

ആഗോള സമ്പദ്‌വ്യവസ്ഥയെയും വിപണികളെയും നിയന്ത്രിക്കുന്ന പത്ത് അതിസമ്പന്ന കുടുംബങ്ങളില്‍ പതിറ്റാണ്ടുകളായി പാരമ്പര്യമായി നിലനിൽക്കുന്ന ബിസിനസ് സാമ്രാജ്യങ്ങളും പുതിയ കാലത്തെ സംരംഭങ്ങളും ഇടംനേടിയിട്ടുണ്ട്. ഓയില്‍ ബിസിനസ് മുതൽ ഫാഷൻ രംഗം വരെ വൈവിധ്യമാർന്ന മേഖലകളിൽ ആധിപത്യം പുലർത്തുന്ന കുടുംബങ്ങളാണ് ബ്ലൂംബെർഗിന്റെ പട്ടികയിലുളളത്. ഇന്ത്യയിൽ നിന്ന് അംബാനി കുടുംബം മാത്രമാണ് പട്ടികയിലെത്തിയത്.
1. വാൾട്ടൺ കുടുംബം (WALTONS): 51,340 കോടി ഡോളർ ആസ്തിയോടെ വാൾട്ടൺ കുടുംബം പട്ടികയിൽ ഒന്നാമതാണ്. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടിന്റെ ഭൂരിഭാഗം ഓഹരികളും ഇവരുടെ കൈവശമാണ്. ആദ്യമായാണ് ഒരു കുടുംബത്തിന്റെ സമ്പത്ത് അര ട്രില്യൺ ഡോളർ കടക്കുന്നത്.
2. അൽ നഹ്യാൻ കുടുംബം, യു.എ.ഇ (AL NAHYAN): അബുദാബിയിലെ ഭരണകുടുംബമായ ഇവരുടെ സമ്പത്ത് 33,590 കോടി ഡോളറാണ്. യു.എ.ഇയിലെ എണ്ണസമ്പത്തിന്റെ ഗണ്യമായ ഭാഗം ഇവരുടെ നിയന്ത്രണത്തിലാണ്. കൂടാതെ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലേക്കും ഇവർ നിക്ഷേപം വ്യാപിപ്പിച്ചിട്ടുണ്ട്.
3. അൽ സൗദ് കുടുംബം, സൗദി അറേബ്യ (AL SAUD FAMILY): 21,360 കോടി ഡോളർ സമ്പത്തുള്ള സൗദി അറേബ്യൻ രാജകുടുംബം മൂന്നാം സ്ഥാനത്താണ്. സൗദി അരാംകോ വഴിയുള്ള എണ്ണ വിപണനമാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്.
4. അൽ താനി കുടുംബം, ഖത്തർ (AL THANI FAMILY): ഖത്തറിലെ ഭരണകുടുംബമായ അൽ താനി കുടുംബത്തിന്റെ ആസ്തി 19,950 കോടി ഡോളറാണ്.
5. ഹെർമിസ് കുടുംബം (HERMES FAMILY): ആഡംബര വസ്തുക്കളുടെ നിർമ്മാതാക്കളായ ഫ്രഞ്ച് ബ്രാൻഡ് 'ഹെർമിസ്' നിയന്ത്രിക്കുന്ന ഈ കുടുംബത്തിന് 18,450 കോടി ഡോളർ ആസ്തിയുണ്ട്. പ്രശസ്തമായ ബിർക്കിൻ ഹാൻഡ്ബാഗുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളിലൂടെ ആറ് തലമുറകളായി ഇവർ സമ്പത്ത് കാത്തുസൂക്ഷിക്കുന്നു.
6. കോച്ച് കുടുംബം (KOCH FAMILY): അമേരിക്കയിലെ കൂറ്റൻ സ്വകാര്യ സംരംഭമായ കോച്ച് ഇൻഡസ്ട്രീസ് നിയന്ത്രിക്കുന്ന ഇവർക്ക് 15,050 കോടി ഡോളർ സമ്പത്തുണ്ട്. ഊർജ്ജം, കെമിക്കൽസ് തുടങ്ങി വിവിധ മേഖലകളിൽ ഇവർക്ക് ബിസിനസ് സാമ്രാജ്യങ്ങളുണ്ട്.
7. മാഴ്സ് കുടുംബം (MARS FAMILY): ചോക്ലേറ്റ് പ്രേമികൾക്ക് സുപരിചിതമായ എം&എം, സ്നിക്കേഴ്സ് തുടങ്ങിയ ബ്രാൻഡുകളുടെ ഉടമകളായ ഇവർക്ക് 14,340 കോടി ഡോളർ ആസ്തിയുണ്ട്. മിഠായികൾക്ക് പുറമെ പെറ്റ്-കെയർ രംഗത്തും ഇവർ വലിയ ലാഭമുണ്ടാക്കുന്നു.
8. അംബാനി കുടുംബം, റിലയൻസ് (AMBANI FAMILY): പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യമായ മുകേഷ് അംബാനിയുടെ കുടുംബം 10,560 കോടി ഡോളർ സമ്പത്തോടെ എട്ടാം സ്ഥാനത്താണ്. റിലയൻസ് ഇൻഡസ്ട്രീസ് വഴി പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ മേഖലകളിൽ ഇവർ ആധിപത്യം പുലർത്തുന്നു.
9. വെർതൈമർ കുടുംബം (WERTHEIMER FAMILY): പ്രശസ്ത ഫാഷൻ ഹൗസ് ആയ 'ഷാനൽ' (Chanel) ഉടമകളായ ഇവരുടെ സമ്പത്ത് 8,560 ബില്യൺ ഡോളറാണ്.
10. തോംസൺ കുടുംബം (THOMSON FAMILY): കാനഡ ആസ്ഥാനമായുള്ള ഈ മാധ്യമ കുടുംബത്തിന് 8,210 ബില്യൺ ഡോളർ ആസ്തിയുണ്ട്. തോംസൺ റോയിട്ടേഴ്സ് എന്ന വാർത്താ ഏജൻസിയുടെ നിയന്ത്രണം ഇവരുടെ പക്കലാണ്.
പാരമ്പര്യവും ദീർഘവീക്ഷണവുമുള്ള ബിസിനസ് തന്ത്രങ്ങളാണ് ഈ കുടുംബങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ആഗോള സമ്പത്തിന്റെ വലിയൊരു ഭാഗം ഈ പത്ത് കുടുംബങ്ങളുടെ കൈകളിൽ കേന്ദ്രീകൃതമായിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
Ambani family in Bloomberg’s list of the world’s richest families, led by Walmart’s Walton family.
Read DhanamOnline in English
Subscribe to Dhanam Magazine