21 വയസുള്ള മേയർ: എൽ‌ഡി‌എഫ് നടത്തുന്നത് പുതിയ പരീക്ഷണം

വെറും 21 വയസുള്ള ബിരുദ വിദ്യാർത്ഥിനി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം സിറ്റി കോർപ്പറേഷന്റെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുക വഴി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് സിപിഎം നേതൃത്വം കൊടുക്കുന്ന എൽ‌ഡി‌എഫ് നൽകുന്നത്.

ഡിസംബർ 28-ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതോടുകൂടി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന സ്ഥാനത്തിന് ആര്യ അർഹയാകും. എൽ‌ഡി‌എഫ് തിരുവനന്തപുരത്തു 100-ൽ വാർഡുകളിൽ 51 ലും വിജയിച്ചിരുന്നു.

തിരുവനന്തപുരത്തു മേയർ സ്ഥാനത്തേക്ക് വരും എന്ന് കരുതിയിരുന്ന തങ്ങളുടെ രണ്ടു സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ തോറ്റ പശ്ചാത്തലത്തിൽ സി പി എം എടുത്ത ഈ തീരുമാനം വഴി പാർട്ടിയെയും മുന്നണിയെയും യുവ വോട്ടര്‍മാരിലേയ്ക്ക് കൂടുതലായി അടുപ്പിക്കാൻ കഴിയും എന്ന് അവർ കരുതുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയത്തിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ അടക്കം ആഘോഷിച്ച ഈ പുതിയ വാര്‍ത്ത കേരളത്തിൽ ഉടനീളം എൽഡിഎഫി പ്രചാരണായുധമാകും.

ഓരോ അഞ്ചു വർഷം കൂടുമ്പോഴും എൽ ഡി എഫിനെയോ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു ഡി എഫിനെയോ മാറി മാറി തെരഞ്ഞെടുക്കുക എന്ന രീതിയാണ് കഴിഞ്ഞ 40 വർഷമായി കേരളത്തിലെ വോട്ടർമാർ ചെയ്യുന്നത്. പുതിയ തീരുമാനം ഭരണ തുടർച്ച ഉറപ്പാക്കാൻ എൽ‌ഡി‌എഫ് നടത്തുന്ന ശ്രമങ്ങൾക്ക് ആക്കം കൂട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിൽ രണ്ടാം വർഷ ബി‌എസ്‌സി കണക്ക് വിദ്യാർത്ഥിനിയായ ആര്യ മുടവൻമുഗൾ വാർഡിൽ നിന്നാണ് വിജയിച്ചത്. "ഞങ്ങളുടേത് ഒരു പാർട്ടി കുടുംബമാണ്," ആര്യയുടെ പിതാവ് കെ എം രാജേന്ദ്രൻ പറയുന്നു. രാജേന്ദ്രൻ എലെക്ട്രിഷ്യൻ ജോലി ചെയ്യുന്നു. ആര്യയുടെ അമ്മ എൽ ഐ സി ഏജന്റാണ്.

ആര്യയുടെ രാഷ്ട്രീയത്തോടുള്ള താൽപര്യം സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലം തൊട്ടു തുടങ്ങിയതാണ്. സി‌പി‌എമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന ബാലസംഘത്തിൽ ചേർന്ന് പ്രവർത്തനം തുടങ്ങി. പിന്നീട് അതിന്റെ സംസ്ഥാന പ്രസിഡന്റായി. ഇപ്പോൾ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ ((സിപിഎം സ്റ്റുഡന്റ്സ് വിംഗ്) പ്രവർത്തിക്കുന്നു.

പുതിയ പദവി ഏറ്റെടുത്താൽ പതിവായി ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ആര്യ പറയുന്നു. "എന്നാൽ എന്റെ എല്ലാ അധ്യാപകരും സുഹൃത്തുക്കളും എന്നെ സഹായിക്കും എന്ന് എനിക്ക് ഉറപ്പാണ്. എന്റെ പഠനം തുടരാനുള്ള വഴി ഞാൻ കണ്ടെത്തും," ആര്യ പറയുന്നു.

തിരുവനന്തപുരത്തെ ഒരു ചെറിയ വീട്ടിൽ പ്രതിമാസം 6,000 രൂപ വാടകയ്ക്ക് താമസിക്കുന്ന ഈ കുടുംബം കേരളത്തിലുടനീളമുള്ള വിപുലമായ യാത്രയടക്കം രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ആര്യയെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. "സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളും ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന് പുറത്തുള്ള എന്റെ ഏക യാത്ര മുംബൈയിലേക്കാണ്, എന്റെ അമ്മയുടെ ഓഫീസ് സംഘടിപ്പിച്ച ഒരു യാത്രയായിരുന്നു അത്. ആറാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ പോയ ആ യാത്രയെക്കുറിച്ചു എനിക്ക് കൂടുതൽ ഓർമ്മയില്ല," ആര്യ പറയുന്നു.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പകുതി സീറ്റുകളും സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്നു. കൂടാതെ ഈ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കും വനിത സംവരണം ഉണ്ട്. ഇത്തരത്തിൽ ഇത്തവണ തിരുവനന്തപുരം മേയർ സ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു.

ആര്യയുടെ റോൾ മോഡലുകളുടെ പട്ടികയിൽ ഒന്നാമത് കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ്. കൂടാതെ ആര്യയ്ക്ക് പ്രചോദനമായവരിൽ ഈയിടെ അന്തരിച്ച മലയാള കവിയും സാമൂഹ്യ പ്രവർത്തകയുമായ സുഗതകുമാരി പ്രമുഖ മലയാള എഴുത്തുകാരി കെ ആർ മീര എന്നിവരും ഉൾപ്പെടുന്നു.

മേയർ തെരഞ്ഞെടുപ്പിന് ശേഷം തന്റെ മുൻഗണനക്രമം നിശ്ചയിക്കുമെന്നു ആര്യ മാധ്യമങ്ങളോട് പറഞ്ഞു.
കമ്മ്യൂണിസ്റ്റെങ്കിലും മതത്തിനെതിരെ കർശനമായ നിലപാട് ഒന്നും ആര്യയ്ക്കില്ല. ഇടയ്ക്കിടെ അമ്മയോടൊപ്പം ക്ഷേത്രങ്ങളിൽ പോകാറുണ്ട്. പള്ളികളിലും പോയിട്ടുണ്ട് . "ഞാൻ പോസിറ്റീവ് എനർജിയിൽ വിശ്വസിക്കുന്നു, അതാണ് എനിക്ക് ദൈവം. പക്ഷേ ഞാൻ അന്ധവിശ്വാസങ്ങൾക്കെതിരെ നിലകൊള്ളുന്നു," ആര്യ ഒരു മാധ്യമത്തോട് പറഞ്ഞു.

ആര്യയെ കുട്ടിക്കാലം മുതലേ അറിയാമെന്നു മുൻ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ദേവസ്വം മന്ത്രിയുമായ കടകമ്പള്ളി സുരേന്ദ്രൻ. "യുവാക്കളും പുതിയ തലമുറയും, അവർ ഈ രാജ്യത്തിന്റെ ഭാവിയാണ്. അവർക്ക് വലിയ സ്വപ്നങ്ങളും കാഴ്ചപ്പാടും ഉണ്ട്. പ്രായം കുറവെങ്കിലും ആര്യയ്ക്ക് അനുഭവസമ്പത്തുണ്ട്," അദ്ദേഹം പറയുന്നു.

2005 നവംബര്‍ 2-ന് യുഎസിലെ മിഷിഗൺ സംസ്ഥാനത്ത് ഹിൽസ്ഡേൽ നഗരത്തിൽ മേയറായ മൈക്കിള്‍ സെഷൻസ് എന്ന 18-കാരനാണ് ഗിന്നസ് ലോകറെക്കോഡ് പ്രകാരം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. എന്നാൽ അന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മൈക്കിള്‍ നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ക്കു മുൻപേ സ്ഥാനമൊഴിഞ്ഞു. തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിലവിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യയാവാനാണ് സാധ്യത.


Manoj Mathew
Manoj Mathew  

Related Articles

Next Story

Videos

Share it