

ഇന്ത്യയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ലേബര്‍ സപ്ലൈ കമ്പനികള്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് നിര്‍ണായകമാകുന്നതായി റിപ്പോര്‍ട്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം രജിസ്റ്റര്‍ ചെയ്ത ജീവനക്കാരില്‍ 40 ശതമാനം ലേബര്‍ സപ്ലൈ, ലേബര്‍ കോണ്‍ട്രാക്ട് കമ്പനികളിലൂടെ ജോലിയില്‍ പ്രവേശിച്ചവരാണ്. അഞ്ചു പേരില്‍ രണ്ടു പേര്‍ ജോലി കണ്ടെത്താന്‍ ആശ്രയിച്ചത് ലേബര്‍ സപ്ലൈ കമ്പനികളെയാണ്. സെക്യൂരിറ്റി ജീവനക്കാരാണ് ഇവരില്‍ അധികവും. അതേസമയം, രാജ്യത്ത് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറയുന്നതായും ഇ.പി.എഫ്.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു മാസത്തെ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജീവനക്കാരുടെ എണ്ണത്തില്‍ 11 ശതമാനം കുറവാണുണ്ടായത്. ജൂലൈ മാസത്തില്‍ 11 ലക്ഷത്തോളം പേരാണ് ഇ.പി.എഫില്‍ രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റില്‍ ഇത് 9,30,000 ആയി കുറഞ്ഞു.
പ്രൊവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജീവനക്കാരില്‍ യുവാക്കളുടെയും സ്ത്രീകളുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 18-25 പ്രായപരിധിയിലുള്ളവരുടെ എണ്ണത്തില്‍ ഈ മാസം 30,000 പേരുടെ കുറവുണ്ട്. ജീവനക്കാരില്‍ ഏറ്റവും കൂടുതലുള്ളത് ഈ വിഭാഗത്തിലുള്ളവരാണ്. 59.26 ശതമാനം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. സ്ത്രീ ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തോളം കുറവുണ്ട്. ജൂലൈ മാസത്തിലെ കണക്കുകളില്‍ മൊത്തം ജീവനക്കാരില്‍ 29 ശതമാനമായിരുന്നു സ്ത്രീകള്‍. എന്നാല്‍ ഓഗസ്റ്റില്‍ അത് 27.2 ശതമാനമായി കുറഞ്ഞു. നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് രാജി വെച്ച് മറ്റ് കമ്പനികളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.
കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍
ഓഗസ്റ്റ് മാസത്തില്‍ ഇ.പി.എഫില്‍ ചേര്‍ന്ന ജീവനക്കാരില്‍ കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. 20.6 ശതമാനം. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് 50 ശതമാനത്തിലേറെയും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ മാത്രമാണ്. ഓരോ മാസവും രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികളെ കുറിച്ച് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. രാജ്യത്തെ തൊഴില്‍ മേഖലയിലെ ട്രെന്റുകളെ കുറിച്ചറിയാനുള്ള വിശ്വാസ യോഗ്യമായ ഡാറ്റയായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine