വിദേശ സഹായവും വിവാദങ്ങളും: എന്താണ് ഇതിനൊരു പോംവഴി?
കേരളത്തിന് യുഎഇ 700 കോടി രൂപ ദുരിതാശ്വാസ സഹായം വാഗ്ദാനം ചെയ്‌തെന്ന വാർത്തകൾക്ക് പിന്നാലെ വിദേശ സഹായം ഇന്ത്യ സ്വീകരിക്കില്ലെന്നും യുഎഇ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും മറ്റുമുള്ള വാർത്തകൾ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വിവാദങ്ങളെല്ലാം അവിടെ നിൽക്കട്ടെ. എന്താണ് വിദേശ സഹായം നേടുന്നതിന് പിന്നിലെ തടസ്സം? എന്താണ് ഇതിനൊരു പോംവഴി? നമുക്കതിനെക്കുറിച്ച് പരിശോധിക്കാം.
വിദേശ സഹായം സംബന്ധിച്ച വാർത്തകൾക്ക് തൊട്ടുപിന്നാലെ ഇന്ത്യ കേരളത്തിന് വേണ്ടി സഹായം സ്വീകരിക്കില്ലെന്ന് വിദേശ രാജ്യങ്ങളെയെല്ലാം ഇമെയിൽ വഴി അറിയിച്ചിട്ടുണ്ട്. 2004 ലെ സുനാമിക്ക് ശേഷം രൂപീകരിച്ച വിദേശ നയം പിന്തുടരാനാണ് ഇപ്പോഴത്തെ സർക്കാരിന്റെയും തീരുമാനം.
വിദേശ സഹായം വേണ്ടെന്ന നയത്തിന് പിന്നിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന്, ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ തന്നെത്താനെ കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്ന മാറിമാറി വന്ന സർക്കാരുകളുടെ വിശ്വാസമാണ്. മറ്റൊന്ന്, ഒരു രാജ്യത്തിൽ നിന്ന് സഹായം സ്വീകരിച്ചാൽ മറ്റൊരാളിൽ നിന്ന് നിരസിക്കാൻ കഴിയില്ലെന്ന നയതന്ത്രപരമായ ബുദ്ധിമുട്ടാണ്.
സാങ്കേതികമായി പരിശോധിച്ചാൽ, കേന്ദ്ര സർക്കാരിന് FCRA ക്ലിയറൻസ് ഉള്ള വിദേശ സന്നദ്ധ സംഘടനകളെയോ മറ്റ് സഹായ സംഘങ്ങളെയോ ദുരിതാശ്വാസ സംഭാവന നൽകുന്നതിൽ നിന്ന് തടയാൻ കഴിയില്ല. അതുകൊണ്ടുതന്നെ, എൻആർഐ, വിദേശത്തുള്ള ഇന്ത്യൻ വംശജർ, വിവിധ ഫൗണ്ടേഷനുകൾ എന്നിവരിൽ നിന്നും സഹായധനം സ്വീകരിക്കാം എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യത്തിൻറെ സഹായധനം ഫൗണ്ടേഷനുകളോ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളോ വഴിയാണ് വരുന്നതെങ്കിൽ അത് സ്വീകരിക്കുന്നതിൽ നിലവിലെ നയം തടസമാകില്ല.
സുനാമിക്ക് ശേഷം ഈ നയം രൂപീകരിച്ച അന്നത്തെ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, പുനരധിവാസം, പുനർനിർമ്മാണം എന്നിവയ്ക്ക് വിദേശ സഹായം സ്വീകരിക്കുന്നതിൽ എതിർപ്പ് കാണിച്ചിരുന്നില്ല.
വലിയൊരു വിഭാഗം മലയാളികൾ ജോലി ചെയ്യുന്ന ഇടമാണ് യുഎഇ. അതുകൊണ്ടുതന്നെ യുഎഇ സർക്കാർ നീട്ടുന്ന സഹായം നിരസിക്കരുതെന്നും കേന്ദ്ര സർക്കാരിനോട് ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്‍ക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങി നിരവധി പ്രമുഖർ അഭ്യർത്ഥിച്ചിരുന്നു.
മോദി സർക്കാരിന്റെ 2016 ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം, ഏതെങ്കിലും വിദേശ രാജ്യം ഇത്തരമൊരു സാഹചര്യത്തിൽ, ചോദിക്കാതെ തന്നെ, സഹായം വാഗ്ദാനം ചെയ്‌താൽ, അത് സ്വീകരിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിദേശ കാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കണം.
ലത്തൂരിലെയും ഭുജിലെയും ഭൂകമ്പത്തിന്റെ സമയത്ത് ഇന്ത്യ ഗൾഫ് രാജ്യങ്ങളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ സ്വീകരിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും കഴിയുന്ന എല്ലാ ശ്രോതസ്സുകളിൽ നിന്നും ഫണ്ട് സ്വരൂപിക്കാൻ അന്ന് ഒരു ഗ്ലോബൽ കൺവെൻഷൻ തന്നെ സംഘടിപ്പിച്ചിരുന്നു.
ഈയവസരത്തിൽ മുഴങ്ങിക്കേൾക്കുന്ന ഒരഭിപ്രായം എന്തെന്നാൽ മലയാളികൾക്ക് വളരെയധികം പ്രാതിനിധ്യമുള്ള ഗൾഫ് മേഖലകളിൽ നിന്ന് വരുന്ന സഹായം അപ്പാടെ നിരസിക്കുന്നതിന് പകരം, ലഭിക്കുന്ന വിദേശ സഹായം നേരിട്ട് കേരളത്തിന്റെ ദീർഘകാല വികസനത്തിന് നിക്ഷേപമായി കൈമാറാം എന്നതാണ്.
പ്രത്യേകിച്ച് ഒരു നിബന്ധനയും കൂടാതെയും നമ്മൾ ആവശ്യപ്പെടാതെയും വിദേശ രാജ്യങ്ങൾ നൽകുന്ന സഹായം നാടിന്റെ പുനർനിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഉപയോഗിക്കുന്നതിൽ നയപരമായ തടസ്സങ്ങൾ കാണാൻ കഴിയില്ല.