വെയ് രാജാ വെയ്, ഒന്നു വെച്ചാല്‍ രണ്ട്; മലയാളിയെ പറ്റിക്കാന്‍ എത്ര എളുപ്പമാണ്! ആര്‍ത്തിക്കുണ്ടോ, അവസാനം?

പാതിവില തട്ടിപ്പിന്റെ അറിയാക്കഥകള്‍ ചുരുളഴിയുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് മലയാളി
Ananthu Krishnan
X
Published on

കുടയത്തൂര്‍ വീരന്‍ അനന്തു കൃഷ്ണനാണ് പുതിയ താരം. പാതി വിലക്ക് സ്‌കൂട്ടറും ലാപ്‌ടോപും മുതല്‍ ജൈവവളം വരെ കിട്ടാന്‍ വഴിയുണ്ടെന്ന് കേട്ടാല്‍ അതിനു പിന്നാലെ ആര്‍ത്തി പൂണ്ട് മലയാളി പറക്കും. കഥയില്‍ ചോദ്യമില്ല. ആദ്യം തനിക്ക് കിട്ടണമെന്ന അമിതാവേശം മാത്രം. അതിനിടയില്‍, പ്രായം 26 മാത്രമുള്ള ചെക്കന്റെ തട്ടിപ്പ് 1,000 കോടിയും കടന്നു നില്‍ക്കുന്നു. ആദ്യം കുറ്റപ്പെടുത്തേണ്ടത് ആരെയാണ്? ഈ കുടയത്തൂര്‍ വീരനെയോ, അയാള്‍ക്കു പിന്നാലെ പോയവരെയോ? അനന്തുവിന്റെ തട്ടിപ്പിന്, അയാള്‍ ബന്ധമുണ്ടാക്കിയെടുത്ത ഉന്നതര്‍ക്ക് ഒരു ബന്ധവുമില്ലേ? ഈ ചോദ്യങ്ങള്‍ക്കു മുന്നില്‍ മൂക്കത്തു വിരല്‍ വെച്ച് അമ്പരന്നു നില്‍പാണ് കേരളം.

എത്രയായി തട്ടിപ്പ്? എന്നിട്ടും പഠിക്കുന്നുണ്ടോ?

എത്ര തവണ കബളിപ്പിക്കപ്പെട്ടാലും പഠിക്കില്ലെന്ന അവസ്ഥയാണ്. ഒന്നോര്‍ത്താല്‍ തട്ടിപ്പ് എത്രയായി! ലാബല്ല രാജന്‍, ആട്, തേക്ക്, മാഞ്ചിയം, മണി ചെയിന്‍ എന്നിങ്ങനെ ജോണ്‍സണ്‍ മാവുങ്കല്‍ വഴി അനന്തു കൃഷ്ണനില്‍ അത് എത്തി നില്‍ക്കുന്നു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയുടെ ലക്ഷങ്ങള്‍ സൈബര്‍ തട്ടിപ്പു വീരന്മാര്‍ ചോര്‍ത്തിയത് അടുത്തയിടെയാണ്. ഹൈക്കോടതി റിട്ട. ജഡ്ജിയും പ്രമുഖ എന്‍.ജി.ഒയുടെ എക്‌സിക്യൂട്ട് ഡയറക്ടറുമൊക്കെ പുതിയ തട്ടിപ്പിലുമുണ്ട്, കുറ്റാരോപിതരുടെ പട്ടികയില്‍.

പ്രമേയം ഒന്നു മാത്രം; സൂത്രത്തില്‍ പണം പെരുപ്പിക്കല്‍

പറയാതെ വയ്യ -ഈ കഥക്കെല്ലാം ഒരേയൊരു പ്രമേയം മാത്രം -ഇരട്ടിയും മൂന്നിരട്ടിയുമൊക്കെ ലാഭം വാരാനുള്ള, പൊടുന്നനെ പണക്കാരനാകാനുള്ള, ആരോരുമറിയാതെ സൂത്രത്തില്‍ പണം പെരുപ്പിക്കാനുള്ള ത്വര. കമീഷനായും ഉപകാരസ്മരണയുടെ പേരിലും നോട്ടിന്റെ വലിയ പൊതികളുമായി തട്ടിപ്പുകാര്‍ സമൂഹത്തിലെ ഉന്നതരെ നിശബ്ദ സേവകരാക്കുന്നു. മോഹവലയില്‍ പെട്ട പൊതുജനം ഇയാംപാറ്റ കണക്കെ തട്ടിപ്പിന്റെ മായിക വെളിച്ചത്തിലേക്ക് കൂട്ടമായി പറന്നടുക്കുന്നു. പണം പോയതിന്റെ കൂട്ടനിലവിളി ഉയരുമ്പോള്‍ മാത്രമാണ് ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത്, പൊലീസ്-നിയമ സംവിധാനങ്ങള്‍ ഉണരുന്നത്. അതുവരെ അധികൃതര്‍ സുഖനിദ്രയില്‍. ഉറങ്ങിപ്പോയതോ, ഉറക്കം നടിക്കുന്നതോ?

വാരിയത് 1,000 കോടി; അക്കൗണ്ടില്‍ ബാക്കി മൂന്നു കോടി

പൊലീസ് ഇപ്പോള്‍ പറയുന്ന കണക്കനുസരിച്ച് പാതിവിലത്തട്ടിപ്പില്‍ കുരുങ്ങിയത് 30,000ത്തോളം പേരാണ്. അനന്തു കൃഷ്ണന്റെ വരുതിയിലുള്ള 20ഓളം ബാങ്ക് അക്കൗണ്ടുകളിലേക്ക് അവര്‍ സ്‌കൂട്ടറും ലാപ്‌ടോപുമൊക്കെ പാതിവിലക്ക് കിട്ടാന്‍ പണം നിക്ഷേപിച്ചു. അങ്ങനെ സമാഹരിച്ചത് 1,000 കോടിയോളം രൂപയാണ്. ഇന്ന് അക്കൗണ്ടില്‍ ബാക്കി മൂന്നു കോടി. അപ്പോള്‍ ബാക്കി എന്തു ചെയ്തു? വെള്ളമൊഴുകിയിട്ട് ചിറ കെട്ടുന്ന മാതിരി, അതേക്കുറിച്ച് പല അന്വേഷണങ്ങളും ഇനി നടക്കും. പക്ഷേ, പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു കിട്ടാന്‍ പോകുന്നുണ്ടോ?

സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍

കേരളത്തിലെ 170 എന്‍.ജി.ഒകളെ തട്ടിപ്പു വലയിലേക്ക് ആകര്‍ഷിക്കാന്‍ അനന്തു കൃഷ്ണന് കഴിഞ്ഞുവെന്ന് കാണണം. അവരെ കോണ്‍ഫെഡറേഷനായി ഒരു കുടക്കീഴിലേക്ക് ഇയാള്‍ കൊണ്ടുവരാന്‍ തുടങ്ങിയത് 2022ലാണ്. അതില്‍ ചിലത് കേരളത്തിന്റെ പല ഭാഗങ്ങളിലായി അനന്തു തന്നെ രജിസ്റ്റര്‍ ചെയ്ത എന്‍.ജി.ഒകളായിരുന്നു. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ തട്ടിപ്പു പദ്ധതിയിലേക്ക് ആളുകളെ സംഘടിപ്പിക്കാന്‍ ബ്ലോക്ക് തലത്തിലും മറ്റും ആളുകളെ നിയോഗിക്കുന്നു. അവരുടെ പരിശ്രമത്തില്‍ പ്രാദേശിക രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ ഈ പദ്ധതിയുടെ പ്രചാരകരായി മാറുന്നു. ഒഴുകിയെത്തിയ പണത്തില്‍ ചെറിയൊരു ഭാഗം ഉപയോഗിച്ച് പാതിവിലക്ക് ഏതാനും പേര്‍ക്ക് സ്‌കൂട്ടറും മറ്റും നല്‍കി വിശ്വാസ്യത നേടി അനന്തു തട്ടിപ്പിന്റെ വലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചു.

എം.എല്‍.എയും മന്ത്രിയും

തന്റെ മേല്‍നോട്ടത്തിലുള്ള മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുഖേന 1.80 കോടി രൂപ ലാപ്‌ടോപിനു വേണ്ടി സമാഹരിച്ചു നല്‍കിയെന്നും, താന്‍ ചതിക്കപ്പെട്ടുവെന്നും ഇപ്പോള്‍ പറയുകയാണ് മുസ്‌ലിംലീഗ് എം.എല്‍.എയായ നജീബ് കാന്തപുരം. അനന്തു നയിക്കുന്ന എന്‍.ജി.ഒ കൂട്ടായ്മയുടെ ഒരു പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തതു കണ്ടാണ് താന്‍ ഇക്കൂട്ടരെ വിശ്വസിച്ചതെന്നും എം.എല്‍.എ വിശദീകരിക്കുന്നു. അമളി പറ്റിയെന്ന് പറയുന്ന മറ്റൊരാള്‍ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. പരിക്കേല്‍ക്കാത്ത വിധം എല്ലാ പാര്‍ട്ടിക്കാരെയും പെടുത്താന്‍ വിരുതന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്ന് പറഞ്ഞാല്‍ കഴിഞ്ഞു.

പ്രബുദ്ധ-സാക്ഷര കേരളം!

സോളാര്‍ പദ്ധതിയുടെ പേരില്‍ സരിത നടത്തിയ വന്‍കിട തട്ടിപ്പ്, പൗരാണിക സാമഗ്രികളുടെ പേരില്‍ ജോണ്‍സണ്‍ മാവുങ്കല്‍ നടത്തിയ ഭൂലോക തട്ടിപ്പ് എന്നിവയില്‍ നിന്ന് പാതിവിലത്തട്ടിപ്പിലേക്ക് എന്തുണ്ട് ദൂരം? പയ്യനും സംഘവും പറയുന്നതിലെ ശരിതെറ്റുകള്‍ നിലയും വിലയുമുള്ളവര്‍ പോലും പരിശോധിച്ചില്ല, അഥവാ, അവഗണിച്ചു എന്നതാണ് വിചിത്രം. പകുതി വിലക്ക് ലാപ്‌ടോപും സ്‌കൂട്ടറുമെല്ലാം തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നത് ചില കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി.എസ്.ആര്‍) ഫണ്ട് ഉപയോഗപ്പെടുത്തിയാണ് എന്നാണ് അനന്തു വിശദീകരിച്ചത്. ഇത്തരത്തില്‍ ഒരു കമ്പനി പോലും ഇവര്‍ക്ക് പണം നല്‍കിയില്ല. അക്കാര്യം ആരും പരിശോധിച്ചില്ല. ഇത്രയും വലിയൊരു പിരിവ് നടക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിരീക്ഷണത്തിലും വന്നില്ല. അങ്ങനെ പറഞ്ഞാല്‍, അതും വിശ്വസിക്കാന്‍ ജനം ബാധ്യസ്ഥരത്രേ. ഞൊടിയിടയില്‍ വളര്‍ന്ന പയ്യന്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതും ആഡംബര കാറുകളില്‍ നടക്കുന്നതുമൊന്നും പൊലീസില്‍ സംശയം ഉണ്ടാക്കിയില്ല എന്നും വിശ്വസിക്കണം. അതെ: അനന്തുവിനെ മാത്രമല്ല എന്തും വിശ്വസിക്കും, പ്രബുദ്ധ-സാക്ഷര മലയാളി!

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com