
എട്ടാം ശമ്പള കമ്മീഷൻ ഉടൻ രൂപീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എട്ടാം ശമ്പള കമ്മീഷന്റെ ഗുണം ലഭിക്കും. സൈന്യത്തില്‍ നിന്ന് വിരമിച്ചവർ ഉൾപ്പെടെ ഏകദേശം 65 ലക്ഷം പെൻഷൻകാർക്ക് പുതിയ കമ്മീഷന്റെ ആനുകൂല്യം ലഭിക്കും.
2026 ജനുവരി 1 ന് എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ കേന്ദ്ര സർക്കാർ ഉടൻ അംഗീകരിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവ എട്ടാം ശമ്പള കമ്മീഷൻ പരിഷ്കരിക്കും. കൂടാതെ, പണപ്പെരുപ്പത്തിന് അനുസൃതമായി ഡിയർനെസ് അലവൻസ് (ഡി.എ) കമ്മീഷൻ ക്രമീകരിക്കുന്നതാണ്.
എട്ടാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള വർദ്ധനവിന്റെ ശതമാനം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനുളള സാധ്യതകളാണ് ഉളളത്. ലെവൽ-1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 51,000 രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്. എട്ടാം ശമ്പള കമ്മീഷൻ 2.86 വരെ ഫിറ്റ്മെന്റ് ഘടകം നടപ്പാക്കിയാലാണ് ഇത്തരത്തില്‍ ശമ്പള വര്‍ധനയുണ്ടാകുക.
സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന അവലോകനം ചെയ്യുന്നതിനും അതിൽ മാറ്റങ്ങൾ വരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ സാധാരണയായി പത്ത് വർഷത്തിലൊരിക്കലാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്. പണപ്പെരുപ്പം, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വരുമാന അസമത്വം, അനുബന്ധ സൂചകങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഘടകങ്ങളാണ് കമ്മീഷൻ പരിഗണിക്കുക. കൂടാതെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ബോണസുകൾ, ആനുകൂല്യങ്ങൾ, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കമ്മീഷന്‍ അവലോകനം ചെയ്യുന്നു.
മൻമോഹൻ സിംഗ് നയിച്ച യുപിഎ സർക്കാർ 2014 ൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളാണ് നിലവിൽ പിന്തുടരുന്നത്. 2016 ജനുവരി 1 നാണ് ഈ ശുപാർശകൾ നടപ്പിലാക്കിയത്.
Eighth Pay Commission to benefit over 1.15 crore central government employees and pensioners from January 2026.
Read DhanamOnline in English
Subscribe to Dhanam Magazine