

കുടുംബ ബന്ധത്തിന്റെ ശക്തി, പ്രൊഫഷണല്‍ മികവ്. ഇവ രണ്ടും ചേര്‍ന്നെഴുതുന്ന റീറ്റെയ്ല്‍ വിജയഗാഥയാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റേത്. സംസ്ഥാനത്തെ 72 പട്ടണങ്ങളിലായി 86 ശാഖകളുണ്ട് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്. മൂന്നര പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇലക്ട്രോണിക്സ്-ഗൃഹോപകരണ റീറ്റെയ്ല്‍ രംഗത്ത് സ്ഥാപനം കരുത്തോടെ നിലകൊള്ളുന്നത് എങ്ങനെയാണ്? 'Genuine Product, Genuine Price.' ഒറ്റവാക്കില്‍ ഇങ്ങനെ ഉത്തരം നല്‍കും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്റ്റര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍.
പക്ഷേ ഒറ്റവാചകത്തില്‍ ഒതുക്കാനാവില്ല പിട്ടാപ്പിള്ളില്‍ ഏജന്‍സീസും അതിന് സാരഥ്യം നല്‍കുന്ന പിട്ടാപ്പിള്ളില്‍ കുടുംബവും മുറുകെപ്പിടിക്കുന്ന മൂല്യങ്ങള്‍. ''പിട്ടാപ്പിള്ളില്‍ എന്നത് ഞങ്ങളുടെ കുടുംബ പേരാണ്. അതിന്റെ പ്രതിച്ഛായ മോശമാക്കുന്നതൊന്നും ചെയ്യില്ല. ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ മുതല്‍ ഈ ശ്രദ്ധയുണ്ട്,'' പീറ്റര്‍ പോള്‍ പറയുന്നു. ഒരിക്കലെങ്കിലും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഏതെങ്കിലും സ്റ്റോര്‍ സന്ദര്‍ശിച്ചവര്‍ക്ക് അനുഭവിച്ചറിയാനാകും ഇക്കാര്യങ്ങള്‍. കാരണം, പണമുണ്ടാക്കാനുള്ള എളുപ്പവഴിയല്ല ഇവര്‍ക്ക് ബിസിനസ്.
1990ല്‍ പെരുമ്പാവൂരില്‍ ഇലക്ട്രോണിക്സ്-ഗൃഹോപകരണ ഷോറൂം തുറന്നുകൊണ്ടാണ് പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ റീറ്റെയ്ല്‍ രംഗത്തേക്ക് ചുവടുവെച്ചത്. ആഗോളവമ്പനായ ആരാംകോയില്‍ ഉന്നത പദവിയിലിരുന്ന, കെമിക്കല്‍ എന്‍ജിനീയര്‍ കൂടിയായ പീറ്റര്‍ പോള്‍ ബിസിനസിനെ തുടക്കം മുതല്‍ കണ്ടത് വേറിട്ട കാഴ്ചപ്പാടോടെ തന്നെയായിരുന്നു. ''സുസ്ഥിര വളര്‍ച്ച നേടണം. കുടുംബത്തിന്റെ സല്‍പേര് നഷ്ടമാക്കുന്നതൊന്നും ഒരുനാളും ചെയ്യരുത്.'' ഈ ദൃഢനിശ്ചയം പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ വളര്‍ച്ചയിലേക്ക് നയിക്കുക മാത്രമല്ല ചെയ്തത്. പുതുതലമുറയെ ബിസിനസിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.
പിട്ടാപ്പിള്ളിലിനൊപ്പം കാല്‍ നൂറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിക്കുന്ന 50 ഓളം പേരുണ്ടെന്ന് അഭിമാനത്തോടെ പറയും പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍. അതുപോലെ തന്നെ ആവേശത്തോടെ കൂട്ടിച്ചേര്‍ക്കും, പുതുതലമുറയും ബിസിനസിനൊപ്പം നടക്കുന്നുണ്ടെന്ന്. വന്‍കിട ബ്രാന്‍ഡുകള്‍ വിപണിയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴാണ് പിട്ടാപ്പിള്ളില്‍ ഇലക്ട്രോണിക്സ്-ഗൃഹോപകരണ റീറ്റെയ്ല്‍ രംഗത്തേക്ക് കടന്നുവരുന്നത്. ഇന്നും വിപണിയില്‍ കടുത്ത മത്സരമുണ്ട്.
37 വര്‍ഷമായി തുടരുന്ന ഈ യാത്രയുടെ വിജയത്തിന് പിന്നിലെ ഒരു ഘടകം എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന സംസ്‌കാരമാണ്. ''എന്റെ നാല് മക്കളില്‍ മൂന്നുപേരും ബിസിനസിലേക്ക് വന്നുകഴിഞ്ഞു. മകളുടെ ഭര്‍ത്താവാണ് സിഇഒ. ഇവരെല്ലാം എന്‍ജിനീയറിങ്/മെഡിക്കല്‍ ബിരുദധാരികളാണ്. ബിസിനസിന്റെ ഗുഡ്വില്ലാണ് അവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഘടകം. ചുറ്റിലും നടക്കുന്നമാറ്റങ്ങള്‍ യുവതലമുറ ശ്രദ്ധിക്കുന്നുണ്ട്. അതിവേഗം കാര്യങ്ങള്‍ ഗ്രഹിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതുതലമുറക്ക് സാധിക്കുന്നതുകൊണ്ടാണ് അവര്‍ക്ക് കുടുംബ ബിസിനസില്‍ ഏറെ താല്‍പര്യം വരുന്നത്.''
പുതുതലമുറയെ കുടുംബ ബിസിനസിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും സവിശേഷമായ രീതിതന്നെ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ സ്വീകരിച്ചിട്ടുണ്ട്. ''ചെറുപ്പം മുതല്‍ മക്കളോട് ബിസിനസ് കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു. ബിസിനസിലെ നല്ല കാര്യങ്ങള്‍ മാത്രമല്ല. അതിലെ പ്രയാസങ്ങളും അവര്‍ അറിഞ്ഞ് തന്നെ വളരണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഓണക്കാലം ഇലക്ട്രോണിക്സ്-ഗൃഹോപകരണ റീറ്റെയ്ലേഴ്സിനും സീസണാണല്ലോ? മക്കള്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ ഓണം സീസണില്‍ അവരെക്കൊണ്ട് പറ്റുന്ന കാര്യങ്ങള്‍ ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു.''
പുതുതലമുറ പഠനം കഴിഞ്ഞ് നേരെ കുടുംബ ബിസിനസിലേക്ക് വരുന്നതിന് പകരം പുറത്ത് ജോലി ചെയ്ത് അനുഭവസമ്പത്ത് ആര്‍ജിക്കുന്നത് പിന്നീട് ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് പീറ്റര്‍ പോള്‍പിട്ടാപ്പിള്ളിലിനുള്ളത്. ''മറ്റൊരിടത്ത് ജോലി ചെയ്യുമ്പോള്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ പഠിക്കും. പുതിയ കാര്യങ്ങള്‍ ഗ്രഹിക്കും. അത് പിന്നീട് കുടുംബ ബിസിനസിലേക്ക് എത്തുമ്പോള്‍ ഉപകാരപ്പെടും.''
ബിസിനസില്‍ വെല്ലുവിളികള്‍ സ്വാഭാവികം. അതിലെ അവസരങ്ങള്‍ കണ്ടെത്തലാണ് പ്രധാനമെന്ന് പീറ്റര്‍ പോള്‍ പറയുന്നു. ''ഇനി വരുന്ന ഒരു ദശാബ്ദക്കാലം ഇന്ത്യന്‍ ഇലക്ട്രോണിക്സ്-ഗൃഹോപകരണ റീറ്റെയ്ല്‍ രംഗം ഇരട്ടയക്ക വളര്‍ച്ച നേടും. ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരം ശക്തമാണെങ്കിലും ഈ മേഖലയില്‍, പ്രത്യേകിച്ച് കേരളം പോലുള്ള വിപണിയില്‍ ഓണ്‍ലൈനും ഓഫ്ലൈനും സമന്വയിപ്പിച്ചുള്ള ഓംനി ചാനല്‍ ശൈലിയാണ് അഭികാമ്യം.
ഇടപാടുകാരുടെ സൗകര്യത്തിനായി ഓണ്‍ലൈന്‍ സുസജ്ജമാക്കണം. പക്ഷേ ഈ രംഗത്ത് ഒരു ഉല്‍പന്നം വില്‍ക്കുമ്പോള്‍ അവിടെ കച്ചവടം തീരുന്നില്ല. തുടങ്ങുന്നേയുള്ളൂ. ഇടപാടുകാര്‍ക്ക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് തൃപ്തി വരണം. അവര്‍ക്ക് വേണ്ട സമയത്ത് വില്‍പനാനന്തര സേവനം ലഭ്യമാക്കണം. അതിന് ഓഫ്ലൈന്‍ ചാനല്‍ തന്നെ വേണം.'' കാലോചിതമായ മാറ്റങ്ങള്‍ ബിസിനസ് മോഡലില്‍ വരുത്തിയാല്‍ മാത്രമെ നിലനില്‍ക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ നേതൃത്വം നല്‍കുന്ന ബിസിനസില്‍ കുടുംബാംഗങ്ങള്‍ സജീവമായുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയായ മകള്‍ മരിയ പോള്‍ ഏഴ് വര്‍ഷക്കാലം എല്‍ ആന്‍ഡ്ടിയില്‍ പ്ലാനിങ് മാനേജരായി ജോലി ചെയ്ത ശേഷമാണ് കുടുംബ ബിസിനസിലേക്ക് വന്നത്. മാര്‍ക്കറ്റിങ് വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് മരിയയാണ്. മരിയയുടെ ഭര്‍ത്താവ് കിരണ്‍ വര്‍ഗീസ് പത്ത് വര്‍ഷക്കാലം ഐടി കണ്‍സള്‍ട്ടന്റായി ഇന്ത്യയിലും യുഎസിലും പ്രവര്‍ത്തിച്ച ശേഷമാണ് പിട്ടാപ്പിള്ളിലിനൊപ്പം ചേര്‍ന്നത്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ് അദ്ദേഹം.
പീറ്റര്‍ പോളിന്റെ മറ്റ് രണ്ട് ആണ്‍മക്കള്‍ റേഡിയോളജിസ്റ്റുകളാണ്. ഡോ. അലക്സ് പോളും ഡോ. പീറ്റര്‍ പോളും. ഇവരും ജോലിക്കിടെ സമയം കണ്ടെത്തി ബിസിനസിനൊപ്പമുണ്ട്.പീറ്റര്‍ പോളിന്റെ അനുജന്റെ മകന്‍ അജോതോമസ് ഗ്രൂപ്പിന്റെ എച്ച്ആര്‍, ബിടുബി ബിസിനസ് വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. ഏവിയേഷന്‍ മാനേജ്മെന്റില്‍ എംബിഎ ബിരുദധാരിയായ അജോ തോമസ് എയര്‍ ഇന്ത്യയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ജോലി രാജിവെച്ച് കുടുംബ ബിസിനസിനൊപ്പം ചേരുകയായിരുന്നു. പീറ്റര്‍ പോളിന്റെ മൂത്ത സഹോദരന്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഗ്രൂപ്പിന്റെ ഫ്ളീറ്റ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് രംഗത്ത് സേവനമനുഷ്ഠിക്കുകയാണ്.
പിട്ടാപ്പിള്ളില്‍ ഗ്രൂപ്പിനെയും കുടുംബ ബിസിനസിനെയും പറ്റി പീറ്റര്‍ പോള്‍ പങ്കുവെക്കുന്ന ചില കാര്യങ്ങള്‍ നോക്കാം.
പുതുതലമുറയെ ആകര്‍ഷിച്ച ഘടകംഗ്രൂപ്പിന്റെ ഗുഡ്വില്‍ തന്നെ. ബിസിനസിനോടും ബിസിനസുകാരോടും പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വന്ന മാറ്റം. ബിസിനസിന്റെ മൂല്യം ഏവരും തിരിച്ചറിയുന്നു. ബിസിനസുകാരെ സമൂഹം അംഗീകരിക്കാന്‍ തുടങ്ങി.
പുതുതലമുറയോട് പറയാനുള്ളത് കുടുംബ ബിസിനസില്‍ കാലങ്ങളായി നില്‍ക്കുന്നവര്‍ കാണും. അവരുടെ അനുഭവസമ്പത്തിനെ മാനിക്കുക. ഒരു കാലത്ത് ബിസിനസ് ഒന്നുമില്ലാത്ത നാളില്‍ എന്തിനും തയാറായി നിന്ന അവരുടെ അധ്വാനം ബിസിനസിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ കാര്യങ്ങള്‍ അവരെ ക്ഷമയോടെ പഠിപ്പിക്കുക. അവരെ കൂടി ഉള്‍ച്ചേര്‍ത്ത് മുന്നോട്ട് പോവുക.
പദവികളില്‍ അഹങ്കരിക്കരുത്. ഏറ്റവും സാധാരണക്കാരനായ ഒരാളില്‍ നിന്നുപോലും പഠിക്കാന്‍ എന്തെങ്കിലുമുണ്ടാവും. അതിനെ ഉള്‍ക്കൊള്ളാന്‍ തയാറുള്ള, പഠിക്കാനുള്ള മനസുമായി ബിസിനസില്‍ നില്‍ക്കുക. ആരെയും ചെറുതായി കാണരുത്. ജോലി ആസ്വദിക്കാന്‍ ശീലിക്കണം. എന്തെങ്കിലും ഭാരമായി കണ്ടാല്‍ പിന്നെയത് ബുദ്ധിമുട്ടാവും.
1. ബിസിനസ് വളര്‍ത്തണമെന്ന് അതിയായ മോഹം വേണം. എങ്കില്‍ മാത്രമെ അതിനുള്ള വഴി മുന്നില്‍ തെളിയൂ. കാലോചിതമായ മാറ്റത്തിന് തയാറാവണം.
2. വിഭവസമ്പത്ത് മികച്ച രീതിയില്‍ വിനിയോഗിക്കണം. മൂലധനവും മാനുഷിക വിഭവശേഷിയും കൃത്യമായി വിന്യസിച്ച് വളര്‍ച്ച നേടാനുള്ള വഴികള്‍ തിരയണം.
3. കാലാനുസൃതമായി ബിസിനസ് വെര്‍ട്ടിക്കലുകളില്‍ മാറ്റം വന്നേക്കാം. പക്ഷേ തലമുറകളായി മുറുകെപ്പിടിക്കുന്ന മൂല്യങ്ങള്‍ ബലികഴിക്കരുത്. അത് കുടുംബ ബിസിനസിന്റെ ജീനിലുള്ള കാര്യമാണ്. അതിനെ നഷ്ടപ്പെടുത്തിയാല്‍ അടിത്തറ ഇളകും.
ധനം മാഗസിനില്‍ മാര്‍ച്ച് 31 ലക്കം പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine