മലയോര ഹൈവേ; നാല് ജില്ലകളില്‍ 112 കി.മീ പൂര്‍ത്തിയായി

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 1180 കിലോമീറ്ററില്‍ ഒരുങ്ങുന്ന മലയോര ഹൈവേ പദ്ധതിയുടെ പത്ത് റീച്ച് കൂടി ഉടന്‍ യാഥാര്‍ഥ്യമാകും. ഹൈവേ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിനെയും സൂചിപ്പിക്കുന്നത് റീച്ച് എന്നാണ്.

ഇവ ഉടനെത്തും

തൃശൂര്‍ വെള്ളിക്കുളങ്ങര- വെറ്റിലപ്പാറ പാലം (19 കിലോമീറ്റര്‍), കണ്ണൂര്‍ വള്ളിത്തോട് -അമ്പായത്തോട് (24), ഇടുക്കി പീരുമേട്- ദേവികുളം ഒന്നാംഘട്ടം (12.7), പീരുമേട്- ദേവികുളം രണ്ടാംഘട്ടം (2.9), പീരുമേട്- ദേവികുളം മൂന്നാംഘട്ടം (5.5 ), കോഴിക്കോട് തലയാട്-മലപ്പുറം കോടഞ്ചേരി ഒന്നാംഘട്ടം (9.99), മലപ്പുറം പൂക്കോട്ടുംപാടം- കരുവാരക്കുണ്ട് രണ്ടാംഘട്ടം (12.31), കോട്ടയം പ്ലാച്ചേരി- കരിങ്കല്ലുമൂഴി (7.5), കോഴിക്കോട് 28-ാം മൈല്‍- തലയാട് (6.79), തിരുവനന്തപുരം കുടപ്പനമൂട്‌വാഴിച്ചാല്‍ (2.9) റീച്ചുകളാണ് ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുന്നത്. ആകെ 68 റീച്ചില്‍ 351.97 കിലോമീറ്ററിന്റെ (18 റീച്ച് ) നിര്‍മാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 93 കിലോമീറ്ററിന്റെ (4 റീച്ച്) നിര്‍മാണം പൂര്‍ത്തിയായി. 28 റീച്ചിന്റെ (467.03 കിമി) ടെന്‍ഡറും കഴിഞ്ഞു.

നിര്‍മാണ ചെലവ് 3,500 കോടി

മലയോര മേഖലയുടെ സമഗ്രവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 3,500 കോടി രൂപ ചെലവിലാണ് നിര്‍മാണം. വനമേഖലയിലെ ഭൂമി ഏറ്റെടുക്കലിനുള്ള അപേക്ഷ കേന്ദ്രവനം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം കൂടുതല്‍ വേഗത്തിലാകും. പദ്ധതിക്ക് ഒമ്പത് ജില്ലയില്‍ നിന്ന് 60 ഹെക്ടര്‍ വനഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ആകെ 68 റീച്ചുകളില്‍ 65 എണ്ണത്തിനും സാമ്പത്തിക അനുമതിയായി. ആലപ്പുഴ ഒഴികെ 13 ജില്ലയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. കാസര്‍കോട് നന്ദാരപ്പദവ് നിന്ന് തുടങ്ങി തിരുവനന്തപുരം പാറശാലയില്‍ ഈ ഹൈവേ അവസാനിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it