
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസ് ഓഡിറ്റിംഗ് കമ്പനിയായ ഇ.വൈയെ സമീപിച്ചു. 2021ല്‍ ബൈജൂസ് ഏറ്റെടുത്ത കോച്ചിംഗ് സ്ഥാപനമാണ് ആകാശ്. രേഖകള്‍ കൃത്യസമയത്ത് സമര്‍പ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആകാശ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണുമായി ബന്ധപ്പെട്ട പാപ്പര്‍ ഹര്‍ജികളില്‍ ഇ.വൈക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നുവെന്നും പ്രൊഫഷണല്‍ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്നും ഇതില്‍ ആരോപിക്കുന്നു.
ഇ.വൈയുടെ നിലപാട് ഇരട്ടാത്താപ്പാണെന്ന് ആകാശിന്റെ നിയമവിഭാഗം ആരോപിക്കുന്നു. ഇരുകമ്പനികളും ലയന നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും ബൈജൂസിനും ആകാശിനും ഒരേസമയം സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കാനാണ് അവര്‍ ശ്രമിച്ചത്. ഇക്കാര്യം ഉന്നയിച്ച് നിരവധി ആകാശിന്റെ നിയമവിഭാഗം ഇ.വൈക്ക് നിരവധി കത്തുകള്‍ അയച്ചതായും മിന്റ് റിപ്പോര്‍ട്ടില്‍ തുടരുന്നു. ഇക്കാര്യത്തില്‍ ഇ.വൈ പ്രതികരിച്ചിട്ടില്ല.
2021ലാണ് ആകാശിനെ 950 മില്യന്‍ ഡോളര്‍ നല്‍കി ഏറ്റെടുക്കാന്‍ ബൈജൂസ് തീരുമാനിക്കുന്നത്. 70 ശതമാനം ഓഹരികള്‍ പണം നല്‍കി ഏറ്റെടുക്കുകയും ബാക്കി 30 ശതമാനത്തിന് ബൈജൂസിലെ ഓഹരികള്‍ നല്‍കാമെന്നുമായിരുന്നു വ്യവസ്ഥ. ആകാശിന്റെ പ്രൊമോട്ടര്‍മാരായ ചൗധരി കുടുംബത്തിനും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിനുമായിരുന്നു ബൈജൂസിന്റെ ഓഹരികള്‍ക്ക് അര്‍ഹത. എന്നാല്‍ നിയന്ത്രണാധികാരം നഷ്ടപ്പെടുമെന്ന് കാട്ടി ചൗധരി കുടുംബം തങ്ങളുടെ ഓഹരികള്‍ കൈമാറാന്‍ തയ്യാറായില്ല. ഇതിനെതിരെ ബൈജൂസ് നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ആകാശിലെ നിയന്ത്രണാധികാരത്തിന് വേണ്ടി നിക്ഷേപകര്‍ തമ്മില്‍ വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയാണ്.
ആകാശിന് പുറമെ ഇ.വൈക്കെതിരെ ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനും രംഗത്തെത്തിയിരുന്നു. ബൈജൂസിന് വായ്പ നല്‍കിയ ഗ്ലാസ് ട്രസ്റ്റും മറ്റൊരാളുമായി ചേര്‍ന്ന് ഇ.വൈ ഗൂഢാലോചന നടത്തിയതായും ഇതിന്റെ തെളിവ് കയ്യിലുണ്ടെന്നും ബൈജു ആരോപിച്ചിരുന്നു. ഗ്ലാസ് ട്രസ്റ്റിന്റെ ഭാഗമായി സ്വീകരിച്ച ടേം ലോണില്‍ നിന്നാണ് എല്ലാ പ്രശ്‌നങ്ങളും തുടങ്ങിയതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിലും ബൈജു രവീന്ദ്രന്‍ പറഞ്ഞിരുന്നു.
Aakash Educational Services accuses EY of conflict of interest for advising both Byju's and Aakash during the ongoing insolvency proceedings.
Read DhanamOnline in English
Subscribe to Dhanam Magazine