സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ചവരെ കാരണമില്ലാതെ വിളിച്ചു വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവരെ കാരണമില്ലാതെ വിളിച്ചുവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സേവനം ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.സമയബന്ധിതമായ സേവനം ഉറപ്പാക്കാനും, അഴിമതി പൂര്‍ണമായി തടയാനും ലക്ഷ്യമിട്ടാണ് നടപടി.
അപേക്ഷ സ്വീകരിക്കുമ്പോള്‍ ചെക്ക് ലിസ്റ്റ്
ഓരോ അപേക്ഷയും സമര്‍പ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൂര്‍ണമായ അപേക്ഷകളില്‍ സേവനാവകാശ നിയമപ്രകാരമുള്ള പരിഹാരമോ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതിയോ കൈപ്പറ്റ് രസീതിനൊപ്പം അപേക്ഷകന് നല്‍കും. പുതിയ രേഖകള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാല്‍ ആവശ്യപ്പെടാനാവില്ല.
പൊതുജനങ്ങള്‍ക്ക് സേവനം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിലവിലുള്ള 66 ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം ലഭ്യമാക്കേണ്ട സമയ പരിധി, ഓരോ സീറ്റിലും ഫയല്‍ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള സേവന ബോര്‍ഡ്, ഹാജര്‍ ബോര്‍ഡ്, അദാലത്ത് സമിതി, സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീല്‍ അധികാരികള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍, പരാതിപ്പെടാനുള്ള നമ്പര്‍ എന്നിവ കൃത്യതയോടെ പ്രദര്‍ശിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പാക്കാനാവാത്ത പരാതികള്‍, സ്ഥിരം അദാലത്ത് സമിതികള്‍ക്ക് കൈമാറി തുടര്‍നടപടി ഉറപ്പാക്കും. പൊതു ജനങ്ങള്‍ക്ക് തത്സമയം പരാതി നല്‍കുന്നതിനും പ്രശ്‌ന പരിഹാരം തേടുന്നതിനുമായി ഒരു കോള്‍ സെന്ററും വാട്‌സപ്പ് നമ്പറും ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഓണ്‍ലൈനാണെങ്കിലും ഓഫീസില്‍ വരണം
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന ഭൂരിപക്ഷം സേവനങ്ങളും ഓണ്‍ലൈനാക്കിയെങ്കിലും ഇപ്പോഴും അപേക്ഷ നല്‍കുന്നവരെ ഓഫീസിലേക്ക് വിളിച്ചുവരുത്താറുണ്ടെന്ന പരാതി വ്യാപകമാണ്. പലയിടങ്ങളിലും ഇതുമൂലം സേവനങ്ങള്‍ വൈകുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പിന്റെ സേവനാവകാശ നിയമം പുതുക്കിയത്. ഇനി മുതല്‍ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോള്‍ സെന്റര്‍ വഴിയും വാട്‌സ്ആപ്പ് നമ്പര്‍ വഴിയും പരാതി അറിയിക്കാനുള്ള സൗകര്യവുമുണ്ട്.

Related Articles

Next Story

Videos

Share it