മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി; ആയുഷ്മാന്‍ ഭാരത് സ്‌കീമില്‍ നിന്ന് ആശുപത്രികള്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നു

മാര്‍ച്ചിനു ശേഷം ആശുപത്രികള്‍ക്ക് ബില്‍ തുകയുടെ 10-15 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ഐ.എം.എ പറയുന്നു. ഓഗസ്റ്റ് ഏഴിനുശേഷം പദ്ധതിയുടെ കീഴില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യില്ലെന്ന് ആശുപത്രികള്‍
ayushman bharat
Published on

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ചികിത്സയ്ക്കായി കൊണ്ടുവന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി താളംതെറ്റുന്നു. രാജ്യത്തിന്റെ പലഭാഗത്തും ഈ പദ്ധതിയില്‍ ചേര്‍ന്ന ആശുപത്രികള്‍ക്ക് ചികിത്സ നടത്തിയതിന്റെ തുക നല്കുന്നതില്‍ കാലതാമസം വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പലയിടത്തും ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്.

ഓഗസ്റ്റ് ഏഴു മുതല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഹരിയാനയിലെ 650 സ്വകാര്യ ആശുപത്രികള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഈ ആശുപത്രികള്‍ക്കെല്ലാം ചേര്‍ന്ന് 500 കോടി രൂപയിലധികം കേന്ദ്രം നല്കാനുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഹരിയാന ഘടകം വ്യക്തമാക്കി.

മാര്‍ച്ചിനു ശേഷം ആശുപത്രികള്‍ക്ക് ബില്‍ തുകയുടെ 10-15 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ഐ.എം.എ പറയുന്നു. കുടിശിക വര്‍ധിച്ചതോടെ പല ആശുപത്രികളും രോഗികളെ തിരിച്ചയയ്ക്കുകയോ രോഗികളോട് ബില്‍ തുക അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തുവെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പല ആശുപത്രികളും ആയുഷ്മാന്‍ ഭാരത് സകീമില്‍ ചേര്‍ന്നതോടെ സാമ്പത്തികമായി തകര്‍ച്ച നേരിടുന്നുവെന്ന് ഐ.എം.എ ഹരിയാന പ്രസിഡന്റ് ഡോ. മഹാവീര്‍ ജയിന്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഏഴിനുശേഷം പദ്ധതിയുടെ കീഴില്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യില്ലെന്നാണ് ആശുപത്രികള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലും കുടിശിക

ആയുഷ്മാന്‍ ഭാരതില്‍ ചേര്‍ന്ന കേരളത്തിലെ ആശുപത്രികള്‍ക്ക് 400 കോടി രൂപ കുടിശികയുണ്ടെന്ന് ചില മലയാളം മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയുഷ്മാന്‍ പദ്ധതിക്കു കീഴില്‍ രാജ്യമാകെ 41 കോടിയിലധികം കാര്‍ഡുകള്‍ വിതരണം ചെയ്‌തെന്നാണ് കണക്ക്.

9.84 കോടി ആശുപത്രി അഡ്മിറ്റുകള്‍ക്കായി 1.40 ലക്ഷം കോടി രൂപയിലധികം ബില്‍ തുക ആശുപത്രികള്‍ക്ക് ഇതുവരെ നല്കിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്. താഴ്ന്ന വരുമാനക്കാര്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയ്ക്ക് വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com