Dubai city
Dubai cityCanva

താമസ കേന്ദ്രം കോഴിക്കൂട് പോലെയാകരുത്! തിങ്ങിക്കൂടി കഴിയാനാണ് ഭാവമെങ്കില്‍ പിഴ വരും, അബൂദബിയില്‍ പ്രവാസി ബാച്ച്‌ലേഴ്‌സ് ജാഗ്രതൈ!

5,000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍
Published on

ഫ്‌ളാറ്റുകളിലും വില്ലകളിലും തിങ്ങിപ്പാര്‍ക്കുന്നവര്‍ക്ക് അബൂദബിയില്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ആളുകളുടെ എണ്ണം കൂടിയാല്‍ പിഴ 10 ലക്ഷം ദിര്‍ഹം വരെ. 'ബാച്ചിലേഴ്സാ'യ പ്രവാസികള്‍ കൂട്ടത്തോടെ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നതിന് തടയിടാനാണ് അബൂദബി മുന്‍സിപ്പാലിറ്റിയുടെ നീക്കം. സുരക്ഷാ കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

പരിശോധനകള്‍ തുടങ്ങി

'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്വം' എന്ന പേരിലുള്ള പ്രത്യേക കാമ്പയിന്റെ ഭാഗമായി വിദേശ തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ആദ്യ പരിശോധനയില്‍ ബോധവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 5,000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തിലെ ചില ഫ്‌ളാറ്റുകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടാണ് ബോധവല്‍ക്കരണം നടക്കുന്നത്.

കെട്ടിട ഉടമകള്‍ക്കും മുന്നറിയിപ്പ്

അബൂദബി നഗര ആസൂത്രണ പദ്ധതി പ്രകാരം ഓരോ കെട്ടിടങ്ങളിലും താമസിക്കാവുന്ന പരമാവധി ആളുകള്‍ക്ക് കണക്കുണ്ട്. കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ താമസത്തിന് നല്‍കുന്നതും കണ്ടെത്തിയാല്‍ കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.

വാടകക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ കെട്ടിടങ്ങള്‍ വാടകക്കെടുക്കാവൂ എന്നും നിര്‍ദേശമുണ്ട്. ഏതെങ്കിലും കെട്ടിടങ്ങളില്‍ ആളുകള്‍ കൂടുതലായി താമസിക്കുന്നുണ്ടെങ്കില്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ബാധിക്കുന്നത് ഏഷ്യന്‍ പ്രവാസികളെ

ഇത്തരം പരിശോധനകള്‍ ഗള്‍ഫ് നാടുകളില്‍ പ്രത്യേക ഇടവേളകളില്‍ നടക്കാറുണ്ടെങ്കിലും തിങ്ങിപ്പാര്‍ക്കലിന് കുറവ് വരാറില്ല. ഏഷ്യന്‍ പ്രവാസികളാണ് കൂടുതലായും ഇത്തരത്തില്‍ താമസിക്കുന്നത്. കുടുംബത്തെ കൂടെ കൊണ്ടു പോകാന്‍ കഴിയാത്ത തൊഴിലാളികള്‍ക്ക് ചെലവ് കുറഞ്ഞ താമസമാണ് ഈ രീതിയില്‍ ലഭിക്കുന്നത്. ഫ്‌ളാറ്റ് മുറികളില്‍ ബെഡ് റേക്കുകളിലായി പത്തു പേര്‍ വരെ താമസിക്കുന്ന ഇടങ്ങളുണ്ടെന്ന് മുന്‍ പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.

വാടക തുല്യമായി വീതിക്കുന്നതിനാല്‍ പ്രതിശീര്‍ഷ ചെലവ് കുറയും. മെസ് സംവിധാനമുള്ളതിനാല്‍ ഭക്ഷണച്ചെലവും കുറയും. എന്നാല്‍ ഇത് നിയമവിരുദ്ധമായതിനാല്‍ പരിശോധനകള്‍ വരുമ്പോള്‍ പിടിക്കപ്പെടും. ഫ്‌ളാറ്റുകളില്‍ അഗ്നിബാധ പോലുള്ള അപകടങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നതും ആളപായം കൂടുന്നതുമാണ് അധികൃതരെ കര്‍ശന നടപടികളിലേക്ക് നയിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com