ഒമിക്രോണ്‍ കേസുകള്‍ 21; സ്ഥിരീകരിച്ചത് അഞ്ച് സംസ്ഥാനങ്ങളില്‍

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം 21 ആയി. ഞായറാഴ്ച മാത്രം രാജ്യത്ത് 17 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ , മഹാരാഷ്ട്ര, ഡല്‍ഹി എന്നിവടങ്ങളിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രാജസ്ഥാനിലെ ജയ്പൂരില്‍-9, മഹാരാഷ്ട്രയിലെ പൂനെയില്‍-7, ഡള്‍ഹി-1 എന്നിങ്ങനെയാണ് രോഗ ബാധിതര്‍. ജയ്പൂരില്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ നാലംഗ കുടുംബത്തിനും ഇവരുമായി സമ്പര്‍ക്കമുണ്ടായ 5 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇവരുമായി സമ്പര്‍ക്കമുള്ള ഒരാള്‍ക്കും, ഫന്‍ലന്റില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പൂനെയില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ ബാധിച്ചയാള്‍ ടാന്‍സാനിയയില്‍ നിന്നെത്തിയതാണ്.
കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചത്. 2 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലും ഒരു കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ 5 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്.
വ്യാപന ശേഷി കൂടുതല്‍, എന്നാല്‍ അപകടകാരിയല്ല
സാധാരണ കൊവിഡ് വരഭേദങ്ങളെക്കാള്‍ 5 ഇരട്ടി വ്യാപനശേഷി ഉണ്ടെങ്കിലും ഒമിക്രോണ്‍ അപകടകാരി അല്ലെന്നാണ് സൂചന. ലോകത്ത് ഇതുവരെ ഒമിക്രോണ്‍ മൂലം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമിക്രോണ്‍ ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമായേക്കാം. എന്നാല്‍ രണ്ടാം തരംഗത്തിലേത് പോലെ രൂക്ഷമാകില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആഗോളതലത്തില്‍ ഒമിക്രോണ്‍ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ എണ്ണവും കുറവാണ്. ഗുരുതരാമാവാന്‍ സാധ്യത കുറവാണെങ്കിലും ഒമിക്രോണിന്റെ വ്യാപനത്തെക്കുറിച്ച് വ്യക്തത വരാന്‍ ഒന്നുരണ്ട് ആഴ്ചകള്‍ കൂടി വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it