സംരംഭങ്ങള്‍ എവിടെ, എപ്പോള്‍ തുടങ്ങണം; ഈ വാക്കുകള്‍ നിങ്ങള്‍ക്ക് വഴികാട്ടും

മാറ്റങ്ങളെ കുറിച്ച് ബിസിനസുകാര്‍ അറിയണം, വൈവിധ്യവല്‍ക്കരണം പ്രധാനം
ULLAS KAMATH
Published on

പുതിയൊരു ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് മുന്നില്‍ ഉയരുന്ന സംശയങ്ങള്‍ പലതാണ്. ബിസിനസ് എവിടെ തുടങ്ങണം, എപ്പോള്‍ തുടങ്ങണം?. പ്രമുഖ സംരംഭകനും യു.കെ ആന്റ് കോയുടെ സ്ഥാപകനുമായ ഉല്ലാസ് കമ്മത്തിന്റെ വാക്കുകളില്‍ ഈ സംശയങ്ങള്‍ അസ്ഥാനത്താണ്. എവിടെ, എപ്പോള്‍ എന്നീ ചോദ്യങ്ങള്‍ക്കെല്ലാം പുതിയ കാലത്ത് പ്രസക്തി നഷ്ടപ്പെട്ടെന്ന് ഫിക്കി കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഉല്ലാസ് കമ്മത്ത് ചൂണ്ടിക്കാട്ടുന്നു. ലോകം മാറുകയാണ്. എവിടെ ഇരുന്നു കൊണ്ടും പുതിയ ബിസിനസ് തുടങ്ങാം. എപ്പോള്‍ തുടങ്ങിയാലും വിജയിപ്പിക്കാനുമാകും. അദ്ദേഹം പറയുന്നു. കോഴിക്കോട് മലബാര്‍ പാലസില്‍ ധനം എം.സ്.എം.ഇ സമ്മിറ്റിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു ജ്യോതി ലബോറട്ടറീസിന്റെ മുന്‍ എം.ഡി കൂടിയായ ഉല്ലാസ് കമ്മത്ത്.

ലോക വാര്‍ത്തകള്‍ അറിയണം

ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് സംരംഭകര്‍ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ച ബിസിനസ് രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ഇതിനെ കുറിച്ച് അറിഞ്ഞില്ലെങ്കില്‍ ബിസിനസില്‍ തിരിച്ചടികളുണ്ടാകാം. സീനിയര്‍ വ്യവസായികളുടെ വഴികള്‍ അറിയുകയും ഉപദേശം കേള്‍ക്കുകയും ചെയ്യുന്നതിനൊപ്പം പുതിയ കാലത്തെ മാറ്റങ്ങളെ ഉള്‍കൊള്ളണം. ലോകത്ത് എവിടെ സംരംഭം തുടങ്ങിയാലും ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഒന്നാണ്. സാധ്യതകളും ഒന്നാണ്. ലോക ബിസിനസില്‍ ഇന്ത്യ ഏറെ വളര്‍ന്നിരിക്കുന്നു. കോര്‍പ്പറേറ്റ് ലോകത്തെ മികച്ച സി.ഇ.ഒ മാരില്‍ ഒട്ടേറെ പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയും ചൈനയും ചേര്‍ന്നാണ് ലോകത്തെ ബിസിനസിന്റെ 70 ശതമാനം നിയന്ത്രിക്കുന്നത്. ചൈനയില്‍ ബിസിനസിനുണ്ടാകുന്ന തളര്‍ച്ച ഇന്ത്യക്ക് ഗുണകരമാകുന്നു. അവരുടേതിന് സമാനമായി കുറഞ്ഞ ഉല്‍പ്പാദനച്ചെലവ് ഇന്ത്യക്കാണ് ഇന്നുള്ളത്. അദ്ദേഹം പറഞ്ഞു.

വൈവിധ്യവല്‍ക്കരണമാണ് പ്രധാനം

ഇന്ത്യയിലും കുടുംബ ബിസിനസുകളുടെ വിജയസാധ്യകള്‍ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വൈവിധ്യ വ്ല്‍ക്കരണം പ്രധാനാണ്. ഒരു കുടുംബത്തിലെ ഓരോ അംഗവും ഓരോ ബിസിനസ് ആരംഭിക്കുമ്പോള്‍ കുടുംബ ബിസിനസുകള്‍ കൂടുതല്‍ വളരും. ഇന്ത്യയില്‍ 500 മികച്ച കമ്പനികളില്‍ 300 എണ്ണം കുടുംബ ബിസിനസുകളാണ്. മാനേജ്‌മെന്റിന് പ്രാധാന്യം നല്‍കുന്നത് ബിസിനസിനെയും കുടുംബത്തെയും ഒന്നിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കും. കുടുംബത്തിന് പ്രാധാന്യം നല്‍കിയാല്‍ ബിസിനസ് തളരും. ബിസിനസിന് പ്രാധാന്യം നല്‍കിയാല്‍ കുടുംബ ജീവിതമുണ്ടാകില്ല. അതേസമയം, മാനേജ്മെന്റിന്  പ്രാധാന്യം നല്‍കിയാല്‍ കുടുംബവും ബിസിനസും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകാനാകും. ഉല്ലാസ് കമ്മത്ത് ചൂണ്ടിക്കാട്ടി.

ചെറുസംരംഭങ്ങളെ നിസാരമായി കാണരുത്

ചെറിയ സംരംഭങ്ങളെ നിസാരമായി കാണരുത്. ചെറിയ രീതിയില്‍ തുടങ്ങിയ സംരംഭങ്ങളാണ് പിന്നീട് വലിയ കമ്പനികളായി മാറിയത്. വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഇന്നുള്ളത്. നേരത്തെ തുടങ്ങി എന്നത് കൊണ്ട് ബിസിനസ് വളരണമെന്നില്ല. അവസാനം തുടങ്ങിയ കമ്പനികള്‍ ഇന്ന് വിപണിയിലെ ലീഡര്‍മാരായ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. എയര്‍ലൈന്‍ ബിസിനസില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് പോലുള്ള പഴയ കമ്പനികള്‍ ഉണ്ട്. എന്നാല്‍ അവസാനമെത്തിയ ഇന്‍ഡിഗോയാണ് ഇന്ന് വിപണി കയ്യടക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ടെക്‌നോളജിയില്‍ പഴയ കമ്പനികള്‍ ഉള്ളപ്പോഴും അവസാനമെത്തിയ റിലയന്‍സാണ് അധിപത്യം നേടിയത്. അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com