മഴക്കുറവ് പകുതിയോളം; ചൂട് ഇനിയും കൂടും

വരും ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് ഗണ്യമായി ഉയരുമെന്ന് കാലവസ്ഥാ വകുപ്പ്. മഴ പേരിനു മാത്രം പെയ്തൊഴിഞ്ഞതോടെ കടുത്ത വേനലാണ് ഇനി വരാന്‍പോകുന്നത്. പുഴകളിലും കിണറുകളിലും ജലനിരപ്പ് താഴ്ന്നു. 46% മഴക്കുറവാണ് സംസ്ഥാനത്താകെ ഉണ്ടായിട്ടുള്ളത്.

വൈദ്യുതി പ്രതിസന്ധിയിലേക്ക്

ഏറ്റവും ബാധിച്ചത് ഒന്‍പതു ജില്ലകളിലാണ്. ഇവിടെ 40 ശതമാനത്തിലേറെ മഴയുടെ കുറവാണുള്ളത്. ഇതില്‍ ഏറ്റവും മഴകുറവ് ഇടുക്കി ജില്ലയിലാണ്. 783 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇതുവരെ കിട്ടിയത്. 2076 മില്ലിമീറ്റര്‍ മഴ കിട്ടേണ്ടിടത്താണിത്. 62% മഴ കുറഞ്ഞതോടെ ജില്ലയിലെ ജലസംഭരണികള്‍ വറ്റിത്തുടങ്ങി.സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറയുന്നതോടെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങും.

സംഭരണശേഷിയുടെ 30% വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. ജലസേചന ഡാമുകളില്‍നിന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. മഴക്കുറവിനെ തുടര്‍ന്ന് വയനാടും കോഴിക്കോടും പാലക്കാടും തൃശൂരും കോട്ടയവും ജലക്ഷാമത്തിന്റെ വക്കിലാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. വയനാട്ടില്‍ 56%, കോഴിക്കോട് 54%, പാലക്കാട് 52%, തൃശൂരില്‍ 50%, കോട്ടയത്ത് 52% വീതമാണ് മഴയുടെ കുറവ്. സാധാരണ കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ടതിന്റെ പകുതി മഴ പോലും ഈ ജില്ലകളില്‍ കിട്ടിയില്ല. അടുത്തമാസം പ്രതീക്ഷിച്ച തോതില്‍ മഴകിട്ടിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഓഗസ്റ്റിലേക്കാള്‍ മഴ കൂടുതല്‍ കിട്ടിയേക്കും എന്നുമാത്രമാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

Related Articles
Next Story
Videos
Share it