

ഗ്രാമപഞ്ചായത്തിൽ പത്ത് സെന്റും നഗരപ്രദേശങ്ങളിൽ അഞ്ച് സെന്റും നിലം വീടുവെക്കാൻ അനുമതി ലഭിക്കും. നെൽവയൽ തണ്ണീർത്തട നിയമം നിലവിൽ വന്ന 2008 ൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരുന്നതുമായ നെൽവയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീടുവെയ്ക്കാനുളള സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ അനുമതി നല്‍കുക.
നെൽവയൽ തണ്ണീർത്തട നിയമത്തിൽ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വീടില്ലാത്ത കുടുംബത്തിന് വീട് വെക്കാൻ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടാലും നെൽവയൽ തണ്ണീർത്തട പരിധിയിൽ പെട്ടാലും ഗ്രാമപഞ്ചായത്തിൽ പത്ത് സെന്റും നഗരത്തിൽ അഞ്ച് സെന്റും സ്ഥലത്ത് വീട് വെക്കാൻ പഞ്ചായത്ത്, നഗരസഭ അനുമതി നൽകേണ്ടതാണ്.
നെൽവയൽ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 തണ്ണീർത്തട നെൽവയൽ നിയമത്തിലെ വ്യവസ്ഥയിൽ സർക്കാർ 2018 ൽ ഭേദഗതി കൊണ്ടുവന്നതായും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അഞ്ച് സെന്റ് ഭൂമിയിൽ 40 ചതുരശ്ര മീറ്റർ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് തരം മാറ്റം ആവശ്യമില്ല. കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടത് അല്ലെന്ന് സാക്ഷ്യപത്രം നൽകിയാൽ മതിയാകും.
ഇത്തരം വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ലൈഫ് ഗുണഭോക്താക്കളടക്കം നിരവധി പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
Read DhanamOnline in English
Subscribe to Dhanam Magazine