Begin typing your search above and press return to search.
ഫ്രീയെന്ന പേരില്‍ നല്‍കി! ബില്ല് കണ്ട ഞെട്ടലില്‍ കണക്ഷന്‍ ഉപേക്ഷിച്ചത് 4 ലക്ഷം പേര്‍, ജല്‍ജീവന്‍ മിഷനില്‍ കൊഴിഞ്ഞുപോക്ക്
പ്രതിമാസം 15,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് സൗജന്യം
സംസ്ഥാനത്തെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ നടപ്പിലാക്കിയ ജലജീവന്‍ മിഷന്‍ പദ്ധതി നാല് ലക്ഷം പേര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. സൗജന്യമാണെന്ന് കരുതി കുടിവെള്ള കണക്ഷന്‍ എടുത്തവരാണ് ഇവരിലേറെയും. കണക്ഷന്‍ എടുത്തെങ്കിലും കുടിവെള്ളം ലഭിച്ചില്ലെന്നും എന്നിട്ടും ബില്ല് വന്നെന്നും പരാതിപ്പെടുന്നവരുമുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ കേരളം മെല്ലെപ്പോക്ക് തുടരുകയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് അനൗദ്യോഗിക കണക്കുകളും പുറത്തുവന്നത്.
ഫ്രീയെന്ന പേരില്‍
പല വീടുകളിലും സൗജന്യ കണക്ഷനെന്ന പേരിലാണ് പൈപ്പ് ലൈന്‍ നല്‍കിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. സൗജന്യമായി കിട്ടിയെന്ന് കരുതി പൈപ്പ് ലൈന്‍ എടുത്തവര്‍ ബില്ല് വന്നപ്പോഴാണ് ശരിക്കും കുടുങ്ങിയത്. വീട്ടില്‍ കുടിവെള്ള സൗകര്യമുണ്ടായിട്ടും സൗജന്യമാണെന്ന് കരാറുകാര്‍ പറഞ്ഞത് അനുസരിച്ചാണ് കുടിവെള്ള കണക്ഷന്‍ എടുത്തതെന്നാണ് പലരുടെയും പരാതി. എന്നാല്‍ പ്രതിമാസം 15,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് സൗജന്യ കുടിവെള്ളമെന്നാണ് അധികൃതരുടെ വിശദീകരണം. മറ്റുള്ളവര്‍ 144 രൂപ മിനിമം ചാര്‍ജായി അടക്കണം. ഉപയോഗത്തിന് അനുസരിച്ച് നിരക്ക് വര്‍ധിക്കുകയും ചെയ്യും.
സമയമടുത്തു, ഇപ്പോഴും പാതിവഴിയില്‍
കേരളത്തില്‍ ഇതുവരെ 54.18 ശതമാനം വീടുകളില്‍ (38,35,861 വീടുകള്‍)കുടിവെള്ളമെത്തിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. പദ്ധതി പുരോഗതിയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഏറ്റവും പിന്നില്‍ നിന്ന് രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. പശ്ചിമ ബംഗാളും കേരളത്തിനൊപ്പമുണ്ട്. ഇക്കൊല്ലം മാര്‍ച്ച് 31ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ 2026 ഡിസംബറെങ്കിലും എത്താതെ പദ്ധതി പൂര്‍ത്തിയാകില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. 54.45 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ 44,714.79 കോടി രൂപക്കാണ് സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നത്. ചെലവാകുന്ന തുക 50:50 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും.
Next Story
Videos