മഞ്ഞക്കുറ്റികള്‍ അവിടെത്തന്നെയുണ്ട്! 6,000 കോടിയുടെ ഈ ബൈപാസും ഭൂവുടമകളും ത്രിശങ്കുവില്‍

2025 ഏപ്രിലോടെ നിര്‍മ്മാണം ആരംഭിക്കാമെന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കടുത്ത വിമര്‍ശനമാണ് വികസനം ആഗ്രഹിക്കുന്നവര്‍ പങ്കുവെക്കുന്നത്
 Angamaly–Kumbalam bypas
Image courtesy: Canva
Published on

അങ്കമാലി മുതൽ അരൂർ ഭാഗത്തേക്കുളള നിർദ്ദിഷ്ട ആറുവരി ഗ്രീൻഫീൽഡ് ബൈപാസിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളില്‍ അനിശ്ചിതത്വം. ബൈപാസിനായി പുറപ്പെടുവിച്ച 3എ വിജ്ഞാപനം (3A Notification) നിയമപരമായ കാലാവധിക്കുള്ളിൽ തുടര്‍ നടപടികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് റദ്ദായിരിക്കുന്നു. ഇത് പദ്ധതി പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കൊച്ചിയുടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിലാണ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന 6,000 കോടി രൂപയുടെ ബൈപാസ് ദേശീയപാത അതോറിറ്റി അവതരിപ്പിച്ചിരിക്കുന്നത്.

ആലപ്പുഴ അരൂര്‍ ഭാഗത്ത് നിന്ന് വടക്കോട് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് വൈറ്റില, അങ്കമാലി, ആലുവ, കളമശ്ശേരി, ഇടപ്പള്ളി തുടങ്ങിയ ജംഗ്ഷനുകളെ തൊടാതെ പോകാന്‍ സഹായിക്കുന്ന വിധത്തിലാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്. കുമ്പളം ഭാഗത്ത് നിന്ന് ആലുവയില്‍ എത്താനുളള സമയം ഇത് 45 മിനിറ്റായി ചുരുക്കുന്നു. കൊച്ചി നഗരത്തിലൂടെ രൂക്ഷമായ ഗതാഗതക്കുരുക്കുളള സമയത്ത് കടന്നു പോയാല്‍ ഈ ദൂരം താണ്ടാന്‍ മൂന്നോ നാലോ മണിക്കൂറാണ് വേണ്ടി വരിക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാമെന്ന സൗകര്യം കൂടി പാതക്കുണ്ട്. കണയന്നൂര്‍, കുന്നത്തുനാട്, ആലുവ താലൂക്കുകളിലൂടെയാണ് ഈ ദേശീയ പാത പ്രധാനമായും കടന്നു പോകുന്നത്.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 2025 ഏപ്രിലോടെ നിര്‍മ്മാണം ആരംഭിക്കാമെന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പദ്ധതി നീണ്ടുപോകുന്നതില്‍ കടുത്ത വിമര്‍ശനമാണ് വികസനം ആഗ്രഹിക്കുന്നവര്‍ പങ്കുവെക്കുന്നത്.

വിജ്ഞാപനം റദ്ദാകാനുള്ള കാരണം

2024 ഓഗസ്റ്റ് 29 ന് പുറപ്പെടുവിച്ച 3676 (E) നമ്പർ 3എ വിജ്ഞാപനമാണ് ഇപ്പോൾ റദ്ദായിരിക്കുന്നത്. നിയമപ്രകാരം 3എ വിജ്ഞാപനം വന്ന് ഒരു വർഷത്തിനുള്ളിൽ അന്തിമ വിജ്ഞാപനമായ 3ഡി (3D) പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാൽ, സർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാലും ദേശീയപാത അതോറിറ്റിയുടെ (NHAI) ഭാഗത്തുനിന്നുണ്ടായ കാലതാമസവും മൂലം വിജ്ഞാപനം അസാധുവായി. ഇതോടെ, ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ 3എ വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കേണ്ടി വരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടര വര്‍ഷത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയത്.

പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ

തങ്ങളുടെ ഭൂമിയിൽ യാതൊരുവിധ അവകാശങ്ങളും വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാത കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങള്‍. ഭൂമി വിൽക്കാനോ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാനോ സാധിക്കാത്ത അവസ്ഥ കർഷകരെയും ചെറുകിട കച്ചവടക്കാരെയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. പദ്ധതിക്കായി മഞ്ഞക്കുറ്റികൾ സ്ഥാപിച്ച് ഭൂമി അടയാളപ്പെടുത്തിയെങ്കിലും, തുടർ നടപടികൾ വൈകുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സജി കുടിയിരിപ്പില്‍ പറഞ്ഞു. ഏകദേശം 2000 ഓളം കുടുംബങ്ങളെ ഈ പദ്ധതി നേരിട്ട് ബാധിക്കും. വീടുകൾ പൂർണമായും നഷ്ടപ്പെടുന്നവർക്ക് മറ്റൊരു സ്ഥലം വാങ്ങി വീട് വെക്കാൻ നിലവിലെ സാഹചര്യത്തിൽ വലിയ തുക ആവശ്യമായി വരുമെന്നതും വലിയ ആശങ്കയാണെന്ന് പട്ടിമറ്റം വില്ലേജ് ആക്ഷന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷിബു ജോസഫ് പറഞ്ഞു.

വീടുകളുടെ സമീപത്തും തോട്ടങ്ങളിലും മഞ്ഞകുറ്റി നാട്ടിയ പ്രദേശങ്ങള്‍
വീടുകളുടെ സമീപത്തും തോട്ടങ്ങളിലും മഞ്ഞകുറ്റി നാട്ടിയ പ്രദേശങ്ങള്‍

പദ്ധതിയില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍

പുതിയ റിപ്പോർട്ടുകൾ പ്രകാരം ബൈപാസിന്റെ അലൈൻമെന്റിലും വീതിയിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. കുണ്ടന്നൂരിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാതയുടെ അവസാന ഭാഗം കുമ്പളം ടോൾ പ്ലാസ ഭാഗത്തേക്ക് നീട്ടാനാണ് ആലോചിക്കുന്നത്. ഏകദേശം 300 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുക.

ഇതോടെ പാതയുടെ നീളം ഏകദേശം 50 കിലോമീറ്ററായി വർദ്ധിക്കും. കൂടാതെ, പുതിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിൽ പാത ആറുവരിയിൽ നിന്ന് എട്ടുവരിയായി (60 മീറ്റർ വീതി) ഉയർത്താനും സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.

ആവശ്യങ്ങളും ഭാവി നടപടികളും

നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം (LARR Act 2013) കർശനമായി പാലിക്കണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം. കെട്ടിടങ്ങൾക്കും മരങ്ങൾക്കും വിപണി വിലയനുസരിച്ചുള്ള തുക നൽകണമെന്നും, ഏറ്റെടുത്ത ശേഷം ബാക്കി വരുന്ന ഉപയോഗശൂന്യമായ ചെറിയ ഭൂമികൾ കൂടി സർക്കാർ ഏറ്റെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. കേന്ദ്ര മന്ത്രാലയത്തിന്റെ (MoRTH) അംഗീകാരം ലഭിക്കുന്നതോടെ അടുത്ത് തന്നെ പുതിയ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ തങ്ങളുടെ ഭൂമിക്ക് മേലുള്ള അനിശ്ചിതത്വം നീങ്ങാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Nirmala Sitharaman
Vizhinjam Port
തൊഴില്‍ദിനം 100ല്‍ നിന്ന് 125, കൂലിയും വര്‍ധിപ്പിക്കും, ഏതു സംസ്ഥാനത്തും ജോലി ചെയ്യാം; ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വിപ്ലവകരമായ മാറ്റം
President of Russia Vladmir Putin Attending A military event
logo
DhanamOnline
dhanamonline.com