അബുദബിയുടെ കുതിപ്പിന് ആരവങ്ങളില്ല; എന്നാൽ സ്മാർട്ട്

ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്നത് ദുബൈ നഗരത്തിന്റെ ചിത്രമാണ്. ബഹുനില കെട്ടിടങ്ങളും വിശാലമായ റോഡുകളും ഹൈപ്പര്‍ മാളുകളുമായി ദുബൈ നഗരം ഒരു സ്വപ്‌നലോകം കണക്കെ നിറഞ്ഞു നില്‍ക്കുന്നു. ദുബൈയുടെ പ്രശസ്തിക്ക് പിന്നില്‍ ആഗോള തലത്തില്‍ അവര്‍ നടത്തുന്ന സജീവമായ പി.ആര്‍ പ്രവര്‍ത്തനങ്ങളുമുണ്ട്. ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് വളരുന്ന യു.എ.ഇയിലെ ഈ എമിറേറ്റിന് ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടിയേ തീരു. എന്നാല്‍, അറബ് എമിറേറ്റുകളില്‍ കൂടുതല്‍ സ്മാര്‍ട്ടായി വളരുന്ന അബുദബി ആരവങ്ങള്‍ ഉയര്‍ത്തുന്നില്ല. യു.എ.ഇയുടെ തലസ്ഥാനമായ അബുദബി ലക്ഷ്വറി ജീവിതത്തിന്റെ മുഖമുദ്രയായി മാറാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. പാരമ്പര്യത്തില്‍ അധിഷ്ഠിതമായ എമിറേറ്റ് എന്നു പേരെടുത്ത അബുദബി, ലോകത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക നയവുമായാണ് മുന്നോട്ടു വരുന്നത്. ഫിന്‍ടെക് മുതല്‍ നിര്‍മിത ബുദ്ധി വരെയുള്ള സമസ്ത മേഖലകളിലും വിദേശ നിക്ഷേപത്തിന് അവസരമൊരുക്കി വാണിജ്യ വളര്‍ച്ചയുടെ പുതിയ പാതയിലൂടെയാണ് അബുദബി ഇപ്പോള്‍ കടന്നു പോകുന്നത്. കടലിലെ മുത്തും പവിഴവും വാരി വരുമാനമുണ്ടാക്കിയിരുന്ന കാലത്ത് നിന്ന് നിര്‍മിത ബുദ്ധിയുടെ കാലത്തേക്ക് അതിവേഗം വളര്‍ന്നതാണ് ഈ എമിറേറ്റിന്റെ പുതിയ കാല ചിത്രം.

നിക്ഷേപ സൗഹൃദ നയം

യു.എ.ഇയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 68 ശതമാനം അബുദബിയില്‍ നിന്നാണ്. 1930 കള്‍ക്ക് ശേഷം എണ്ണ ഖനനത്തില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന ഈ എമിറേറ്റ് ഇന്ന് വ്യവസായ മേഖലകളിലെ വരുമാനം വര്‍ധിപ്പിച്ചിരിക്കുന്നു. വിദേശ നിക്ഷേകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന നയമാണ് അടുത്ത കാലത്തായി അബുദബി സ്വീകരിച്ചു വരുന്നത്. കമ്പനികളില്‍ വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്നു. കോര്‍പ്പറേറ്റ് നികുതി, ആദായ നികുതി എന്നിവ ഇല്ലാത്തത് ബിസിനസില്‍ നിന്ന് വരുമാനം വര്‍ധിക്കാന്‍ സഹായിക്കുന്നു. ലോകത്തിലെ ആദ്യത്തെ നിര്‍മിത ബുദ്ധി സര്‍വ്വകലാശാല-മുഹമ്മദ് ബിന്‍ സായിദ് സര്‍വ്വകലാശാല ആരംഭിച്ചത് അബുദബിയിലാണ്. വിവര സാങ്കേതിക മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ക്ക് എമിറേറ്റ് ഏറെ പ്രോല്‍സാഹനം നല്‍കി വരുന്നു. സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ അബുദബി റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. പുനരുപയോഗ ഊര്‍ജമേഖലയിലെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിന് മസ്ദാര്‍ എന്ന പേരിലുള്ള സര്‍ക്കാര്‍ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നു. 200 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് അബുദബിയില്‍ ജോലിക്കാരായും നിക്ഷേപകരായും ഉള്ളത്.

സുരക്ഷിത നഗരം

ലോകത്തിലെ സുരക്ഷിത നഗരങ്ങളില്‍ മുന്‍നിരയിലാണ് അബുദബിയുടെ സ്ഥാനം. ഉയര്‍ന്ന ജീവിത നിലവാരമുള്ള നഗരങ്ങളുടെ പട്ടികയിലും എമിറേറ്റ് മുന്നിലാണ്. ഇതു കൊണ്ടു തന്നെ ഉയര്‍ന്ന വരുമാനമുള്ള മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ താമസത്തിനായി തെരഞ്ഞെടുക്കുന്നത് ഈ നഗരമാണ്. ലോകോത്തര സര്‍വ്വകലാശാലകളിലൂടെ വിവിധ കരിക്കുലങ്ങളിലുള്ള വിദ്യാഭ്യാസത്തിനും സൗകര്യങ്ങളുണ്ട്. ജി.സി.സി രാജ്യങ്ങളിലെ മികച്ച വിമാനത്താവളമായി അബുദബി വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകത്തിലെ വേഗതയേറിയ മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്ററായ യു.എ.ഇയുടെ എത്തിലസാത്ത്, പ്രമുഖ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമെന്ന നിലയിലും പ്രൊഫഷണലുകള്‍ക്കിടയില്‍ പ്രിയപ്പെട്ട നഗരമാണിത്.

വ്യവസായികള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള റെസിഡന്‍സ് വിസ

ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമെത്തുന്നത് അബുദബിയിലാണെന്ന് ഐക്യരാഷ്ട്ര സഭ ട്രേഡ് ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്നത് വലിയ തോതില്‍ വിദേശനിക്ഷേപമെത്തുന്നതിന് കാരണമാകുന്നു. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി യു.എ.ഇയെ മാറ്റുന്നതില്‍ ഈ നയം ഏറെ സഹായിച്ചിട്ടുണ്ട്. ഫിന്‍ ടെക്, ഇക്കോടൂറിസം മേഖലകളില്‍ വലിയ തോതില്‍ വിദേശ നിക്ഷേമാണ് ഇവിടെയെത്തുന്നത്. 40 ശതമാനത്തിലേറെ വളര്‍ച്ചയാണ് വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായത്. ഓഫീസുകളും വെയര്‍ഹൗസുകളും ആരംഭിക്കുന്നതിന് ലീസിംഗ് നിബന്ധനകളും ലഘൂകരിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക സോണുകളില്‍ കമ്പനികള്‍ തുടങ്ങുന്നവര്‍ക്ക് 100 ശതമാനം ലാഭമെടുപ്പിനുള്ള അനുമതിയാണ് നല്‍കുന്നത്. നിക്ഷേപത്തിന് കുറഞ്ഞ പരിധിയില്ല എന്നതും സംരംഭകരെ ആകര്‍ഷിക്കുന്നു. വ്യവസായികള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള റസിഡന്‍സ് വിസ അനുവദിക്കുന്നതും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെ അബുദബിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

Related Articles
Next Story
Videos
Share it