പുതിയ ആഗോള ആസ്ഥാനവും ഗവേഷണ കേന്ദ്രവും തുറന്ന് ആക്‌സിയ ടെക്നോളജീസ്

തിരുവനന്തപുരത്ത് പുതിയ ആഗോള ആസ്ഥാനവും ഗവേഷണ-വികസന കേന്ദ്രവും തുറന്ന് ലോകത്തെ മുന്‍നിര വാഹന സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ആക്‌സിയ ടെക്നോളജീസ്. ഡിജിറ്റല്‍ കോക്ക്പിറ്റുകള്‍, ഡിസ്പ്‌ളേകള്‍, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങള്‍, ടെലിമാറ്റിക്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്ന കമ്പനിയുടെ പുതിയ ആസ്ഥാനകേന്ദ്രം ടെക്നോപാര്‍ക് ഫെയ്സ് ത്രീയിലെ എംബസി ടോറസ് ടെക്‌സോണിലാണ് സ്ഥിതിചെയ്യുന്നത്. മന്ത്രി പി. രാജീവ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.
നിര്‍മിതബുദ്ധിയുടെ പ്രായോഗികരൂപമായ (ജനറേറ്റീവ് എ.ഐ) 'ലീല'യുടെ ഉദ്ഘാടനവും പി. രാജീവ് നിര്‍വഹിച്ചു. വാഹന സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കാനായി പ്രത്യേകം രൂപകല്‍പന ചെയ്ത ആക്സിയയുടെ എ.ഐ. കോപൈലറ്റ് ആണ് ലീല.
ലോകത്തെ മുന്‍നിര വാഹനനിര്‍മാണ കമ്പനികള്‍ അവരുടെ ഉത്പാദനപ്രക്രിയ സുഗമമായി മുന്നോട്ടുനയിക്കുന്നതിന് ആക്സിയ ടെക്നോളജീസിന്റെ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കുന്നുണ്ടെന്ന് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. വാഹന സാങ്കേതികവിദ്യകള്‍ പരമാവധി ലഘൂകരിക്കുക എന്നതാണ് തുടക്കം മുതലേയുള്ള കമ്പനിയുടെ ലക്ഷ്യം.
ഡിജിറ്റല്‍ കോക്ക്പിറ്റുകള്‍, ഡിസ്പ്‌ളേകള്‍, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങള്‍, ടെലിമാറ്റിക്‌സ് എന്നിവയുടെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനും സുരക്ഷയിലും ഗുണമേന്മയിലും പുതിയ ഉയരങ്ങള്‍ കീഴടക്കാനുമാണ് ആക്‌സിയ നിരന്തരം ശ്രമിക്കുന്നത്. വാഹനമോടിക്കുന്നവര്‍ക്കും യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്ന് ജിജിമോന്‍ ചന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Next Story

Videos

Share it