Begin typing your search above and press return to search.
ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല, നിർണായക ഉത്തരവിൽ സുപ്രീംകോടതി
പ്രായം നിർണയിക്കാൻ ആധാർ കാർഡ് സാധുതയുള്ള രേഖയല്ലെന്ന് സുപ്രീം കോടതി സുപ്രധാനമായ ഒരു വിധിയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. പ്രായം നിർണയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 2023 ലെ സർക്കുലർ നമ്പർ 8 പ്രകാരം ഐഡൻ്റിറ്റി സ്ഥാപിക്കാൻ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് ജനനത്തീയതിയുടെ തെളിവല്ലെന്നും കോടതി വ്യക്തമാക്കി.
2015 ല്‍ വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ ബന്ധുക്കൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വാഹനാപകടത്തിൽ ഇരയായവരുടെ പ്രായം നിർണയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 94 പ്രകാരം സ്‌കൂൾ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന ജനന തീയതിയിൽ നിന്ന് മരിച്ചയാളുടെ പ്രായം നിർണയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
സ്‌കൂൾ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ മരണപ്പെട്ടയാളുടെ പ്രായം കണക്കാക്കിയ മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണലിൻ്റെ (MACT) വിധി കോടതി ശരിവെച്ചു.
എം.എ.സി.ടി 19.35 ലക്ഷം രൂപയാണ് കേസില്‍ നഷ്ടപരിഹാരമായി നൽകിയത്. എന്നാല്‍ ട്രൈബ്യൂണല്‍ തെറ്റായി പ്രായം കണക്കാക്കിയെന്ന് പറഞ്ഞ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നഷ്ടപരിഹാരം 9.22 ലക്ഷം രൂപയായി കുറച്ചു. ഈ കേസിലാണ് ഹര്‍ജിക്കാരന് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story
Videos