ഒരു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 2 ലക്ഷം കടകള്‍; ചെറുകിട വ്യാപാരമേഖലയില്‍ എന്താണ് സംഭവിക്കുന്നത്?

രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചില്ലറ വില്പന രംഗത്ത് രണ്ടു ലക്ഷത്തോളം പലചരക്ക് കടകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് കമ്പനികള്‍ വന്‍ ഓഫര്‍ നല്കി കടന്നുവരുന്നതും സാമ്പത്തിക രംഗത്തെ മാന്ദ്യവുമാണ് ഇതിന് കാരണമെന്ന് ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.സി.പി.ഡി.എഫ്) കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വഴിവിട്ട കച്ചവട രീതിക്ക് തടയിട്ടില്ലെങ്കില്‍ രാജ്യത്തെ ചില്ലറ വില്പന മേഖല തകരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തിരിച്ചടി കൂടുതല്‍ മെട്രോ നഗരങ്ങളില്‍

അടച്ചുപൂട്ടപ്പെട്ട പലചരക്ക് കടകളില്‍ ഏറെയും മെട്രോ നഗരങ്ങളിലാണ്. സിറ്റികളില്‍ ഉപയോക്താക്കളുടെ വാങ്ങല്‍ സംസ്‌കാരത്തിലുണ്ടായ മാറ്റം ഏറ്റവും ബാധിച്ചത് ഇത്തരം കടകളെയാണ്. അവശ്യ വസ്തുക്കള്‍ക്കായി മാളുകളെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയും ആശ്രയിക്കുന്നവരുടെ എണ്ണം നഗരങ്ങളില്‍ ഏറുകയാണ്. അടച്ചുപൂട്ടിയതില്‍ 45 ശതമാനവും ഇത്തരത്തില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച കടകളാണെന്ന് എ.ഐ.സി.പി.ഡി.എഫ് പറയുന്നു.
ഇ-കൊമേഴ്‌സ് കമ്പനികളുടെ സാന്നിധ്യം ഉള്ളിടത്തെല്ലാം ചെറുകിട പലചരക്ക് കടകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ മാത്രമാണ് വലിയ തോതില്‍ ഇത് ബാധിക്കാത്തത്. പലചരക്കു കട നടത്തിപ്പുകാരും ഉപയോക്താക്കളും തമ്മിലുള്ള വ്യക്തിബന്ധങ്ങളും ഇതിന് കാരണമാകുന്നുണ്ട്.

വില്ലന്‍ ഡിസ്‌കൗണ്ട് വില്പന

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായും ലക്ഷ്യമിടുന്നത് മെട്രോ നഗരങ്ങളിലെ ഉപയോക്താക്കളെയാണ്. വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കി വിപണി പിടിക്കുന്ന ഇത്തരം ന്യൂജന്‍ ബിസിനസുകാരോട് മല്‍സരിക്കാന്‍ ചെറിയ മുതല്‍മുടക്കിലെടുത്ത പലചരക്ക് കടകള്‍ക്ക് സാധിക്കാതെ വരുന്നു. മെട്രോ നഗരങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 90,000 കടകള്‍ പൂട്ടിപ്പോയത് സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കണമെന്നും സംഘടന കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.
Related Articles
Next Story
Videos
Share it