70 കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കാന്‍ കേന്ദ്രപദ്ധതി

എഴുപത് വയസ് പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ 55 കോടി ഗുണഭോക്താക്കള്‍ക്കാണ് അയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നതെന്നും കഴിഞ്ഞ ദിവസത്തെ നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി. ബജറ്റില്‍ ഇത് സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിവരം.
പൊതുജനങ്ങളുടെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. 12 കോടി കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
നിലവില്‍ അയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം 55 കോടിയാളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതുകൂടാതെ 70 കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിക്കുകയാണെന്നും അവര്‍ പറഞ്ഞു. മാത്രവുമല്ല, താങ്ങാവുന്ന നിരക്കില്‍ മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്ന 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൂടി ഉടന്‍ രാജ്യത്ത് അരംഭിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം
വയോജനങ്ങള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നത് ഇത്തവണത്തെ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. 70 കഴിഞ്ഞവര്‍ക്കൊപ്പം ട്രാന്‍സ്ജെന്‍ഡറുകളെയും അയുഷ്മാന്‍ ഭാരത് യോജനയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Related Articles

Next Story

Videos

Share it