സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിഞ്ഞു കിടക്കുന്നത് 23,000 തസ്തികകള്‍; ഡോക്ടര്‍മാരില്ലാത്തത് ഗ്രാമീണ മേഖലയില്‍

രാജ്യത്തെ പൊതുജനാരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെയും മറ്റു മെഡിക്കല്‍ പ്രൊഫഷണുകളുടെയും നിയമനം വൈകുന്നത് ചികില്‍സാ സംവിധാനങ്ങള അവതാളത്തിലാക്കുന്നു. 23,000ത്തിലധികം അംഗീകൃത മെഡിക്കല്‍ തസ്തികകള്‍ രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്നതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍ക്കാര്‍ ക്ലിനിക്കുകളില്‍ ഡോക്ടര്‍മാരുടെയും സ്‌പെഷ്യലിസ്റ്റുകളുടെയും വലിയ കുറവുണ്ടെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്ക് വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍, നഴ്‌സിംഗ് സ്റ്റാഫ്, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍മാര്‍ എന്നിവരുള്‍പ്പെടെ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ഒഴിവുകളാണുള്ളത്.

ദുരിതം കൂടുതല്‍ ഗ്രാമീണ മേഖലയില്‍

ഗ്രാമീണ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകള്‍ കൂടുതല്‍ ഉള്ളത്. ഇത് മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ ലഭിക്കാതെ സാധാരണക്കാരായ ജനങ്ങള്‍ക്ക് പോലും നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഗ്രാമങ്ങളിലെ പി.എച്ച്.സി കളില്‍ 9,000ലധികം ഡോക്ടര്‍മാരുടെയോ മെഡിക്കല്‍ ഓഫീസര്‍മാരുടെയോ തസ്തികകള്‍ 2023 മാര്‍ച്ച് 31മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. റൂറല്‍ പി.എച്ച്‌സി നഴ്‌സിംഗ് സ്റ്റാഫിന്റെ10,800 അംഗീകൃത തസ്തികകളിലും നിയമനം വൈകുകയാണ്. ഗൈനക്കോളജിസ്റ്റുകള്‍, പീഡിയാട്രീഷ്യന്‍മാര്‍, ഫിസിഷ്യന്‍മാര്‍, സര്‍ജന്‍മാര്‍ എന്നിങ്ങനെ 8,900ലധികം മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ തസ്തികകള്‍ ഗ്രാമീണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ (സിഎച്ച്‌സി) ഒഴിഞ്ഞുകിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളിലെ പിഎച്ച്‌സികളില്‍ 1,796 ഡോക്ടര്‍മാരുടെയും 1,415 സ്‌പെഷ്യലിസ്റ്റുകളുടെയും ഒഴിവുകള്‍ നികത്താതെ കിടക്കുന്നു.

രോഗം കൂടുന്നു; ചികില്‍സാ സൗകര്യം കുറയുന്നു

രോഗങ്ങളുടെ എണ്ണം കൂടുമ്പോള്‍ ചികില്‍സാ സംവിധാനങ്ങള്‍ കുറയുന്നതാണ് രാജ്യത്തെ പൊതു ആരോഗ്യ മേഖലയിലെ അവസ്ഥ. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ കുറവിനൊപ്പം ജീവനക്കാര്‍ കൂടി ഇല്ലാതാകുന്നതോടെ ചികില്‍സ ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു. അവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് സ്വകാര്യ മേഖലയിലും തിരക്ക് വര്‍ധിപ്പിക്കുന്നു, ചികില്‍സാ ചിലവുകള്‍ കൂടുന്നു, രാജ്യത്ത് മെഡിക്കല്‍ പഠനം നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇരട്ടിയിലേറെ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന്റെ ഗുണഫലം കാണുന്നില്ല. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 2014ല്‍ 51,000 ആയിരുന്നത് 2024ല്‍ 1,12,000 ആയി ഉയര്‍ന്നു. ബിരുദാനന്തര മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 31,000 ല്‍ നിന്ന് 72,000 വരെയും ഉയര്‍ന്നു. ഇത്രയേറെ പേര്‍ പഠിച്ചിറങ്ങിയിട്ടും പൊതു ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ബഹുഭൂരിപക്ഷം മെഡിക്കല്‍ ബിരുദധാരികളും നഗരപ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഈ മേഖലയിലെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Related Articles
Next Story
Videos
Share it