കേന്ദ്രജീവനക്കാര്‍ക്ക് പുതിയ ശമ്പള കമീഷനായി; ഇനി ആദായ നികുതിയിളവ് എത്രത്തോളം പ്രതീക്ഷിക്കാം?

2026ല്‍ പുതിയ ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയേക്കും
കേന്ദ്രജീവനക്കാര്‍ക്ക് പുതിയ ശമ്പള കമീഷനായി; ഇനി ആദായ നികുതിയിളവ് എത്രത്തോളം പ്രതീക്ഷിക്കാം?
Published on

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷിക്കാം. എട്ടാം ശമ്പള കമീഷന്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ചെയര്‍മാനെയും രണ്ട് അംഗങ്ങളെയും വൈകാതെ നിശ്ചയിക്കുമെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. അതേസമയം, പുതിയ ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ എന്നു മുതല്‍ നടപ്പാവുമെന്ന് വ്യക്തമല്ല. 2026ല്‍ കമീഷന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും, ആ വര്‍ഷം ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി നടപ്പാക്കുമെന്നുമാണ് കരുതേണ്ടത്. ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകളുടെ കാലാവധി 2015 ഡിസംബറിലാണ് കഴിയുന്നത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കേ, 2014 ഫെബ്രുവരിയിലാണ് ഏഴാം ശമ്പള കമീഷന്‍ രൂപവല്‍ക്കരിച്ചത്. 2015 നവംബറില്‍ റിപ്പോര്‍ട്ട് കൈമാറി. ശിപാര്‍ശകള്‍ക്ക് 2016 ജനുവരി ഒന്നു മുതല്‍ പ്രാബല്യം നല്‍കിയാണ് നടപ്പാക്കിയത്. 2026 ജനുവരിയാകുമ്പോള്‍ 10 വര്‍ഷം തികയും.

സമാശ്വാസമോ, തന്ത്രമോ?

കേന്ദ്ര ബജറ്റ് വരുന്നതിനു മുമ്പു തന്നെ പുതിയ ശമ്പള കമീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതും അക്കാര്യം പ്രഖ്യാപിച്ചതും സര്‍ക്കാറിന്റെ തന്ത്രപരമായ നീക്കമാണോ? ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തണമെന്ന ജീവനക്കാരുടെയും മറ്റും ആവശ്യം പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കാനുള്ള സാധ്യത കുറയുന്നുവെന്ന സൂചന ഈ പ്രഖ്യാപനത്തില്‍ ഉണ്ടെന്ന് കാണുന്നവരുണ്ട്. ശമ്പള കമീഷന്‍ പിറക്കുന്നത്, ജീവനക്കാരുടെ ശമ്പളം വൈകാതെ ഉയര്‍ത്താനാണ്. കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കല്‍ സര്‍ക്കാറിന് വലിയൊരു അധിക സാമ്പത്തിക ബാധ്യത കൂടിയാണ്. ഈ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആദായ നികുതി ഇളവു പരിധിയില്‍ കാര്യമായൊരു വര്‍ധന വരുത്തുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള പുറപ്പാടിലാണോ സര്‍ക്കാര്‍? അതറിയാന്‍ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് പ്രസംഗം വായിച്ചു തീരുന്നതു വരെ കാത്തിരിക്കണം.

തെരഞ്ഞെടുപ്പില്‍ നേരിട്ട അമര്‍ഷം മാറ്റാന്‍

അതേസമയം, രാഷ്ട്രീയമായി മോദിസര്‍ക്കാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട അമര്‍ഷം മാറ്റിയെടുക്കാനുള്ള ഒരു നടപടി കൂടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർ ഏറെയുള്ള ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് മന്ത്രിസഭ തീരുമാനം. സർക്കാറിനെതിരായ അമര്‍ഷം ഉള്ളില്‍ പേറിയവരില്‍ ഒരു കൂട്ടര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നീരസം മാറ്റിയെടുക്കാനുള്ള പ്രധാന ചുവടു വെയ്പുകളിലൊന്നാണ് ശമ്പള കമീഷന്‍ രൂപീകരണം. മറ്റൊന്ന് നികുതിയുടെ അധികഭാരം അടിച്ചേല്‍പിക്കാതെ 'സുഖാനുഭൂതി' നല്‍കുകയാണ്. രണ്ടാമത്തെ കാര്യത്തില്‍ സര്‍ക്കാര്‍ സമീപനം എന്തായിരിക്കുമെന്ന കാത്തിരിപ്പിന്റെ നാളുകളാണ് ബജറ്റിലേക്ക് ഇനിയുള്ള രണ്ടാഴ്ച.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com