

കാര്‍ഷിക മേഖലയുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു റബറിന്റെ താങ്ങുവില 250 രൂപയാക്കുകയെന്നത്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും വിവിധ മുന്നണികളുടെ പ്രകടനപത്രികയില്‍ സ്ഥിരമായി ഇടംപിടിക്കുന്ന വിഷയം കൂടിയായിരുന്നു ഇത്. അധികാരത്തിലെത്തിയ ശേഷം കര്‍ഷക സംഘടന പ്രതിനിധികള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടിരുന്നു.
റബര്‍ താങ്ങുവില വിഷയം പരിഗണിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്ങുവിലയില്‍ 20-25 രൂപയുടെ വര്‍ധനയാണ് പലരും പ്രതീക്ഷിച്ചത്. എന്നാല്‍ 250 രൂപ താങ്ങുവിലയാക്കിയത് റബര്‍ കര്‍ഷകര്‍ക്ക് ഇരട്ടി മധുരമായി.
നിലവില്‍ ആഭ്യന്തര വിപണിയില്‍ റബര്‍ വില 270 രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ട് താങ്ങുവില നല്‌കേണ്ട ആവശ്യമില്ല. പശ്ചിമേഷ്യന്‍ യുദ്ധവും ലഭ്യതക്കുറവും കാരണമാണ് വില കുതിച്ചുയര്‍ന്നത്. ആറുമാസം മുമ്പ് വരെ വില 200 രൂപയില്‍ താഴെയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാരിന് പ്രഖ്യാപനം കൊണ്ട് സാമ്പത്തിക ബാധ്യത വരുന്നില്ല. എന്നാല്‍ റബര്‍വില ഇടിയുമ്പോള്‍ സാഹചര്യം മാറും.
2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് റബര്‍ സ്ഥിരതാ ഫണ്ടിന് തുടക്കമിടുന്നത്. പെട്ടെന്നുള്ള വലിയ വിലയിടിവില്‍ കര്‍ഷകരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ താങ്ങുവില 130 രൂപയായിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ഇത് 200 രൂപയാക്കി ഉയര്‍ത്തിയത്. 2014 മുതല്‍ 2023 വരെ ആകെ 1,807 കോടി രൂപ ഇത്തരത്തില്‍ വിതരണം ചെയ്തു.
റബര്‍ വലയില്‍ വലിയ കയറ്റിറക്കങ്ങളാണ് അടുത്ത കാലത്തായി കാണുന്നത്. വരുന്ന 3-4 വര്‍ഷം ആഗോള തലത്തില്‍ ഉത്പാദനം കുറവായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. പ്രധാന രാജ്യങ്ങളില്‍ ഉത്പാദനം താഴ്ന്ന നിലയിലാണ്. എന്നിരുന്നാല്‍ തന്നെയും ഇപ്പോഴത്തെ പോലെ സ്ഥിരമായി വില 250 രൂപയ്ക്ക് മുകളില്‍ നില്ക്കുമെന്ന് കരുതാന്‍ വയ്യ.
റബര്‍ വില 200 രൂപയ്ക്ക് താഴേക്ക് പോയാല്‍ സര്‍ക്കാരിന് അത് വലിയ തലവേദനയാകും. താങ്ങുവില 250ലെത്തിയതിനാല്‍ കര്‍ഷകര്‍ സര്‍ക്കാര്‍ സഹായം തേടും. ഇത് വലിയ ബാധ്യതയിലേക്ക് സര്‍ക്കാരിനെ എത്തിക്കും. ഇത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് തന്നെയാകും വിഡി സതീശന്‍ ബജറ്റില്‍ വര്‍ധന പ്രഖ്യാപിച്ചതും.
ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കായി മറ്റ് പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് അവതരണത്തില്‍ വി.ഡി സതീശന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine