

ഒട്ടുമിക്ക കോര്‍പറേറ്റ് കമ്പനികളുടെ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. ഇതിനായി ഓരോ മാസവും ലക്ഷക്കണക്കിന് രൂപ ഈ കമ്പനികള്‍ മുടക്കാറുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഒരു ഓഫീസിന് മാത്രം നല്‍കുന്ന വാടകയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ കെട്ടിടത്തിന് ഒരു മാസം വാടകയായി ബാങ്ക് നല്‍കുന്നത് 18 ലക്ഷം രൂപയാണ്. മുംബൈ ജൂഹുവിലുള്ള അമ്മു ആന്‍ഡ് വാട്‌സ് എന്ന ആഡംബര ബംഗ്ലാവിന്റെ താഴത്തെ നിലയാണ് എസ്.ബി.ഐ 15 വര്‍ഷത്തേക്ക് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇതിന്റെ മാസവാടകയാണ് 18 ലക്ഷം രൂപ.
തുടക്കത്തില്‍ 18 ലക്ഷം രൂപയാണെങ്കിലും പിന്നീട് വാടക തുക വീണ്ടും വര്‍ധിക്കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ വാടക 23.6 ലക്ഷം രൂപയാകും. പത്താം വര്‍ഷം മുതല്‍ 29.5 ലക്ഷം രൂപ വീതം ബാങ്ക് വാടകയായി നല്‍കണം. 3,150 ചതുരശ്രയടിയാണ് ബാങ്ക് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 280 കോടി രൂപയാണ് അഭിഷേക് ബച്ചന്റെ ആസ്തി. ബച്ചന്‍ കുടുംബത്തിന്റെ തറവാടിന് അടുത്താണ് വാടകയ്ക്ക് നല്‍കിയിരിക്കുന്ന ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine