1.5 ലക്ഷം പേര്‍ക്ക് തൊഴില്‍, 1,000 കോടി രൂപ നികുതി, 'ഡെലിവറി ബോയ്' പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിക്കെതിരേ കണക്കുനിരത്തി വിമര്‍ശനം

എയ്ഞ്ചല്‍ ഫണ്ടിംഗിനു പോലും നികുതി ഈടാക്കുന്ന സ്ഥിതിയാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്നതെന്നും മോഹന്‍ദാസ് പൈ
piyush goyal and stratup
x.com/PiyushGoyal
Published on

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനും ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിം എന്നീ മേഖലകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ വിമര്‍ശനത്തിനെതിരേ പ്രതികരണവുമായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ രംഗത്ത്.

ന്യുഡല്‍ഹിയില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025 വേദിയില്‍ വച്ചാണ് ഗോയല്‍ സ്വയംവിമര്‍ശനം നടത്തിയത്. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സ്വഭാവമല്ല ഇത്തരം കമ്പനികള്‍ക്കുള്ളതെന്നും അവര്‍ സംരംഭക റോളിലേക്ക് മാത്രമായി ഒതുങ്ങി പോകുന്നുവെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

'നാം ഡെലിവറി ബോയ്‌സും ഗേള്‍സും ആയിരിക്കാന്‍ സന്തോഷത്തോടെ തയ്യാറാണോ? അതാണോ ഇന്ത്യയുടെ ഭാവി? ഇത് സ്റ്റാര്‍ട്ടപ്പ് അല്ല, ഇത് വെറും വ്യാപാരമാണ്. ഇന്ത്യയിലെ ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ എന്താണ് ചെയ്യുന്നത്? ഭക്ഷണം വീട്ടിലെത്തിക്കുന്ന ആപ്പുകളിലാണ് ശ്രദ്ധ. തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാക്കളെ കുറഞ്ഞ വേതനംകൊണ്ട് സമ്പന്നരുടെ ഭക്ഷണം എത്തിക്കാനുള്ള തൊഴിലാളികളാക്കുകയാണ് നടക്കുന്നത്.- ഇങ്ങനെ പോകുന്നു മന്ത്രിയുടെ വാക്കുകള്‍.

പ്രതിരോധവുമായി സെപ്‌റ്റോ സ്ഥാപകന്‍

പീയുഷ് ഗോയലിന്റെ വിമര്‍ശനം വലിയ വാര്‍ത്തയായതോടെ വിഷയത്തില്‍ പ്രതികരണവുമായി നിരവധിപേരാണ് എത്തുന്നത്. സെപ്‌റ്റോ സി.ഇ.ഒ ആദിത് പലിച്ചയുടെ വാക്കുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തന്റെ കമ്പനി മൂന്നുവര്‍ഷം രാജ്യത്തിന് നല്കിയ സംഭാവനകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. മൂന്നു വര്‍ഷം കൊണ്ട് 1.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്കു സാധിച്ചു.

പ്രതിവര്‍ഷം നികുതിയായി മാത്രം 1,000 കോടി രൂപയ്ക്കു മുകളില്‍ സര്‍ക്കാരിലേക്ക് നല്കുന്നു. കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിച്ചു. പഴം, പച്ചക്കറി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മികച്ച വിപണി കണ്ടെത്താന്‍ തങ്ങളുടേതായി സംഭാവനകള്‍ ഓരോ സ്റ്റാര്‍ട്ടപ്പുകളും നല്‍കുന്നുവെന്നും ആദിത് പാലിച്ച പറയുന്നു.

ഉത്പന്ന, സേവന വിതരണവുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍, സര്‍ക്കാരിനും ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുണ്ടെന്നാണ് ഇന്‍ഫോസിസ് മുന്‍ സി.എഫ്.ഒ മോഹന്‍ദാസ് പൈയുടെ പ്രതികരണം.

ഇന്ത്യയില്‍ ചിപ്പ് ഡിസൈന്‍, റോബോട്ടിക്‌സ്, ഇ.വി ചാര്‍ജിംഗ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുകിട ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. എന്നാല്‍, ഇവയ്‌ക്കെല്ലാം പ്രവര്‍ത്തിക്കാനുള്ള മൂലധനം എവിടെയാണ്? 2014-24 കാലയളവില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 160 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചപ്പോള്‍ ചൈനയ്ക്ക് 845 ബില്യണ്‍ ഡോളറും യു.എസിന് 2.3 ട്രില്യണ്‍ ഡോളറും ലഭിച്ചു. എയ്ഞ്ചല്‍ ഫണ്ടിംഗിനു പോലും നികുതി ഈടാക്കുന്ന സ്ഥിതിയാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്നതെന്നും മോഹന്‍ദാസ് പൈ വിമര്‍ശിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com