

ചെറുപ്പകാലത്ത് മാതാപിതാക്കളില്‍ നിന്ന് അവരുടെ കുടുംബ ചരിത്രവും മറ്റും കേള്‍ക്കുന്നത് എനിക്ക് വളരെ താല്‍പ്പര്യമായിരുന്നു. അതില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഒന്ന്, എന്റെ മുത്തച്ഛന്റെ അച്ഛന്‍ എഴുതിവെച്ചിരുന്ന വില്‍പ്പത്രത്തെയും ഭാഗാധാരങ്ങളെയും കുറിച്ചായിരുന്നു. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉണ്ടായിരുന്ന അദ്ദേഹം തന്റെ വസ്തുവകകളും മറ്റ് ആസ്തികളും മനോഹരമായി പകുത്തുനല്‍കുന്ന ഈ രേഖയുടെ വ്യക്തതയും കൃത്യതയും ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം വായിച്ചെടുക്കുമ്പോള്‍ അതില്‍ നിന്ന ഒരുപാട് പഠിക്കാനുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്.
വിവാഹം ചെയ്തയച്ച പെണ്‍ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും തറവാട്ടില്‍ വന്നു നില്‍ക്കാനുള്ള നിയന്ത്രിതമായ അവകാശങ്ങളും തിരികെപോകുമ്പോള്‍ കൊടുത്തുവിടേണ്ടത് എന്താണ് എന്നതുള്‍പ്പെടെ വ്യക്തമായി പ്രതിപാദിച്ചിരുന്ന ഒരു രേഖയായിരുന്നു അത്. രണ്ടു തലമുറകള്‍ കഴിഞ്ഞും അനന്തരാവകാശികള്‍ തമ്മില്‍ വലിയ കലഹങ്ങളോ പിണക്കങ്ങളോ ഇല്ലാതെ ആ കുടുംബം മുന്നോട്ടു പോയതിന്റെ ഒരു പ്രധാന കാരണം മേല്‍പ്പറഞ്ഞ ഈ വില്‍പ്പത്രത്തിന്റെ വ്യക്തതയായിരുന്നു.
സക്‌സെഷന്‍ പ്ലാനിംഗ്
ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ആസ്തികള്‍ പിന്‍തലമുറയ്‌ക്കോ ഇഷ്ടമുള്ള അവകാശികള്‍ക്കോ കൊടുക്കുന്നതിനായി ഉണ്ടാക്കുന്ന രേഖകളാണ് വില്‍പ്പത്രം, ഭാഗാധാരങ്ങള്‍ തുടങ്ങിയവ. എന്നാല്‍ ഒരു ബിസിനസ് സംരംഭത്തിന്റെ പിന്തുടര്‍ച്ച നിശ്ചയിക്കുന്നതും അതിനായി ഒരു സമഗ്രപദ്ധതിയും രേഖയും ഉണ്ടാക്കുന്നതും മേല്‍പ്പറഞ്ഞ രേഖകളുടെ സഹായത്തോടെ ചെയ്യാനാവില്ല. ഇത് രണ്ടും വേര്‍തിരിച്ച് കാണേണ്ടതാണ്.
ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ കീഴിലുള്ള ബിസിനസുകളുടെയും ആസ്തികളുടെയും പിന്തുടര്‍ച്ചയ്ക്കായുള്ള സമഗ്രപദ്ധതി സൃഷ്ടിക്കുന്നതിനെയാണ് സക്‌സെഷന്‍ പ്ലാനിംഗ് എന്നു വിളിക്കുന്നത്. സക്‌സെഷന്‍ പ്ലാനിംഗിനെ പറ്റിയും ഇത് നടപ്പാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പരിശോധിക്കാം.
ഭാവിയിലെ മുഴുവന്‍ കാര്യങ്ങളും ഒരു രേഖയിലൂടെ തീരുമാനിച്ച് ഉറപ്പിച്ച് വെയ്ക്കാവുന്ന ഒരു രീതിയല്ല അവലംബിക്കേണ്ടത്. ഉദാഹരണത്തിന്: പ്രധാന സ്ഥാപനത്തിന്റെ ഭാവി തലവനായി ഒരു മകനെ നിശ്ചയിച്ചു എന്നിരിക്കട്ടെ. പല കാരണങ്ങളാല്‍ ഇത് സാധ്യമല്ലാതെ വന്നേക്കാം. ഇങ്ങനെ വരുമ്പോള്‍ വേറെ എന്തു ചെയ്യണം എന്ന് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു റഫറല്‍ ബുക്ക് ആയി സങ്കല്‍പ്പിച്ച് സക്‌സെഷന്‍ പ്ലാനിംഗ് ചെയ്യുന്നതായിരിക്കും ഉചിതം. ഒരു ഉടമ്പടി രേഖയില്‍ തീരാവുന്ന ഒന്നല്ല ഇത്.
ക്രിയാത്മകമായ ഇടപെടലുകളും മാറ്റങ്ങളും തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന ഒന്നായി ഇത് മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാല്‍, മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാവുന്ന വിഷയങ്ങളെ കര്‍ശനമായി തന്നെ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
നിരന്തര പരിശീലനം
മുകളില്‍ വിവരിച്ച കാര്യങ്ങളില്‍ നിന്ന് സക്‌സെഷന്‍ പ്ലാനിംഗിനെ സംബന്ധിച്ച് ഏകദേശ രൂപം നല്‍കാനാണ് ശ്രമിച്ചത്. സക്‌സെഷന്‍ പ്ലാനിംഗ് പ്രൊഫഷണലായി ചെയ്യുമ്പോള്‍ ധാരാളം സമയമെടുക്കും. വലിയ ബിസിനസ് കുടുംബങ്ങള്‍ക്ക് വേണ്ടി ചെയ്യുമ്പോള്‍ അവരോടൊപ്പം കാലങ്ങളോളം താമസിച്ചും ഇടപെട്ടും കുടുംബത്തെയും ബന്ധങ്ങളെയും ബിസിനസിനെയും മനസിലാക്കിയാണ് ഇത് ചെയ്യുന്നത്. ആവശ്യമുള്ള മാറ്റങ്ങള്‍ക്കും പുതിയ ചുമതലകളുടെ നിര്‍വഹണത്തിനും പുതുതലമുറയെ പ്രാപ്തമാക്കുന്നതിനായി അവര്‍ക്ക് നിരന്തരമായ പരിശീലനം നല്‍കേണ്ടത് അത്യാവശ്യമാണ്.
ഈ പിന്തുടര്‍ച്ച നടപ്പാക്കുമ്പോള്‍ സ്ഥാപനത്തിലെ മറ്റുള്ളവരുമായും പിന്‍തലമുറയുമായും ഉണ്ടാകാവുന്ന അസ്വാരസ്യങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും പരിഹരിക്കുന്നതും ഇതിന്റെ ഭാഗമാണ്.
(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 62386 01079)
Read DhanamOnline in English
Subscribe to Dhanam Magazine