റോബോട്ടിക്‌സ് മുതല്‍ ഹോസ്പിറ്റാലിറ്റി വരെ; കേരളത്തിന് ഇത് നിക്ഷേപങ്ങളുടെ വര്‍ഷം

വിവിധ മേഖലകളില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് പുതു വര്‍ഷത്തില്‍ പ്രത്യേക പദ്ധതി അവതരിപ്പിക്കാന്‍ സംസ്ഥാന വ്യവസായ വകുപ്പ്. 2025 കേരളത്തിന് നിക്ഷേപങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി. റോബോട്ടിക്‌സ്, എഐ, ബയോടെക്‌നോളജി, ഗ്രീന്‍ എനര്‍ജി, ഫുഡ് പ്രോസസിംഗ്, ലോജിസ്റ്റിക്‌സ്, മാരിടൈം ഇന്‍ഡസ്ട്രീസ്, ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലെ വളര്‍ച്ചയെ നയിക്കുന്ന നിക്ഷേപങ്ങളായിരിക്കും ഈ വര്‍ഷം പ്രധാനമായും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയെന്ന് മന്ത്രി എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

ബിസിനസ് ഇന്നൊവേഷന്‍ ഹബ്

ഒരു ബിസിനസ് ഇന്നൊവേഷന്‍ ഹബ് എന്ന നിലയില്‍ സംസ്ഥാനത്തിന്റെ ജനപ്രീതി വര്‍ധിച്ചു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. 2024ല്‍ വന്‍കിട ബഹുരാഷ്ട്ര കുത്തകകള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് കേരളത്തില്‍ എത്തിയത്. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള കാര്യങ്ങളില്‍ കേരളം ഒന്നാമതെത്തുന്നതോടെ, 2025ല്‍ ഇനിയും വളരാന്‍ ഒരുങ്ങുകയാണ്. ദേശീയ,അന്തര്‍ദേശീയ നിക്ഷേപകരുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാനാണ് കേരളം തയ്യാറെടുക്കുന്നത്. വ്യാവസായിക വിപ്ലവം 4.0 വഴി വ്യാവസായിക മേഖലയിലും സുസ്ഥിര വികസനത്തിലുമുണ്ടാക്കിയ നേട്ടം ഈ മേഖലയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കും. വികസനത്തിനായി വൈദഗ്ധ്യമുള്ളരുടെ ടാലന്റ് പൂള്‍, പുരോഗമന നയങ്ങള്‍, പുതിയ കണ്ടെത്തലുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്, ആഗോള, ദേശീയ നിക്ഷേപകര്‍ക്ക് മുന്നില്‍ കേരളത്തിന്റെ സാധ്യതകള്‍ അവതരിപ്പിക്കുന്ന വേദിയാകുമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Videos
Share it