Begin typing your search above and press return to search.
ഇതിനേക്കാള്‍ നല്ലത് 4ജി ആയിരുന്നു! 5ജി സ്പീഡില്‍ ഇഴഞ്ഞ് ജിയോയും എയര്‍ടെല്ലും, ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ പിന്നോട്ട്
ആരംഭിച്ച് രണ്ട് വര്‍ഷമായപ്പോള്‍ ഇന്ത്യയിലെ 5ജി കണക്ടിവിറ്റി വേഗതയില്‍ വന്‍ കുറവെന്ന് പഠനം. വരിക്കാരുടെ എണ്ണം അധികരിച്ചതിനാല്‍ പ്രമുഖ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരായ ജിയോ, എയര്‍ടെല്‍ എന്നിവരുടെ ഡൗണ്‍ലോഡ് വേഗതയില്‍ വലിയ കുറവുണ്ടായി. ആളുകള്‍ കൂടുതലായി 5ജിയിലേക്ക് മാറിയതും ഓരോ ഉപയോക്താവും വിനിയോഗിക്കുന്ന 5ജി ഡാറ്റയുടെ അളവ് കൂടിയതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 16 ശതമാനം കണക്ഷനുകളും 700 മെഗാഹെര്‍ട്‌സിന്റെ ലോ ബാന്‍ഡാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ കവറേജ് ലഭിക്കുമെങ്കിലും ഇതില്‍ നെറ്റ്‌വര്‍ക്ക് സ്പീഡ് ഗണ്യമായി കുറയുമെന്നും കസ്റ്റമര്‍ കണക്ടിവിറ്റി റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ ഓപ്പണ്‍സിഗ്‌നലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബി.എസ്.എന്‍.എല്ലിനും വി.ഐക്കും കഷ്ടകാലം
രാജ്യത്തെ 5 ജി കണക്ടിവിറ്റിയില്‍ എയര്‍ടെല്ലും ജിയോയും മുന്നില്‍ നില്‍ക്കുമ്പോള്‍ വോഡഫോണ്‍-ഐഡിയയും (വി.ഐ), ബി.എസ്.എന്‍.എല്ലും വിയര്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന വി.ഐക്ക് ശരിയായ 5 ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ ആയിട്ടില്ല. നേരെമറിച്ച് ബി.എസ്.എന്‍.എല്ലാകട്ടെ രാജ്യം മുഴുവന്‍ 4ജി കണക്ഷന്‍ ശൃംഖല സ്ഥാപിക്കാനുള്ള തിരക്കിലാണ്. ഉപയോക്താക്കളുടെ എണ്ണം, കവറേജ്, 5ജി കണക്ടിവിറ്റി, നെറ്റ്‌വര്‍ക്ക് സ്പീഡ് എന്നിവയില്‍ ജിയോയും എയര്‍ടെല്ലും മുന്നിലാണ്. ചില ഘടകങ്ങള്‍ പരിശോധിച്ചാല്‍ ജിയോയേക്കാള്‍ മുന്നിലാണ് എയര്‍ടെല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഇന്റര്‍നെറ്റ് വേഗത കുറയുന്നു
അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായിട്ടും ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ റാങ്കിംഗ് ഇടിഞ്ഞതായി തെളിയിക്കുന്ന മറ്റൊരു പഠനവും പുറത്തുവന്നു. ഇന്റര്‍നെറ്റ് സ്പീഡ് അളക്കുന്ന ഓക്‌ല (ookla) സ്പീഡ്‌ടെസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍-ജൂണില്‍ 12ാം സ്ഥാനത്തായിരുന്ന ഇന്ത്യ ജൂലൈ-സെപ്റ്റംബറില്‍ 26ലേക്ക് ഇടിഞ്ഞു.112 രാജ്യങ്ങളുടെ റാങ്കിംഗിലാണിത്. കൂടാതെ ഏപ്രില്‍-ജൂണില്‍ സെക്കന്‍ഡില്‍ 107.03 എം.ബി ഉണ്ടായിരുന്ന ഇന്ത്യയിലെ ഡൗണ്‍ലോഡ് സ്പീഡ് ജൂലൈ-സെപ്റ്റംബറില്‍ സെക്കന്‍ഡില്‍ 91.7 എം.ബി എന്ന നിലയിലേക്ക് താഴ്ന്നു, 15 ശതമാനത്തിന്റെ ഇടിവ്. സമാന കാലയളവില്‍ അപ്‌ലോഡ് സ്പീഡും 11 ശതമാനം ഇടിഞ്ഞു. നേരത്തെ 9.21 എം.ബി.പി.എസ് ഉണ്ടായിരുന്നത് 8.17 എം.ബി.പി.എസായി മാറി. ഇന്ത്യയിലെ ശരാശരി 5ജി സ്പീഡ് കഴിഞ്ഞ വര്‍ഷം 300 എം.ബി.പി.എസ് ആയിരുന്നത് നിലവില്‍ 243 എം.ബി.പി.എസ് ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story
Videos