ബിസിനസ് മൂല്യത്തില്‍ ലോകത്തിലെ 18-ാമത്തെ വലിയ 'രാജ്യം' ഇന്ത്യയിലെ ഈ 300 കുടുംബങ്ങളാണ്! പിന്നിലാക്കും സ്വിറ്റ്സര്‍ലന്‍ഡിനെയും സൗദിയെയും

ഇന്ത്യന്‍ കുടുംബ ബിസിനസുകളില്‍ തലമുറമാറ്റം ശക്തമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടികയിലെ 300 കുടുംബ ബിസിനസുകളില്‍ 208 എണ്ണം രണ്ടാം തലമുറയുടെ നിയന്ത്രണത്തിലാണ്
ബിസിനസ് മൂല്യത്തില്‍ ലോകത്തിലെ 18-ാമത്തെ വലിയ 'രാജ്യം' ഇന്ത്യയിലെ ഈ 300 കുടുംബങ്ങളാണ്! പിന്നിലാക്കും സ്വിറ്റ്സര്‍ലന്‍ഡിനെയും സൗദിയെയും
Published on

ഇന്ത്യയിലെ 300 മുന്‍നിര കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 1.46 ട്രില്യണ്‍ ഡോളറായി (ഏകദേശം 138 ലക്ഷം കോടി രൂപ) ഉയര്‍ന്നു. ഈ 300 ബിസിനസുകളെ മാത്രം ഒരു രാജ്യമായി കണക്കാക്കിയാല്‍ ലോകത്തിലെ 18-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി അത് മാറും.

സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, പോളണ്ട് എന്നീ പ്രമുഖ രാജ്യങ്ങളുടെ ജിഡിപിയെക്കാള്‍ കൂടുതലാണ് ഈ ബിസിനസുകളുടെ മൂല്യം. ഓഗസ്റ്റ് 11ന് പുറത്തുവന്ന 'ബാര്‍ക്ലേയ്സ് പ്രൈവറ്റ് ക്ലയന്റ്സ്-ഹുറൂണ്‍ ഇന്ത്യ' (Barclays Private Clients Hurun India 2026) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഈ ബിസിനസുകളുടെ മൂല്യം പ്രതിദിനം ശരാശരി 4,076 കോടി രൂപ വീതമാണ് വര്‍ധിച്ചത്. ഓഹരി വിപണി തിരിച്ചടി നേരിട്ടപ്പോഴും ഈ കുടുംബ ബിസിനസുകള്‍ തളര്‍ന്നില്ല. ഇതേ കാലയളവില്‍ നിഫ്റ്റി 50 സൂചിക 1.1 ശതമാനവും സെന്‍സെക്സ് 3.7 ശതമാനവും ഇടിഞ്ഞു. എന്നാല്‍, കുടുംബ ബിസിനസുകളുടെ ആകെ മൂല്യം 27.5 ശതമാനമെന്ന വന്‍ വളര്‍ച്ച നേടി.

ഇന്ത്യയില്‍ 54 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ 300 കുടുംബ ബിസിനസുകള്‍ ചേര്‍ന്ന് പ്രതിവര്‍ഷം ഏകദേശം 56 ലക്ഷം കോടി വരുമാനം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ മൊത്തം കോര്‍പറേറ്റ് നികുതി വരുമാനത്തിന്റെ 17 ശതമാനം ഇവരുടെ സംഭാവനയാണ്. ഏകദേശം 1.9 ലക്ഷം കോടി രൂപ വരുമിത്.

അംബാനി കുടുംബം ഒന്നാമത്

മൂല്യത്തില്‍ 8.5 ശതമാനം കുറവുണ്ടായെങ്കിലും മുകേഷ് അംബാനി കുടുംബം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കുടുംബ ബിസിനസ് എന്ന സ്ഥാനം നിലനിര്‍ത്തി. റിലയന്‍സ് ഗ്രൂപ്പിന്റെ കുടുംബ ബിസിനസ് മൂല്യം 25.8 ലക്ഷം കോടിയാണ്. അദാനി ഗ്രൂപ്പിന്റെ കുടുംബ ബിസിനസ് മൂല്യം 19.6 ലക്ഷം കോടിയാണ്.

സുനില്‍ ഭാരതി മിത്തല്‍ കുടുംബം 12.1 ലക്ഷം കോടി മൂല്യവും കുമാര്‍ മംഗളം ബിര്‍ള കുടുംബത്തിന്റെ ബിസിനസ് മൂല്യം 8.14 ലക്ഷം കോടിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജിന്‍ഡാല്‍ കുടുംബത്തിന് വലിയ നേട്ടം

മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൊത്തം മൂല്യത്തില്‍ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തിയത് ജിന്‍ഡാല്‍ കുടുംബമാണ്. 3.3 ലക്ഷം കോടിയുടെ വര്‍ധനയോടെ കുടുംബത്തിന്റെ ബിസിനസ് മൂല്യം 70 ശതമാനം ഉയര്‍ന്ന് 8.02 ലക്ഷം കോടിയിലെത്തി.

ശതമാന അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വളര്‍ച്ച നേടിയത് ഷാഹി എക്‌സ്‌പോര്‍ട്ട്‌സിന്റെ അഹുജ കുടുംബമാണ്. 352 ശതമാനം വളര്‍ച്ചയോടെ ഇവരുടെ ബിസിനസ് മൂല്യം 37,500 കോടിയായി.

ബിസിനസുകളേറെയും രണ്ടാംതലമുറയുടെ കൈയില്‍

ഇന്ത്യന്‍ കുടുംബ ബിസിനസുകളില്‍ തലമുറമാറ്റം ശക്തമാകുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പട്ടികയിലെ 300 കുടുംബ ബിസിനസുകളില്‍ 208 എണ്ണം രണ്ടാം തലമുറയുടെ നിയന്ത്രണത്തിലാണ്. ഏകദേശം 70 ശതമാനം വരുമിത്. 57 സ്ഥാപനങ്ങള്‍ മൂന്നാം തലമുറയും 20 സ്ഥാപനങ്ങള്‍ നാലാം തലമുറയും നയിക്കുന്നു.

കുടുംബ ബിസിനസുകള്‍ അടുത്ത തലമുറയിലേക്ക് സുഗമമായി കൈമാറുന്നതിനായി പ്രൊഫഷണല്‍ മാനേജ്മെന്റ്, പിന്തുടര്‍ച്ചാ ആസൂത്രണം, ശക്തമായ കോര്‍പറേറ്റ് ഗവേണന്‍സ് തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും ഹുറൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com