

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 500 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് തയാറാക്കിയ റഷ്യയ്‌ക്കെതിരായ ഉപരോധ നിയമം-2025 ബില്‍ അവതരിപ്പിക്കാന്‍ ട്രംപ് അനുമതി നല്കിയതായി യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം അറിയിച്ചിട്ടുണ്ട്. ബില്ലില്‍ അടുത്തയാഴ്ച്ച വോട്ടെടുപ്പ് നടക്കുമെന്നാണ് വിവരം.
ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങുന്നത്. ഈ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ സമ്മര്‍ദ്ദനീക്കം. ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സ്ഥാപകാംഗങ്ങളായ ബ്രിക്‌സ് കൂട്ടായ്മയിലുള്ള രാജ്യങ്ങളാണ് ട്രംപിന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളതെന്നത് ശ്രദ്ധേയമാണ്.
പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം യുഎസും റഷ്യയില്‍ നിന്ന് എണ്ണയും മറ്റ് വസ്തുക്കളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങള്‍ക്കുമേല്‍ കാര്യമായ നടപടി യുഎസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
എണ്ണ വിറ്റുകിട്ടുന്ന പണം യുക്രെയ്‌നുമായി യുദ്ധം ചെയ്യാനാണ് റഷ്യ ഉപയോഗിക്കുന്നതെന്നാണ് ട്രംപിന്റെ ആരോപണം. യുദ്ധം നിര്‍ത്തിക്കാനാണ് താന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തിയതെന്നും പലവട്ടം ട്രംപ് പറഞ്ഞിരുന്നു.
അതിനിടെ യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ടാങ്കര്‍ വിമാനങ്ങളും മധ്യേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാനില്‍ മതഭരണകൂടത്തിനെതിരേ കലാപം ശക്തമാണ്. എല്ലാ പ്രവിശ്യകളിലും ജനം തെരുവിലാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടം ജനങ്ങളെ അടിച്ചമര്‍ത്തിയാല്‍ ഇടപെടാന്‍ മടിക്കില്ലെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്കിയിരുന്നു.
വെനസ്വേലയ്‌ക്കെതിരായ നടപടിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ട്രംപ് ഇറാനിലെ ഭരണകൂടത്തെ ലക്ഷ്യമിട്ട് വാക്കുകള്‍ തൊടുത്തത്. വെനസ്വേലയില്‍ നിക്കോളാസ് മഡ്യൂറോയെ പുറത്താക്കിയതിന് പിന്നാലെ ഇറാനിലും ഇടപെടാന്‍ ട്രംപ് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ശക്തിപകരുന്നതാണ് യുദ്ധവിമാനങ്ങളുടെ വരവ്.
Read DhanamOnline in English
Subscribe to Dhanam Magazine