

ഒരുകാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് വലിയ നഷ്ടത്തിലേക്കും സാമ്പത്തികപ്രതിസന്ധിയിലേക്കും കൂപ്പുകുത്തുകയും ചെയ്ത പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഭൂമി ഇന്‍ഫോപാര്‍ക്ക് വികസനത്തിനായി കൈമാറും. കൊച്ചി ഇരുമ്പനത്തെ 33.5 ഏക്കര്‍ സ്ഥലമാണ് ഇന്‍ഫോപാര്‍ക്ക് ഏറ്റെടുക്കുന്നത്. 200 കോടി ട്രാക്കോ കേബിളിന് ഇടപാടിലൂടെ ലഭിക്കും.
ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ, ട്രാക്കോ കേബിള്‍ എം.ഡി എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചിരുന്നു. ഭൂമി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിന്റെ ഭാവി വികസനത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തൊഴിലാളികളുടെ ബാധ്യതകള്‍ തീര്‍ക്കാനും തുക ഉപയോഗിക്കും.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് സമീപം കണ്ണായ സ്ഥലത്താണ് ട്രാക്കോ കേബിളിന്റെ കൈവശമുള്ള സ്ഥലം. ഈ പ്രദേശം കൂടി ലഭിക്കുന്നതോടെ ഇന്‍ഫോപാര്‍ക്കിന്റെ നാലാംഘട്ട വികസനം അതിവേഗം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.
അഞ്ചുവര്‍ഷം മുമ്പു വരെ ലാഭത്തിലായിരുന്നു ട്രാക്കോ കേബിള്‍. ഗുണമേന്മയേറിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി വിപണി നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കോവിഡും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും മാനേജ്‌മെന്റ് തലത്തിലെ പ്രശ്‌നങ്ങളും കമ്പനിയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയായി. ജീവനക്കാരുടെ ശമ്പളം അടക്കം മാസങ്ങളോളം മുടങ്ങുന്ന അവസ്ഥയും സംജാതമായി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കടം 245 കോടി രൂപയ്ക്ക് മുകളിലായിയിരുന്നു. ഇരുമ്പനം യൂണിറ്റിലെ ഉത്പാദനം ഏറെക്കുറെ നിലയ്ക്കുകയും ചെയ്തു. ട്രാക്കോയുടെ ഇരുമ്പനം യൂണിറ്റിനെ തിരുവല്ല യൂണിറ്റുമായി ലയിപ്പിക്കാന്‍ അടുത്തിടെ ധാരണയായിരുന്നു.
ഇന്‍ഫോപാര്‍ക്കിലേക്ക് കൂടുതല്‍ കമ്പനികളുടെ അന്വേഷണം എത്തുന്നുണ്ട്. കൂടുതല്‍ ഐ.ടി ക്യാംപസ് നിര്‍മിക്കാന്‍ സ്ഥപരിമിതി നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഇരുമ്പനത്തെ 38 ഏക്കറോളം വരുന്ന സ്ഥലം ലഭിക്കുന്നത് നേട്ടമാകും.
ട്രാക്കോ കേബിളിന് കണ്ണൂര്‍ പിണറായി, തിരുവല്ല ചുമത്തറ എന്നിവിടങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്. കോവിഡ് കാലത്തടക്കം മികച്ച വില്പന നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗാള്‍ ആസ്ഥാനമായ പ്രഗതി വയേഴ്സ് എന്ന കമ്പനി ട്രാക്കോ കേബിളിനെതിരേ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതില്‍ കുടിശിക വരുത്തിയതിനായിരുന്നു പാപ്പരത്ത നടപടി.
Read DhanamOnline in English
Subscribe to Dhanam Magazine