കൊച്ചി ബൈപാസ്: സ്ഥലം ഉടമകള്‍ ആശങ്കയില്‍, നഷ്ടപരിഹാരം ഉറപ്പാക്കണം, സ്ഥലമേറ്റടുക്കലില്‍ വ്യക്തത വേണമെന്നും ആക്ഷൻ കൗൺസിൽ

44 കിലോമീറ്റർ ദൈർഘ്യമുള്ള കുണ്ടന്നൂർ-അങ്കമാലി എൻ.എച്ച് 544 ബൈപാസിന് നടത്തുന്ന സ്ഥലമേറ്റെടുക്കലും അനുബന്ധ കാര്യങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കുണ്ടന്നൂർ-അങ്കമാലി എൻ.എച്ച് ബൈപാസ് ആക്ഷൻ കൗൺസിൽ രംഗത്ത്. പദ്ധതിക്കായി 290 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരം, വീട് നഷ്ടപ്പെടുന്നവര്‍ക്കുളള പുനരധിവാസം തുടങ്ങിയവ 2013 ലെ നിയമം അനുസരിച്ച് കൃത്യമായി നടപ്പാക്കണം.
പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിലുളള വ്യാപാരികൾക്കും വാടകക്കെട്ടിടങ്ങളിൽ കടകള്‍ നടത്തുന്നവര്‍ക്കും മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കണം. 1956 ലെ എൻ.എച്ച് ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ആശങ്ക ഉടലെടുത്തതിനെ തുടര്‍ന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യവുമായി രംഗത്തെത്തിയത്.
ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനും വേണ്ടി 2013 ലെ എൽ.എ.ആർ.ആർ നിയമം ഉപയോഗിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശങ്ങൾ അവഗണിക്കരുതെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

നെട്ടൂരില്‍ നിന്ന് ആരംഭിച്ച് കരയാംപറമ്പ് വരെ

ഇടപ്പള്ളി-അരൂർ എന്‍.എച്ച് 66 ബൈപാസിലെ നെട്ടൂരിൽ നിന്ന് ആരംഭിച്ച് എന്‍.എച്ച് 544 ലെ അങ്കമാലിക്ക് വടക്ക് കരയാംപറമ്പിൽ അവസാനിക്കുന്ന തരത്തിലാണ് കൊച്ചി ബൈപാസ് എന്ന് പേരിട്ടിരിക്കുന്ന ആറുവരി ഗ്രീൻഫീൽഡ് നാഷണല്‍ ഹൈവേ ദേശിയ പാത അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.
ഭൂമിയുടെ സമീപ കാല മാർക്കറ്റ് നിരക്കിന് അനുസരിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. ഭൂമിയുടെ ന്യായവിലയും വിപണി വിലയും തമ്മിൽ പ്രകടമായ വ്യത്യാസം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ന്യായമായ നഷ്ടപരിഹാരം സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും ആക്ഷന്‍ കൗൺസിൽ ഭാരവാഹികള്‍ പറഞ്ഞു.
പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത ശേഷം ബാക്കിയുള്ള ഭൂമി ഭൂവുടമയ്ക്ക് ഉപയോഗപ്രദമല്ലെന്ന് തെളിഞ്ഞാൽ അതും അധികൃതര്‍ ഏറ്റെടുക്കാന്‍ തയാറാകണം. ബഫർ സോൺ ദൂരങ്ങൾ സംബന്ധിച്ച ഇളവുകളോടെ ബാക്കിയുളള ഭൂമിയിൽ നിർമ്മാണത്തിന് ആവശ്യമെങ്കിൽ അനുമതി നൽകണം.

മറ്റു ആവശ്യങ്ങള്‍

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന് അനുസൃതമായി വേണം പുനരധിവാസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍. നിർദിഷ്ട ദേശീയ പാതയ്ക്ക് വേണ്ടി പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം. ബി.ടി.ആര്‍ ഭൂമിക്കും കൃഷി ചെയ്യുന്ന ഭൂമിക്കും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം. സ്വന്തം വിളകളും മരങ്ങളും വിളവെടുക്കാൻ കർഷകരെ അനുവദിക്കണം.
സ്ഥലം വിട്ടുകൊടുത്തവര്‍ പുനരധിവാസത്തിനായി വാങ്ങിയ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കണം. ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുമ്പ് ഈ ആവശ്യങ്ങൾ അധികൃതര്‍ ഉറപ്പായും പരിഗണിക്കണമെന്നും ആക്ഷന്‍ കൗൺസിൽ ഭാരവാഹികള്‍ പറഞ്ഞു.
ദേശീയ പാത 66 ന്റെ വികസനത്തിനും കൊച്ചി മെട്രോയ്ക്കും ഉപയോഗിച്ച അതേ രീതികൾ പിന്തുടര്‍ന്നു വേണം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ. ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന സമയക്രമം അധികൃതര്‍ വ്യക്തമാക്കണമെന്നും ഭൂവുടമകള്‍ പറഞ്ഞു.
എൻഎച്ച് 66 ലെ അരൂർ-ഇടപ്പള്ളി ഭാഗത്തെ തിരക്കും എന്‍.എച്ച് 544 ലെ ഇടപ്പള്ളി-അങ്കമാലി ഭാഗത്തെ തിരക്കും വലിയ തോതില്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി ബൈപാസ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ഒരു മാസം മുമ്പാണ് കൊച്ചി ബൈപാസിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് പ്രാഥമിക 3(എ) വിജ്ഞാപനം പുറപ്പെടുവിച്ചത്.
Related Articles
Next Story
Videos
Share it