

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുമ്പാകെ സമര്‍പ്പിച്ച സംസ്ഥാനത്തെ രണ്ട് പ്രധാന പദ്ധതികളായ കോഴിക്കോട് മലാപ്പറമ്പ് - പുതുപ്പാടി, ഇടുക്കി അടിമാലി - കുമളി റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 804.76 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
ദേശീയപാത 766 ല്‍ കോഴിക്കോട് മലാപ്പറമ്പ് മുതല്‍ താമരശ്ശേരി ചുരത്തിന് അടുത്ത് പുതുപ്പാടി വരെ ദേശീയപാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാനായി 454.01 കോടി രൂപയും, ദേശീയപാത 185 ല്‍ അടിമാലി മുതല്‍ കുമളി വരെ റോഡ് നവീകരണത്തിന് ഭൂമിയേറ്റെടുക്കാന്‍ 350.75 കോടി രൂപയുമാണ് അനുവദിച്ചത്.
ടൂറിസം വികസനം
മലാപ്പറമ്പ് പുതുപ്പാടി റോഡ് വയനാട്ടിലേക്കുള്ള ടൂറിസം വികസനത്തിന് പ്രധാനപ്പെട്ടതാണ് സംസ്ഥാനം കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. ഈ പാതയില്‍ താമരശ്ശേരിയിലും കൊടുവള്ളിയിലും ബൈപാസുകള്‍ നിര്‍മിക്കും. ഇരു പദ്ധതികളുടേയും ഭൂമി ഏറ്റെടുക്കലും ദേശീയപാതാ വികസനവും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 23,842 കിലോമീറ്ററും റണ്ണിങ് കോണ്‍ട്രാക്ട്, ഡിഫക്റ്റ് ലയബിലിറ്റി പീരീഡ് (ഡി.എല്‍.പി) പദ്ധതികളില്‍ ഉള്‍പ്പെടുത്തി മികച്ച രീതിയില്‍ പരിപാലിക്കുന്നുണ്ട്. ബാക്കി വരുന്നവ കിഫ്ബി പ്രവൃത്തി നടക്കുന്നവയും ദേശീയപാതാ അതോറിറ്റിയുടെ കീഴിലുമാണ്. കിഫ്ബി പ്രവൃത്തികള്‍ നടക്കുന്ന റോഡുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കിഫ്ബി അധികൃതരുമായി ചര്‍ച്ച നടത്തും.
Read DhanamOnline in English
Subscribe to Dhanam Magazine