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും വ്യത്യസ്തമായിരിക്കും. ഈ വ്യത്യാസങ്ങളെക്കുറിച്ച് പലരും സംസാരിക്കാന്‍ തയ്യാറാകില്ല.

അഭിപ്രായവ്യത്യാസങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നത് തര്‍ക്കങ്ങളിലേക്കും (Conflict), തര്‍ക്കങ്ങള്‍ ബിസിനസ് പിളരുന്നതിലേക്കും (Split) നയിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയുക എന്നതാണ്. ആ വ്യത്യാസങ്ങളെ നമ്മള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍-ഉദാഹരണത്തിന്, ഞാന്‍ ഒരു അവസരമായി കാണുന്ന കാര്യത്തെ നിങ്ങള്‍ ഒരു റിസ്‌ക് ആയിട്ടായിരിക്കും കാണുന്നത്. അപ്പോള്‍ നമ്മള്‍ രണ്ടു വശങ്ങളും പരിശോധിക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ വ്യക്തത ലഭിക്കും. അതാണ് വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും (Perpetuation) വഴി.

സ്ഥാപകന്‍ ജീവിച്ചിരിക്കുമ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ തീരുമാനപ്രകാരം നടക്കും. എന്നാല്‍ അടുത്ത തലമുറ വരുമ്പോള്‍, മൂത്ത സഹോദരനെ പിതാവിനെപ്പോലെ എല്ലാവരും അംഗീകരിക്കണമെന്നില്ല. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പല കുടുംബങ്ങള്‍ക്കും കഴിയാതെ പോകുന്നു.

3. ബിസിനസിനെ രക്ഷിക്കുന്ന സിസ്റ്റങ്ങള്‍ (How Systems Save Business)

ദീര്‍ഘകാലം നിലനില്‍ക്കുന്ന ബിസിനസുകള്‍ക്ക് മൂന്ന് പ്രധാന കാര്യങ്ങളുണ്ട്: ഗവേണന്‍സ് (Governance), പ്രൊഫഷണലൈസേഷന്‍ (Professionalization), കമ്മ്യൂണിക്കേഷന്‍ (Communication).

ഗവേണന്‍സ്: അധികാരങ്ങള്‍ കൃത്യമായി വിഭജിക്കണം. ഷെയര്‍ഹോള്‍ഡര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ അധികാരങ്ങള്‍ വേര്‍തിരിക്കണം. ഉദാഹരണത്തിന് ക്രിക്കറ്റിന്റെ കാര്യമെടുക്കാം. അതിലെ ബോര്‍ഡ്, സെലക്ടര്‍മാര്‍, ക്യാപ്റ്റന്‍ എന്നിവരെപ്പോലെ ഓരോരുത്തര്‍ക്കും കൃത്യമായ റോളുകള്‍ ഉണ്ടായിരിക്കണം.

പ്രൊഫഷണലൈസേഷന്‍: ആരും ശ്രദ്ധിക്കാത്തപ്പോഴും കാര്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുക എന്നതാണ് ഇതിന്റെ അര്‍ത്ഥം. ജനനം കൊണ്ടല്ല, മറിച്ച് യോഗ്യത കൊണ്ടായിരിക്കണം സ്ഥാനങ്ങള്‍ നല്‍കേണ്ടത്. സ്ഥാപകനായാലും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.

കമ്മ്യൂണിക്കേഷന്‍: എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം ആശയവിനിമയത്തിലെ പോരായ്മകളാണ്. നമ്മള്‍ പറയുന്നത് മറ്റൊരാള്‍ മനസിലാക്കുന്നത് മറ്റൊരു രീതിയിലാകാം. ഈ വിടവ് നികത്താന്‍ നിരന്തരമായ ആശയവിനിമയം ആവശ്യമാണ്.

റഹീം എന്ന കവിയുടെ ഒരു വരിയുണ്ട്. ഒരു മരത്തില്‍ നിറയെ പഴങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഓരോ ചില്ലയിലും പോയി നോക്കിയിട്ട് കാര്യമില്ല, അതിന്റെ വേരുകള്‍ക്ക് വളമിടണം. കുടുംബ ബിസിനസില്‍ 'ആശയവിനിമയം' ആണ് ആ വേര്. അത് കൃത്യമാണെങ്കില്‍ ബിസിനസില്‍ ഐക്യവും വളര്‍ച്ചയും താനേ ഉണ്ടാകും.

അറിവുണ്ടായാല്‍ മാത്രം പോരാ, അത് പ്രവര്‍ത്തികമാക്കുകയാണ് വേണ്ടത് (Knowing-Doing Gap). സിസ്റ്റങ്ങളും പ്രൊഫഷണല്‍ രീതികളും കൊണ്ടുവരാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ് പ്രധാനം. നിങ്ങളുടെ ബിസിനസ് നിലനിര്‍ത്താനും വളര്‍ത്താനുമുള്ള വഴി അതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com