എ.സി വാങ്ങാന്‍ തള്ളിക്കയറി ജനം! വില കൂട്ടാനൊരുങ്ങി കമ്പനികള്‍, മലയാളിക്ക് ചൂടുമാത്രമല്ല കാരണം

ഇന്ത്യയില്‍ പ്രതിവര്‍ഷം വില്‍ക്കുന്ന 1.5 കോടി എ.സിയില്‍ ഏഴുശതമാനവും കേരളത്തില്‍
ac and women
canva
Published on

സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ എയര്‍ കണ്ടീഷണര്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ കടകളില്‍ ജനത്തിരക്ക്. മുന്‍കാലങ്ങളില്‍ സമ്പന്നരുടെ വീടുകളില്‍ മാത്രം കണ്ടിരുന്ന എ.സി ഇന്ന് മലയാളി ഭവനങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിക്കഴിഞ്ഞു. ആകര്‍ഷകമായ ഇ.എം.ഐ പദ്ധതികളുമായി ധനകാര്യ സ്ഥാപനങ്ങളും സജീവമായത് കൂടുതല്‍ പേരെ എ.സി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതായി ഇലക്ട്രോണിക്‌സ് ഷോറൂമുകള്‍ പറയുന്നു. പ്രതിവര്‍ഷം 1.5 കോടി എ.സിയാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്നാണ് ഏകദേശ കണക്ക്. ഇതില്‍ ഏഴ് ശതമാനവും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇഷ്ടം ഇങ്ങനെ

30,000 രൂപയില്‍ താഴെയുള്ള എസികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. വില്‍പ്പനയില്‍ കൂടുതലും ഒരു ടണ്‍ ശേഷിയുള്ള എ.സികളാണ്. മറ്റ് സംസ്ഥാനങ്ങളിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ 1.5 ടണ്‍ ശേഷിയുള്ള എ.സികളും ചില കമ്പനികള്‍ കേരള വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ വീടുകളിലേക്ക് എ.സി വാങ്ങിയവരില്‍ കൂടുതലും തിരഞ്ഞെടുത്തത് ഒരു ടണ്‍ ശേഷിയുള്ളതായിരുന്നു.

കറണ്ട് ചാര്‍ജ് കൂടുമെന്നതിനാല്‍ 5 സ്റ്റാര്‍ റേറ്റിംഗ് നോക്കിയാണ് ആളുകള്‍ എ.സി വാങ്ങുന്നതെന്നും വ്യാപാരികള്‍ പറയുന്നു. സാധാരണ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലായിരുന്നു എസി വാങ്ങാനുള്ള തിരക്ക്. ഇത്തവണ ജനുവരി മുതലേ ആളുകള്‍ എത്തുന്നുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉത്തരേന്ത്യന്‍ മാതൃകയില്‍ കൂളറുകള്‍ വാങ്ങുന്നവരും ഏറെയാണ്.

കാരണം ചൂടുമാത്രമല്ല!

എന്നാല്‍ ചൂട് കൂടിയത് കൊണ്ട് മാത്രമല്ല മലയാളി എ.സി വാങ്ങാന്‍ തയ്യാറാകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. മലയാളിയുടെ വാങ്ങല്‍ ശേഷി കൂടിയതും നഗരവത്കരണം വര്‍ധിച്ചതും മാറി വരുന്ന ജീവിതശൈലിയും പ്രധാന കാരണങ്ങളിലൊന്നാണ്. പ്രവാസികള്‍ അധികമുള്ള കേരളത്തിലെ വീടുകള്‍ സ്വാഭാവികമായും അവിടത്തെ ട്രെന്‍ഡിനും ജീവിത രീതികള്‍ക്കുമൊപ്പമാണെന്നതും കൂട്ടിവായിക്കേണ്ടതാണ്.

വില കൂടും

അതേസമയം, വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും കംപ്രസര്‍ അടക്കമുള്ള ഉപകരണങ്ങളുടെ ക്ഷാമവും മൂലം കമ്പനികള്‍ എ.സി വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വില്‍ക്കുന്ന എ.സികളില്‍ ഉപയോഗിക്കുന്ന 35 ശതമാനം കംപ്രസറുകളും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതിന് പുറമെ എ.സികളില്‍ ഉപയോഗിക്കുന്ന വാതകങ്ങള്‍ ഇലക്ട്രോണിക് ചിപ്പുകള്‍ എന്നിവയുടെ ക്ഷാമവും കമ്പനികളെ അലട്ടുന്നുണ്ട്. എ.സി നിര്‍മാണത്തിന് ഉപയോഗിക്കുന്ന കോപ്പര്‍, അലൂമിനിയം എന്നിവയുടെ വില, ഗതാഗത ചെലവ് എന്നിവ വര്‍ധിച്ചത് തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതായത് 1,500 മുതല്‍ 2,000 രൂപ വരെ എ.സി വില വര്‍ധിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഓഹരി വിലയിലും മുന്നേറ്റം

വിപണിയിലെ ഡിമാന്‍ഡും ചൂടുകാലവും കണക്കിലെടുത്ത് എ.സി കമ്പനികളുടെ ഓഹരികളിലും മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കൊല്ലം മാര്‍ച്ച്, എപ്രില്‍, മേയ് മാസങ്ങളില്‍ രാജ്യത്തിന്റെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും പതിവിലും കൂടുതല്‍ ചൂടുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇത് രാജ്യത്താകമാനം എ.സി അനുബന്ധ ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. ഇതിനൊപ്പം വില വര്‍ധന കൂടി നടപ്പിലാകുന്നതോടെ മികച്ച വളര്‍ച്ചയാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ബ്രോക്കറേജ് സ്ഥാപനങ്ങളും എ.സി കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ മികച്ച നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com