Begin typing your search above and press return to search.
പ്രായം 14, ജോലി 'സ്‌പേസ് എക്‌സ്' എന്‍ജിനീയര്‍!
പതിനാലാം വയസില്‍ എന്‍ജിനീയറാകാനാകുമോ? അതും ലോകത്തെ ഏറ്റവും വമ്പന്‍ കമ്പനികളിലൊന്നില്‍. അതിശയോക്തിയല്ല, അങ്ങനൊരു അപൂര്‍വ നിയമനം നടന്നിരിക്കുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സില്‍. കൈറന്‍ ക്വാസി എന്ന അത്ഭുത ബാലനാണ് ഒരേ സമയം വെല്ലുവിളി നിറഞ്ഞതും കൗതുകകരമായതുമായ സ്‌പേസ് എക്‌സിന്റെ കഠിനമായ ഇന്റര്‍വ്യൂ പുഷ്പം പോലെ പാസായി ജോലി നേടിയിരിക്കുന്നത്.
സ്‌പേസ് എക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ എന്‍ജിനീയര്‍ ആണെന്നതു മാത്രമല്ല ക്വാസിയെ വ്യത്യസ്തമാക്കുന്നത്. യു.എസിലെ സാന്താ ക്ലാര സര്‍വകലാശാലയുടെ 172 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദ വിദ്യാര്‍ത്ഥിയുമാണ്.
ഈ ഗ്രഹത്തിലെ 'കൂളസ്റ്റായ' കമ്പനിയായ സ്റ്റാര്‍ലിങ്കില്‍ സോഫ്റ്റ് വെയറായി ജോലിക്ക് ചേരുകയാണെന്നാണ് കൈറന്‍ ക്വാസി തന്റെ ലിങ്കഡ് ഇനില്‍ കഴിഞ്ഞ ദിവസം കുറിച്ചത്. കഴിവിന്റേയും പക്വതയുടേയും മാനദണ്ഡമായി പ്രായത്തെ കണക്കാക്കാത്ത അപൂര്‍ കമ്പനിയെന്ന് സ്‌പേസ് എക്‌സിനെ വിശേഷിപ്പിച്ചിട്ടുമുണ്ട് കൈറന്‍. സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയും കൈറന്റെ നേട്ടത്തെ കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ആരാണ് കൈറന്‍ ക്വാസി
വളരെ ചെറുപ്പം മുതലേ പ്രത്യേക കഴിവുകളുള്ള കുട്ടിയാണ് കൈറന്‍ ക്വാസി. രണ്ടാം വയസില്‍ അവന്‍ വ്യക്തമായി വാചകങ്ങള്‍ സംസാരിച്ചുതുടങ്ങി. കിന്റര്‍ഗാര്‍ട്ടനിലെത്തിയപ്പോള്‍ റേഡിയോയില്‍ കേട്ട വാര്‍ത്തകളും മറ്റും കുട്ടികളോടും അദ്ധ്യാപകരോടും പങ്കുവയ്ക്കുമായിരുന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒമ്പതു വയസില്‍, മറ്റു കുട്ടികള്‍ മൂന്നാം ക്ലാസിലെ പാഠഭാഗങ്ങളുമായി മല്ലിടുമ്പോള്‍ കൈറന്‍ കാലിഫോര്‍ണിയയിലെ ഒരു കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ന്ന് തന്റെ ലോകം വിശാലമാക്കി. പിന്നീട് ഇന്റല്‍ലാബ്‌സില്‍ എ.ഐ റിസര്‍ച്ച് ഫെലോപ്രോഗ്രാമില്‍ ചേര്‍ന്ന ക്വാസി 11-ാം വയസിലാണ് സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയിലേക്ക് എത്തുന്നത്. ഇപ്പോള്‍ 14-ാം വയസില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് സ്‌പേസ് എക്‌സില്‍ എത്തിയിരിക്കുന്നത്.
Next Story
Videos